അമേരിക്ക വഴങ്ങുന്നില്ല; വ്യാപാര ചര്‍ച്ചയില്‍ ഇന്ത്യ വിട്ടുവീഴ്ചക്ക്; കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതി അനുവദിച്ചേക്കും; കര്‍ഷകര്‍ വെട്ടിലാകും

ഉല്‍പ്പാദനം കൂടുതലുള്ള വിളകള്‍ ഇറക്കുമതി ചെയ്യുന്നതോടെ ഇന്ത്യന്‍ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കിട്ടാതാകുമെന്നതാണ് പ്രധാന ആശങ്ക
Farm products
Farm productsImage : Canva
Published on

കാര്‍ഷിക മേഖലയില്‍ അമേരിക്കന്‍ ഇറക്കുമതി വേണ്ടെന്ന നിലപാടില്‍ നിന്ന് ഇന്ത്യക്ക് പിന്നോട്ടു പോകേണ്ടി വരും. വ്യാപാര നികുതി സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍, ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് അമേരിക്ക വഴങ്ങുന്നില്ലെന്നാണ് സൂചന. ഇതോടെ ജനിതക മാറ്റം വരുത്തിയ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കാന്‍ നിര്‍ബന്ധിതമാകും. ജൂലൈ ഒമ്പതിന് മുമ്പ് നികുതിയില്‍ ധാരണ എത്തണമെങ്കില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ഇന്ത്യക്ക് വിട്ടുവീഴ്ച വേണ്ടി വരും. ഇന്ത്യന്‍ കര്‍ഷകരില്‍ നിന്ന് എതിര്‍പ്പിനുള്ള സാധ്യതയും സര്‍ക്കാര്‍ മുന്നില്‍ കാണുന്നുണ്ട്.

ചോളവും സോയാബീനും

ജനിതക മാറ്റം വരുത്തിയ ചോളം, സോയാബീന്‍ എന്നിവയുട ഇറക്കുമതി അനുവദിക്കാനാകില്ലെന്ന കടുത്ത നിലപാടില്‍ നിന്ന് ഇന്ത്യ പുറകോട്ട് പോകുകയാണെന്നാണ് ബ്ലൂംബര്‍ഗ് ചൂണ്ടിക്കാട്ടുന്നത്. കാലിത്തീറ്റയില്‍ ഉപയോഗിക്കുന്ന ധാന്യങ്ങളുടെ ഇറക്കുമതിയും അനുവദിക്കണമെന്ന ആവശ്യത്തില്‍ അമേരിക്ക ഉറച്ചു നില്‍ക്കുകയാണ്. അമേരിക്ക ഇന്ത്യക്ക് മേല്‍ ചുമത്തിയ 26 ശതമാനം അധിക നികുതി പിന്‍വലിക്കണമെങ്കില്‍ ഈ ആവശ്യങ്ങള്‍ ഇന്ത്യ അംഗീകരിക്കേണ്ടി വരും. അതേസമയം, ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇരുരാജ്യങ്ങളും പുറത്തു വിട്ടിട്ടില്ല. ചര്‍ച്ചകള്‍ തുടരുകയാണ്. അമേരിക്കയുടെ അധിക നികുതി അംഗീകരിക്കാന്‍ വിയറ്റ്‌നാം തയ്യാറായത് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ വിലപേശല്‍ ശേഷി കുറച്ചിട്ടുണ്ട്.

കര്‍ഷകര്‍ക്ക് തിരിച്ചടിയാകും

വിളവ് കൂടുതല്‍ ലഭിക്കുന്ന ജനിതക മാറ്റം വരുത്തിയ ഭക്ഷ്യവിളകള്‍ ഇന്ത്യയില്‍ എത്തുന്നത് ഇന്ത്യന്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. ഇന്ത്യയില്‍ ജനിതക മാറ്റം വരുത്തിയ വിളകള്‍ കൃഷി ചെയ്യാന്‍ അനുമതി ഇല്ല. നേരത്തെ കടുക്, വഴുതിന എന്നിവയുടെ കൃഷി വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുകയും നിരോധിക്കുകയും ചെയ്തിരുന്നു. ഉല്‍പ്പാദനം കൂടുതല്‍ ലഭിക്കുന്ന വിളകള്‍ ഇറക്കുമതി ചെയ്യുന്നതോടെ ഇന്ത്യന്‍ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിലകിട്ടാതാകുമെന്നതാണ് പ്രധാന ആശങ്ക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com