ചൈന പിന്നിലായി; ജനസംഖ്യയില്‍ ലോകത്ത് ഒന്നാമതെത്തി ഇന്ത്യ

ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന പട്ടം ഇനി ഇന്ത്യയ്ക്ക് സ്വന്തം. ഏറെ വര്‍ഷങ്ങളായി ചൈന വഹിച്ച സ്ഥാനമാണ്‌ വെറും 29 ലക്ഷം പേരുടെ വ്യത്യാസവുമായി ഇന്ത്യ നേടിയതെന്ന് യു.എന്നിന്റെ പോപ്പുലേഷന്‍ ഫണ്ട് (യു.എന്‍.എഫ്.പി.എ) റിപ്പോര്‍ട്ട്-2023 വ്യക്തമാക്കി. 142.86 കോടിപ്പേരാണ് ഇന്ത്യയിലുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ചൈനയിലുള്ളത് 142.57 കോടിപ്പേര്‍. 1950 മുതലാണ് യു.എന്‍ ജനസംഖ്യാ കണക്കുകള്‍ പുറത്തുവിട്ട് തുടങ്ങിയത്. ആദ്യമായാണ് ചൈന രണ്ടാംസ്ഥാനത്താകുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.56 ശതമാനം വര്‍ദ്ധനയാണ് ഇന്ത്യയുടെ ജനസംഖ്യയിലുണ്ടായത്.

യുവാക്കളുടെ ഇന്ത്യ
യുവാക്കളുടെ ബാഹുല്യമാണ് ഇന്ത്യയിലുള്ളതെന്നും ഉപയോക്തൃ കേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയ്ക്ക് ഇത് സാമ്പത്തിക മുന്നേറ്റത്തിന് വലിയ മുതൽക്കൂട്ടാകുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഉയരുന്ന യുവ തൊഴിലാളികളുടെ എണ്ണവും ആഭ്യന്തര ഉപഭോഗത്തിലെ വര്‍ദ്ധനയും വൈദൈശിക വെല്ലുവിളികളെ ചെറുക്കാൻ ഇന്ത്യയ്ക്ക് കരുത്താണെന്ന് യു.എന്‍.എഫ്.പി.എയുടെ ഇന്ത്യാ പ്രതിനിധി ആന്‍ഡ്രിയ വോയ്‌നെറും പറഞ്ഞു.
ഇന്ത്യന്‍ ജനസംഖ്യയില്‍ 25 ശതമാനം പേര്‍ 0-14 വയസിന് ഇടയിലുള്ളവരാണ്. 10-19 വയസിനിടയിലുള്ളവര്‍ 18 ശതമാനം. 10-24 വയസിനിടയിലുള്ളവര്‍ 26 ശതമാനം പേരുണ്ട്. 15നും 64നും മദ്ധ്യേ പ്രായമുള്ളവര്‍ 68 ശതമാനം പേരാണ്. 65നുമേല്‍ പ്രായമുള്ളവര്‍ വെറും 7 ശതമാനം.
അതേസമയം, ചൈനയില്‍ 65 വയസിനുമേല്‍ പ്രായമുള്ളവര്‍ 14 ശതമാനമുണ്ട്. 0-14 വയസിന് ഇടയിലുള്ളത് 17 ശതമാനം പേര്‍. 12 ശതമാനം പേരാണ് 10-19 പ്രായശ്രേണിയിലുള്ളത്. 10-24 പ്രായക്കാര്‍ 18 ശതമാനം. 15നും 64നും മദ്ധ്യേ പ്രായമുള്ളവര്‍ 69 ശതമാനം പേര്‍.
ആയുര്‍ദൈര്‍ഘ്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്നില്‍ ചൈനയാണ്. ചൈനയില്‍ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 82 ആണ്; ഇന്ത്യയില്‍ 74. പുരുഷന്മാരുടേത് ചൈനയില്‍ 76, ഇന്ത്യയില്‍ 71.
കൂടുതല്‍ ന്യൂഡല്‍ഹിയില്‍
ന്യൂഡല്‍ഹിയാണ് ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം. മൂന്ന് കോടിപ്പേര്‍ ന്യൂഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലുമായുണ്ട് (എന്‍.സി.ആര്‍). ഡല്‍ഹി ഒരു രാജ്യമായിരുന്നെങ്കില്‍ ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള 50-ാമത്തെ വലിയ രാജ്യമെന്ന പട്ടം കിട്ടുമായിരുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു. മുംബൈ (രണ്ട് കോടി), കൊല്‍ക്കത്ത (1.5 കോടി), ബംഗളൂരു (1.2 കോടി) എന്നിവയാണ് ന്യൂഡല്‍ഹിക്ക് പിന്നാലെയുള്ളത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it