ക്രൂഡ്ഓയില്‍ വില കുതിച്ചിട്ടും ഇന്ധന വില വര്‍ധിപ്പിക്കാതെ കമ്പനികള്‍; അതിനൊരു കാരണമുണ്ട്

തിരഞ്ഞെടുപ്പ് കാലത്ത് എണ്ണവില വര്‍ധിപ്പിച്ചാല്‍ അത് പ്രചാരണ വിഷയമായി മാറും. കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് വലിയ തിരിച്ചടിയാകുമത്.
Petrol Nozzle, Indian Rupees
Image : Canva
Published on

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 85 ഡോളറിന് അടുത്തായി. ഹോര്‍മൂസ് കടലിടുക്കിലെ പ്രശ്‌നങ്ങളും ഗള്‍ഫ് മേഖലയിലെ എണ്ണ ഉത്പാദക കേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തുന്നതും വിതരണത്തെ ബാധിച്ചിട്ടുണ്ട്. യുദ്ധം രൂക്ഷമായി തുടര്‍ന്നാല്‍ അധികം വൈകാതെ എണ്ണവില 100 ഡോളര്‍ പിന്നിടും. ഇന്ത്യയെ സംബന്ധിച്ച് ഒട്ടും ശുഭകരമല്ല കാര്യങ്ങള്‍.

ഉപരോധം മറികടന്ന് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ പ്രശ്‌നമില്ലെന്ന് യുഎസ് പറഞ്ഞിട്ടുണ്ട്. റഷ്യന്‍ എണ്ണ കിട്ടിയാല്‍ പോലും ഇന്ത്യയ്ക്ക് പ്രയാസമാണ് കാര്യങ്ങള്‍. കാരണം, മുമ്പത്തെപ്പോലെ കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്ന് എണ്ണ കിട്ടില്ല. ഡിമാന്‍ഡ് കൂടിയത് തന്നെ കാരണം. ക്രൂഡ് ഓയിലില്‍ ഉണ്ടാകുന്ന ഏതൊരു ചലനവും ഇന്ത്യയുടെ ഗ്രാമങ്ങളില്‍ വരെ പ്രതികൂലമായി ബാധിക്കും.

തിരഞ്ഞെടുപ്പ് മുഖ്യം

ക്രൂഡ് വില കുതിച്ചുയര്‍ന്നിട്ടും ഇന്ധനവില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല. അതിനു വ്യക്തമായ കാരണങ്ങളുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കൃത്യമായ നിര്‍ദ്ദേശങ്ങളുള്ളതാണ് വില കൂട്ടുന്നതില്‍ നിന്ന് കമ്പനികളെ വിലക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അടുത്ത മാസം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമെന്നതാണ്. തിരഞ്ഞെടുപ്പ് കാലത്ത് എണ്ണവില വര്‍ധിപ്പിച്ചാല്‍ അത് പ്രചാരണ വിഷയമായി മാറും. കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് വലിയ തിരിച്ചടിയാകുമത്.

നിയമസഭ തിരഞ്ഞെടുപ്പ് വിവിധ ഘട്ടങ്ങളിലായി മെയ് ആദ്യവാരം വരെ നീണ്ടുനില്‍ക്കുമെന്നാണ് വിവരം. അതുവരെ പെട്രോള്‍,ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ കേന്ദ്രം തയാറായേക്കില്ല. തിരഞ്ഞെടുപ്പിന് ശേഷം ക്രൂഡ് വില ഉയര്‍ന്നു നില്‍ക്കുകയാണെങ്കില്‍ എണ്ണവിലയില്‍ അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയേക്കും.

വിലക്കയറ്റത്തിന് വഴിയൊരുക്കും

രാജ്യത്ത് ഇപ്പോള്‍ കാര്യമായ വിലക്കയറ്റമില്ല. അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെ കുടുംബ ബജറ്റ് താളംതെറ്റിക്കാത്ത രീതിയിലാണുള്ളത്. എണ്ണവില വര്‍ധിപ്പിച്ചാല്‍ ഭക്ഷ്യവസ്തുക്കള്‍ മുതല്‍ നിര്‍മാണ സാധനങ്ങളുടെ വരെ വില ഉയരാന്‍ കാരണമാകും. യുദ്ധം പെട്ടെന്ന് ശമിച്ചാല്‍ എണ്ണവില വീണ്ടും 60 ഡോളറുകളിലേക്ക് ചുരുങ്ങുമെന്നാണ് വിലയിരുത്തല്‍. പെട്ടെന്നൊരു വര്‍ധന വരുത്തി പൊതുവിപണിയില്‍ വലിയ കയറ്റത്തിന് വഴിയൊരുക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.

റഷ്യന്‍ എണ്ണ ഉടനെത്തും

റഷ്യയില്‍ നിന്ന് രണ്ട് കപ്പലുകളിലായി 14 ലക്ഷം ബാരല്‍ ക്രൂഡോയില്‍ ഉടന്‍ ഇന്ത്യയില്‍ എത്തും. രണ്ടു കോടി ബാരല്‍ എണ്ണയാണ് ഇന്ത്യ യുദ്ധകാലത്തിനിടയില്‍ വാങ്ങാനൊരുങ്ങുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്കിടെയാണ് റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നത്. ഇന്ത്യയ്ക്ക് ക്രൂഡോയില്‍ നല്‍കുന്നതിന് റഷ്യ നേരത്തെതന്നെ താല്‍പര്യം അറിയിച്ചിരുന്നു.

India holds fuel prices despite rising global crude oil due to upcoming elections, inflation concerns, and expected Russian oil supply

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

ioc petrol pump
മിസൈലുകള്‍ വീഴുന്നത് മിഡില്‍ഈസ്റ്റില്‍, കത്തുന്നത് ഇന്ത്യയുടെ പോക്കറ്റ്! ക്രൂഡ് ഓയില്‍ 100 ഡോളര്‍ കടക്കുമ്പോള്‍ കാത്തിരിക്കുന്നത് വിലക്കയറ്റം?
Russian Crude Barrel, India-Russia Flags
Donald Trump looking serious in the foreground; behind him, Vladimir Putin and Narendra Modi are walking and talking in front of a background filled with oil barrels
```html ```
logo
DhanamOnline
dhanamonline.com