
രാജ്യത്തെ ഏപ്രില്‍ മാസത്തെ ചില്ലറ പണപ്പെരുപ്പം ( Retail Inflation) 69 മാസത്തെ കുറഞ്ഞ നിരക്കില്‍. ഇതോടെ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വീണ്ടും കുറയ്ക്കാന്‍ സാധ്യത തെളിയുന്നു. പലിശ നിരക്കുകള്‍ കുറക്കാന്‍ ആര്‍.ബി.ഐ പരിഗണിക്കുന്ന വിഷയങ്ങളിലൊന്നാണ് ചില്ലറ പണപ്പെരുപ്പം. മാര്‍ച്ചില്‍ 3.34 ശതമാനമായിരുന്നു ചില്ലറ പണപ്പെരുപ്പം. ഏപ്രിലില്‍ ഇത് 3.16 ശതമാനമായി കുറഞ്ഞു. 2019 ജൂലൈയിലാണ് ഇത്രയും കുറവ് രേഖപ്പെടുത്തിയത്. പച്ചക്കറി, പയറ് വര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ കുറവാണ് പണപ്പെരുപ്പം കുറയാന്‍ പ്രധാന കാരണം.
രാജ്യത്തെ ഗ്രാമീണ മേഖലയിലെ ചില്ലറ പണപ്പെരുപ്പം (Rural inflation) 2.9 ശതമാനവും നഗര മേഖലയിലെ പണപ്പെരുപ്പം (Urban Inflation) 3.4 ശതമാനവുമാണെന്നും ദേശീയ സ്ഥിതിവിവരകണക്ക് ഓഫീസിന്റെ (എന്‍.എസ്.ഒ / ) കണക്കുകള്‍ പറയുന്നു. തുടര്‍ച്ചയായ മൂന്നാമത്തെ മാസമാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യത്തേക്കാള്‍ (4 ശതമാനം) പണപ്പെരുപ്പം കുറഞ്ഞിരിക്കുന്നത്. മാര്‍ച്ചില്‍ ഭക്ഷ്യ വിലക്കയറ്റം (food Inflation) 2.7 ശതമാനമായിരുന്നെങ്കില്‍ മാര്‍ച്ചിലിത് 1.8 ശതമാനമായി. 2021 ഒക്ടോബറിന് ശേഷമുള്ള കുറഞ്ഞ നിരക്ക്. പച്ചക്കറി, പയര് വര്‍ഗങ്ങള്‍ എന്നിവയുടെ വിലക്കയറ്റ തോത് കുറഞ്ഞെങ്കിലും പഴ വര്‍ഗങ്ങള്‍, എണ്ണയുത്പന്നങ്ങള്‍, പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ വിലക്കയറ്റതോത് രണ്ടക്കം കടന്നത് തിരിച്ചടിയാണ്.
പണപ്പെരുപ്പം കുറഞ്ഞതോടെ ജൂണിലെ പണനയ യോഗത്തിലും ആര്‍.ബി.ഐ നിരക്ക് കുറക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇക്കുറി 0.25 ബേസിസ് പോയിന്റ് (ബി.പി.എസ്) നിരക്ക് കുറക്കുമെന്നാണ് പ്രതീക്ഷ. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ പണപ്പെരുപ്പം 3.5 ശതമാനത്തില്‍ നിന്നാല്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ 75 ബേസിസ് പോയിന്റ് കൂടി കുറക്കാനുള്ള സാധ്യതയുമുണ്ട്. അടുത്ത യോഗത്തില്‍ 50 ബേസിസ് പോയിന്റ് കുറക്കാനുള്ള സാധ്യതയും ചിലര്‍ കാണുന്നുണ്ട്.
അതേസമയം, വിലക്കയറ്റത്തില്‍ ഇക്കുറിയും കേരളം തന്നെയാണ് മുന്നില്‍. തുടര്‍ച്ചയായ നാലാം മാസമാണ് കേരളം മുന്നിലെത്തുന്നത്. 5.94 ശതമാനമാണ് കേരളത്തിലെ പണപ്പെരുപ്പം. മാര്‍ച്ചിലിത് 6.59 ശതമാനമായിരുന്നു. കഴിഞ്ഞ മാസത്തേക്കാള്‍ 0.65 ശതമാനം കുറവ് ഏപ്രിലില്‍ രേഖപ്പെടുത്തിയത് ആശ്വാസകരമാണ്. സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം 6.46 ശതമാനവും നഗരങ്ങളിലേത് 4.91 ശതമാനവുമാണ്. കര്‍ണാടകയും (4.26 ശതമാനം), ജമ്മുകാശ്മീരും(4.25 ശതമാനം) ആണ് കേരളത്തിന് തൊട്ടുപിന്നിലുള്ളത്. തെലങ്കാനയിലാണ് പണപ്പെരുപ്പം ഏറ്റവും കുറവ്, 1.26 ശതമാനം. തൊട്ടുപിന്നില്‍ 1.77 ശതമാനവുമായി ഡല്‍ഹിയുമുണ്ട്. രണ്ട് ശതമാനത്തിന് താഴെ പണപ്പെരുപ്പമുള്ള രണ്ട് സ്ഥലങ്ങള്‍ തെലങ്കാനയും ഡല്‍ഹിയുമാണ്.
രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ സംസ്ഥാനമാണ് കേരളം. ഇവിടെ ആവശ്യമായി വരുന്ന ഭൂരിഭാഗം ഉത്പന്നങ്ങളും മറ്റിടങ്ങളില്‍ നിന്നും കൊണ്ടുവരുന്നവയാണ്. ഉയര്‍ന്ന കൂലിയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റവും പണപ്പെരുപ്പം വര്‍ധിപ്പിച്ചു. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പണപ്പെരുപ്പം കൂടാന്‍ കാരണം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റമാണെന്ന് അടുത്തിടെ എസ്.ബി.ഐ നടത്തിയ പഠനത്തിലും പറഞ്ഞിരുന്നു.
India's retail inflation drops to a six-year low of 3.16% in April 2025, while Kerala records the highest state inflation at 5.94%.
Read DhanamOnline in English
Subscribe to Dhanam Magazine