
ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് നല്‍കിയ പിന്തുണയുടെ പേരില്‍ തുര്‍ക്കിയുമായുള്ള വ്യാപാരബന്ധം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 2.73 ബില്യന്‍ ഡോളറിന്റെ (ഏകദേശം 23,000 കോടി രൂപ) വ്യാപാര മിച്ചമാണ് (Trade Surplus) തുര്‍ക്കിയുമായുള്ളത്. ഇത് നഷ്ടപ്പെടുത്തുന്നത് രാജ്യത്തെ വ്യാപാരികളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ദേശീയ സുരക്ഷയുടെ പേരില്‍ തുര്‍ക്കി കമ്പനികള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ ഉഭയകക്ഷി വ്യാപാരത്തിലേക്ക് വ്യാപിപ്പിക്കില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തുര്‍ക്കിയില്‍ നിന്നുള്ള ആപ്പിളുകളും മാര്‍ബിളും അടക്കമുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് ഒരുകൂട്ടം വ്യാപാരികള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവില്‍ തുര്‍ക്കിയില്‍ നിന്നുള്ള ഇറക്കുമതിയേക്കാള്‍ വളരെ കൂടുതലാണ് അവിടേക്കുള്ള ഇന്ത്യന്‍ ഉത്പന്നങ്ങളുടെ കയറ്റുമതി. വ്യാപാര ബന്ധം വിച്ഛേദിക്കുന്നത് വലിയ സന്ദേശം നല്‍കുമെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ കയറ്റുമതി വ്യാപാരികള്‍ക്കൊപ്പം നില്‍ക്കുമെന്ന സൂചനയാണ് നല്‍കുന്നത്.
ഇലക്ട്രോണിക്‌സ്, എഞ്ചനീയറിംഗ് ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയില്‍ നിന്നും തുര്‍ക്കിയിലേക്ക് കയറ്റുമതി ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് ഗണ്യമായി വര്‍ധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലേക്ക് പഴവര്‍ഗങ്ങള്‍, നട്‌സ്, മാര്‍ബിള്‍ പോലുള്ള ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. റഷ്യ-യുക്രെയിന്‍ യുദ്ധം ആരംഭിച്ചതോടെ ഇന്ത്യയുമായി പെട്രോളിയം ഉത്പന്നങ്ങളുടെ വ്യാപാരവും തുര്‍ക്കി ആരംഭിച്ചു.
തുര്‍ക്കിയിലേക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2024-25) 5.72 ബില്യന്‍ ഡോളര്‍ (ഏകദേശം 48,900 കോടി രൂപ) മൂല്യമുള്ള ഉത്പന്നങ്ങളാണ് ഇന്ത്യ കയറ്റി അയച്ചത്. ഇതില്‍ അമ്പത് ശതമാനത്തോളം (ഏകദേശം 3 ബില്യന്‍ ഡോളറിന്റെ) എഞ്ചിനീയറിംഗ് ഉത്പന്നങ്ങളായിരുന്നു. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളായിരുന്നു (എം.എസ്.എം.ഇ) ഇവയില്‍ 40 ശതമാനം ഉത്പന്നങ്ങളും നിര്‍മിച്ചതെന്നും ശ്രദ്ധേയം. നേരെമറിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.99 ബില്യന്‍ ഡോളറിന്റെ (ഏകദേശം 25,000 കോടി രൂപ) ഉത്പന്നങ്ങളാണ് തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിയത്. 107 മില്യന്‍ ഡോളറിന്റെ പഴവര്‍ഗങ്ങളും 270 മില്യന്‍ ഡോളറിന്റെ സ്വര്‍ണവും തുര്‍ക്കിയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നു.
26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുണ്ടായ ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന് പരസ്യ പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കി ആവശ്യമായ ആയുധങ്ങളും നല്‍കിയിരുന്നു. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പാക് സേന നടത്തിയ ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ചത് തുര്‍ക്കി നിര്‍മിത ആളില്ലാ വിമാനങ്ങളായിരുന്നു. ഇതിന് പിന്നാലെ തുര്‍ക്കിക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്തുണ്ടായത്. തുര്‍ക്കിയിലേക്കുള്ള യാത്രകള്‍ റദ്ദാക്കിയ ആളുകള്‍ മുന്‍കൂട്ടി നിശ്ചയിച്ച ട്രിപ്പുകളും ക്യാന്‍സല്‍ ചെയ്തു. തുര്‍ക്കി നിര്‍മിത ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന ആവശ്യവും രാജ്യത്തുയര്‍ന്നു. തുര്‍ക്കി ബന്ധമുള്ള ചെലെബി എയര്‍പോര്‍ട്ട് സര്‍വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നിലപാടിലേക്ക് കടക്കുമെന്നായിരുന്നു സൂചനകള്‍.
India, prioritising export gains, is unlikely to impose curbs on trade with Turkey despite growing geopolitical tensions and domestic calls for action.
Read DhanamOnline in English
Subscribe to Dhanam Magazine