

യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ വഷളാകുന്ന സാഹചര്യം ഇന്ത്യയുടെ ഊര്‍ജ സുരക്ഷയെ വീണ്ടും ആശങ്കയിലാഴ്ത്തുന്നു. ഹോര്‍മുസ് കടലിടുക്കിലെ അനിശ്ചിതത്വം നീണ്ടുനിന്നാല്‍ അസംസ്‌കൃത എണ്ണ, എല്‍പിജി എന്നിവയുടെ ഇറക്കുമതി ചെലവ് കുത്തനെ ഉയരുമെന്നും ഇത് രാജ്യത്തെ ഇന്ധന വിതരണത്തെ ബാധിക്കുമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. വില കൂട്ടാതെ പിടിച്ചുനില്‍ക്കാന്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് സാധിക്കാത്ത സ്ഥിതിവിശേഷമുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മധ്യപൂര്‍വേഷ്യയിലെ യുദ്ധസാഹചര്യം ദീര്‍ഘകാലം തുടര്‍ന്നാല്‍ ഇന്ത്യയുടെ എണ്ണ, പ്രകൃതിവാതക ഇറക്കുമതി ബില്ലിനെ അത് സാരമായി ബാധിക്കുമെന്ന് പ്രമുഖ ഊര്‍ജ സാമ്പത്തിക വിദഗ്ധനായ കിരിത് എസ്. പരേഖ് വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 80 ഡോളര്‍ കടന്നു. കഴിഞ്ഞ വ്യാപാര ദിനത്തില്‍ മാത്രം എണ്ണവില നാലു ശതമാനത്തിനടുത്ത് വര്‍ധിച്ചു.
റഷ്യ ഉള്‍പ്പെടെയുള്ള ഇതര രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ നിലവില്‍ വലിയ തോതില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ എണ്ണ വിതരണത്തില്‍ ഉടനടി വലിയ തടസമുണ്ടായേക്കില്ല. എന്നാല്‍, ഗാര്‍ഹിക-വ്യവസായ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജിയുടെ വലിയൊരു പങ്കും ഇന്ത്യ ഇപ്പോഴും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് വാങ്ങുന്നത്. അതിനാല്‍ ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസം ഏറ്റവും ആദ്യം ബാധിക്കുക ഇന്ത്യയിലെ എല്‍പിജി വിതരണത്തെയായിരിക്കും.
എല്‍പിജി ലഭ്യത കുറയുന്നത് ഗ്ലാസ് നിര്‍മാണം പോലുള്ള ഉത്പാദന പ്രക്രിയകള്‍ തടസമില്ലാതെ നടക്കേണ്ട വ്യവസായങ്ങള്‍ക്ക് വലിയ വെല്ലുവിളിയാകും. എണ്ണ ശുദ്ധീകരണശാലകള്‍ക്ക് മറ്റ് സ്രോതസുകള്‍ കണ്ടെത്താന്‍ സാധിച്ചേക്കും. എന്നാല്‍ നിരന്തരമായി ഇന്ധനം ആവശ്യമായ വലിയ വ്യവസായങ്ങള്‍ക്ക് എല്‍പിജി വിതരണത്തിലുണ്ടാകുന്ന നേരിയ കുറവ് പോലും പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഈ രംഗത്തുള്ളവര്‍ മുന്നറിയിപ്പ് നല്കുന്നു.
രാജ്യത്ത് ഇനിയൊരിക്കല്‍ കൂടി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കേണ്ടി വന്നാല്‍ വിലക്കയറ്റം സര്‍വത്ര മേഖലയെയും ബാധിക്കും. ഇപ്പോള്‍ തന്നെ മണ്‍സൂണ്‍ കുറവിന്റെ പ്രതിസന്ധിയിലാണ് രാജ്യം. ഇന്ധന വില വര്‍ധിപ്പിച്ചാല്‍ ഭക്ഷ്യവസ്തുക്കളുടെ വില ഇനിയും ഉയരും. സാധാരണ, ഇടത്തരം കുടുംബങ്ങളുടെ ജീവിതത്തെ ഇതു ഗുരുതരമായി ബാധിക്കും. അതേസമയം, ഉടനടി എണ്ണവില കൂട്ടാനുള്ള സാധ്യതയും കുറവാണെന്നാണ് സൂചന.
Read DhanamOnline in English
Subscribe to Dhanam Magazine