

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താരിഫ് യുദ്ധവുമായി മുന്നോട്ടു പോകുന്നതിനിടെ അനുനയ നീക്കം വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. യു.എസില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വിവിധ കാര്‍ഷികോല്‍പന്നങ്ങളുടെ നികുതി കുറയ്ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കാനഡയും ചൈനയും യൂറോപ്യന്‍ യൂണിയനും ട്രംപിന് അതേ നാണയത്തില്‍ തിരിച്ചടിയുമായി മുന്നോട്ടു പോകുമ്പോള്‍ ഇന്ത്യ കുറച്ചുകൂടി മൃദുസമീപനമാണ് പുലര്‍ത്തുന്നത്. ബദാം, പിസ്ത തുടങ്ങി ഭക്ഷ്യ വസ്തുക്കളുടെ നികുതിയാകും ആദ്യം കുറയ്ക്കുക. 30 ശതമാനം മുതല്‍ 100 ശതമാനം വരെയാണ് ഇത്തരം ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഈടാക്കിയിരുന്നു. ബദാം ഉള്‍പ്പെടെയുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കുറയാന്‍ കേന്ദ്രത്തിന്റെ നീക്കം വഴിയൊരുക്കും.
ദക്ഷിണേഷ്യ, മധ്യേഷ്യ മേഖലകളിലെ അമേരിക്കന്‍ ട്രേഡ് പ്രതിനിധിയായ ബ്രെന്‍ഡന്‍ ലിഞ്ചുമായി കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. കര്‍ഷിക ഉല്‍പന്നങ്ങളുടെയും ബര്‍ബണ്‍ വിസ്‌കിയുടെയും വില കുറയ്ക്കാന്‍ ഈ ചര്‍ച്ചയിലാണ് ധാരണയായത്.
വ്യാപാര ചര്‍ച്ചകള്‍ ശരിയായ ദിശയില്‍ മുന്നോട്ടു പോകുകയാണെന്നും ഇരുരാഷ്ട്രങ്ങള്‍ക്കും ഗുണകരമാകുന്ന ഉടമ്പടി വരുമെന്നും കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ പ്രതികരിച്ചു.
അധികാരമേറ്റ സമയം മുതല്‍ വ്യാപാര യുദ്ധത്തിലാണ് ട്രംപ്. തങ്ങള്‍ക്ക് കൂടുതല്‍ നികുതി ചുമത്തുന്നവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നാണ് ട്രംപിന്റെ ഭീഷണി. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതാണ് അവസാനത്തെ സംഭവം.
ഇന്ത്യയെ വലിയ തോതില്‍ ബാധിക്കില്ലെങ്കിലും വാഹന ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് ട്രംപിന്റെ പുതിയ നീക്കം തിരിച്ചടിയാണ്. ഒരു വാഹനത്തിന്റെ എല്ലാ ഭാഗങ്ങളും ഒരു രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കുന്നതിന് പകരം പല രാജ്യങ്ങളിലായി ഉത്പാദിപ്പിച്ച് ഏതെങ്കിലും ഒരു രാജ്യത്ത് എത്തിച്ച് കൂട്ടിച്ചേര്‍ക്കുന്ന രീതിയാണ് പല പ്രമുഖ വാഹന നിര്‍മ്മാതാക്കളും ഇന്ന് ചെയ്യുന്നത്. ഇന്ത്യന്‍ കമ്പനികള്‍ യു.എസിലേക്ക് വാഹന ഘടകങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാലിത് താരതമ്യേന കുറഞ്ഞ അളവിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine