

രാജ്യത്ത് ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള ചില്ലറ വിലക്കയറ്റം ജനുവരിയില്‍ 2.75 ശതമാനമായി ഉയര്‍ന്നു. 2012നെ അടിസ്ഥാനമാക്കിയായിരുന്നു കഴിഞ്ഞ മാസം വരെ വിലക്കയറ്റ തോത് അളന്നിരുന്നത്. ജനുവരി മുതല്‍ അടിസ്ഥാന വര്‍ഷം 2024 ആക്കി മാറ്റി. കൂടുതല്‍ കൃത്യതയോടും യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്നതുമായ രീതിയില്‍ വിലക്കയറ്റം അളക്കാന്‍ അടിസ്ഥാന വര്‍ഷ മാറ്റത്തിലൂടെ സാധിക്കും.
വിലക്കയറ്റം നിര്‍ണയിക്കുന്നതിനുള്ള നിത്യോപയോഗ സാധനങ്ങള്‍ അടക്കമുള്ള ഇനങ്ങള്‍ 299ല്‍ നിന്ന് 358 ആക്കി ഉയര്‍ത്തുകയും ചെയ്തു. ജനുവരിയില്‍ ഭക്ഷ്യ വിലക്കയറ്റം മുന്‍ മാസത്തേക്കാള്‍ 2.13 ശതമാനം ഉയര്‍ന്നു.
കണക്കുപ്രകാരം രാജ്യത്തെ വിലക്കയറ്റ തോത് കഴിഞ്ഞ എട്ടുമാസത്തെ ഉയര്‍ന്ന നിലയിലാണ്. അടിസ്ഥാന വര്‍ഷം മാറിയതിന്റെ പ്രതിഫലനമാണ് ഇതെന്നും കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വലിയ തോതില്‍ വിലക്കയറ്റം വിപണിയില്‍ അനുഭവപ്പെടുന്നില്ലെന്നും വിദഗ്ധര്‍ പറയുന്നു.
ഓണ്‍ലൈന്‍ ഷോപ്പിംഗ്, ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍, ഗ്രാമീണ മേഖലയിലെ വീട്ടുവാടക തുടങ്ങി കാര്യങ്ങള്‍ക്കായുള്ള ചെലവിടലും പുതിയ ഉപഭോക്തൃ വിലസൂചികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പണപ്പെരുപ്പം കണക്കാക്കുന്നതില്‍ ഭക്ഷ്യോത്പന്നങ്ങള്‍ക്കു നല്‍കിവന്നിരുന്ന പ്രാധാന്യത്തിന് മാറ്റം വന്നിട്ടുണ്ട്. ഗോതമ്പ്, അരി എന്നിവ സൗജന്യ നിരക്കില്‍ നല്‍കുമ്പോള്‍ അത് പണപ്പെരുപ്പം കണക്കാക്കുന്നതില്‍ പ്രതിഫലിക്കില്ല.
വിസിആര്‍, ഡിവിഡി പ്ലേയറുകള്‍, ടോര്‍ച്ച് ലൈറ്റ്, ഓഡിയോ കാസറ്റുകള്‍, റേഡിയോ, തയ്യല്‍ മെഷീന്‍ തുടങ്ങിയവയുടെ വിലനിലവാരം പണപ്പെരുപ്പം കണക്കാക്കുന്നതില്‍ ഡിസംബര്‍ വരെ ഉപയോഗിച്ചിരുന്നു. പുതിയ രീതിയില്‍ ഇതെല്ലാം ഒഴിവാക്കിയിട്ടുണ്ട്. പകരം സ്മാര്‍ട്ട്‌ഫോണ്‍, ഒടിടി, ഹോട്ടല്‍ ഭക്ഷണം, ആപ്പ് അടിസ്ഥാനമാക്കിയുള്ള യാത്രാ സംവിധാനങ്ങള്‍, ക്വിക് കൊമേഴ്‌സ്, ഗ്രാമീണ മേഖലയിലെ വീട്ടുവാടക തുടങ്ങി ഒട്ടേറെ പുതിയ മേഖലകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2012നെ അടിസ്ഥാനമാക്കി പണപ്പെരുപ്പം കണക്കാക്കുന്നത് രാജ്യത്തെ പൊതുചിത്രം ലഭിക്കാന്‍ സഹായിക്കില്ലെന്ന തിരിച്ചറിവിലാണ് അടിസ്ഥാന വര്‍ഷം മാറ്റാനും പുതിയ ഘടകങ്ങളെ ഉള്‍പ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine