

കുവൈത്തുമായുള്ള വ്യോമ കരാറില്‍ മാറ്റം വരുത്തി ഇന്ത്യ. ഇനി മുതല്‍ കുവൈത്തിലേക്കും തിരിച്ചുമുള്ള പ്രതിവാര വിമാന സീറ്റുകളുടെ എണ്ണം 18,000 ആയി ഉയരും. മേഖലയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് 18 വര്‍ഷത്തിന് ശേഷമാണ് മാറ്റം. ഇതുസംബന്ധിച്ച കരാറില്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി കുമാര്‍ സിന്‍ഹയും കുവൈത്ത് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് ഷെയ്ഖ് ഹമൗദ് അല്‍ മുബാറക്കും തമ്മില്‍ കഴിഞ്ഞ ദിവസം ഒപ്പിട്ടു.
യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതിനാല്‍ ഇരുഭാഗത്തേക്കും അനുവദിച്ച സീറ്റ് ക്വാട്ട തികയാത്ത അവസ്ഥയാണ് നിലവിലുള്ളത്. മലയാളികള്‍ അടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കും ഇതോടെ ഉയര്‍ന്നു. തുടര്‍ന്ന് സീറ്റ് ക്വാട്ട വര്‍ധിപ്പിക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നു. കഴിഞ്ഞ ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് സന്ദര്‍ശിച്ചപ്പോഴും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. തുടര്‍ന്നാണ് സീറ്റ് ക്വാട്ട വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. പകരം കുവൈത്തിലെ വിമാനത്താവളങ്ങളില്‍ ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികളുടെ വിമാനങ്ങള്‍ക്ക് ലാന്‍ഡിംഗിനും പാര്‍ക്കിംഗിനും പ്രാമുഖ്യം ലഭിക്കും.
എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയര്‍ലൈന്‍സ്, ഇന്‍ഡിഗോ എയര്‍ലൈന്‍സ്, ജസീറ എയര്‍വേയ്‌സ്, കുവൈത്ത് എയര്‍വേയ്‌സ് തുടങ്ങിയ കമ്പനികള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രതിദിനം 40 സര്‍വീസുകളാണ് നിലവില്‍ ഓപ്പറേറ്റ് ചെയ്യുന്നത്. പ്രതിവാരം 54 സര്‍വീസുകള്‍ നടത്തുന്ന കുവൈത്ത് എയര്‍വേയ്‌സും 36 സര്‍വീസുകളുള്ള ഇന്‍ഡിഗോയുമാണ് കൂട്ടത്തിലെ വമ്പന്മാര്‍. എന്നാല്‍ നിലവില്‍ പ്രതിവാരം 12,000 സീറ്റുകളില്‍ വീതം സര്‍വീസ് നടത്താനാണ് ഇരു രാജ്യങ്ങളിലെയും വിമാന കമ്പനികള്‍ക്ക് അനുമതിയുള്ളത്. 18 വര്‍ഷം മുമ്പാണ് 8,320ല്‍ നിന്നും 12,000ലേക്ക് വര്‍ധിപ്പിച്ചത്.
സീറ്റ് ക്വാട്ട വര്‍ധിപ്പിച്ചതോടെ മേഖലയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ക്ക് അനുമതി ലഭിക്കുമെന്നും അതുവഴി ടിക്കറ്റ് നിരക്ക് കുറയുമെന്നുമാണ് പ്രതീക്ഷ. ഏതാണ്ട് 10 ലക്ഷത്തോളം ഇന്ത്യക്കാര്‍ കുവൈത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ 2023ലെ കണക്കുകള്‍ പറയുന്നത്. ഇതില്‍ 80 ശതമാനവും മലയാളികള്‍ ആണെന്നും കണക്കുകള്‍ പറയുന്നു. ഇപ്പോഴത്തെ മാറ്റത്തിന്റെ ഗുണം കൂടുതല്‍ ലഭിക്കുന്നത് മലയാളികള്‍ക്ക് ആണെന്ന് സാരം.
India and Kuwait sign a landmark air treaty, increasing weekly flight capacity to 18,000 seats. The deal aims to enhance travel and business connections.
Read DhanamOnline in English
Subscribe to Dhanam Magazine