
സൈനിക ബലം മെച്ചപ്പെടുത്താന്‍ ഇന്ത്യ ഒരുങ്ങുന്നു. പഹല്‍ഗാം ഭീകരാക്രണത്തിന് മറുപടിയായി ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പാക്കിസ്ഥാൻ വ്യോമസേനയുടെ നിരവധി യുദ്ധവിമാനങ്ങളെ തകർക്കുന്നതില്‍ എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ മികച്ച പങ്കാണ് വഹിച്ചത്. ഇതിനെ തുടര്‍ന്ന് റഷ്യയിൽ നിന്ന് എസ്-400 ന്റെ രണ്ട് സ്ക്വാഡ്രണുകൾ (യൂണിറ്റുകള്‍) കൂടി വാങ്ങുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നതായി പ്രതിരോധ വൃത്തങ്ങൾ എഎൻഐ യോട് പറഞ്ഞു.
അതേസമയം, 2018 ല്‍ ഓർഡർ ചെയ്ത അഞ്ച് എസ്-400 സ്ക്വാഡ്രണുകളിൽ രണ്ട് സ്ക്വാഡ്രണുകൾ കൂടി ഇനിയും ഇന്ത്യക്ക് ലഭിക്കാനുണ്ട്. ലഭിച്ച മൂന്ന് സ്ക്വാഡ്രണുകൾ ഇതിനകം ഇന്ത്യ പ്രവർത്തനക്ഷമമായി വിന്യസിച്ചിട്ടുണ്ട്. നാലാമത്തെ സ്ക്വാഡ്രൺ വിതരണം ചെയ്യുന്നതിന് തൊട്ടുമുമ്പാണ് റഷ്യയും യുക്രെയ്നും തമ്മിലുളള യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. അടുത്ത സാമ്പത്തിക വർഷത്തിൽ ശേഷിക്കുന്ന രണ്ട് സിസ്റ്റങ്ങൾ കൂടി വിതരണം ചെയ്യുമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്.
എസ്-400 നെക്കാൾ കൂടുതൽ ദൂരപരിധി വാഗ്ദാനം ചെയ്യുന്ന റഷ്യയുടെ നൂതനമായ എസ്-500 വ്യോമ പ്രതിരോധ സംവിധാനം സ്വന്തമാക്കാൻ ഇന്ത്യക്ക് താൽപ്പര്യമുളളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പാക്കിസ്ഥാനില്‍ നിന്നാണ് സമീപകാലത്ത് കൂടുതല്‍ സുരക്ഷാ ഭീഷണികള്‍ ഇന്ത്യക്കുണ്ടായത്. അസ്വസ്ഥമായ അയല്‍പക്കമാണ് എസ്-400 ന്റെ കൂടുതൽ സംവിധാനങ്ങൾ വിന്യസിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ പ്രൊജക്റ്റ് കുശ (Project Kusha) എന്ന കോഡ് നാമത്തിലുളള തദ്ദേശീയമായി വികസിപ്പിക്കുന്ന വ്യോമ പ്രതിരോധ സംവിധാനം വിന്യാസിക്കുന്നതിന് സമയം എടുക്കുമെന്നാണ് കണക്കാക്കുന്നത്. സോളാർ ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ലിമിറ്റഡും ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡുമായി സഹകരിച്ചാണ് സംവിധാനം വികസിപ്പിക്കുന്നത്. ഇതും കൂടുതല്‍ എസ്-400 സിസ്റ്റംസ് വിന്യസിക്കാനുളള നീക്കത്തിനുളള പ്രേരണയാണ്.
ചൈനയിലെ ക്വിങ്‌ദാവോയിൽ നടന്ന ഷാങ്ഹായ് കോപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (SCO) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എസ് -400 സിസ്റ്റങ്ങളുടെ വിതരണം, സുഖോയ്-30 എം.കെ.ഐ യുദ്ധവിമാനങ്ങളുടെ നവീകരണം, നിർണായക സൈനിക ഹാർഡ്‌വെയർ വാങ്ങൽ തുടങ്ങിയ സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ ചർച്ചയായി. ദീർഘകാലമായി നിലനിൽക്കുന്ന ഇന്ത്യ-റഷ്യൻ ബന്ധങ്ങളെക്കുറിച്ച് ആൻഡ്രി ബെലോസോവ് എടുത്തു പറഞ്ഞു. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനെതിരെ ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും ബെലോസോവ് പറഞ്ഞു.
നിലവില്‍ അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ ശാന്തമാണെങ്കിലും പാക്കിസ്ഥാന്‍ പക്ഷത്ത് നിന്ന് ഏതെങ്കിലും പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുളളത്.
India to acquire more Russian S-400 missile systems amidst Pakistan tensions, boosting air defense after Operation Sindoor.
Read DhanamOnline in English
Subscribe to Dhanam Magazine