

കയറ്റുമതി രംഗത്തും ആഭ്യന്തര സുരക്ഷയുടെ കാര്യത്തിലും രാജ്യം വലിയ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. പാക്കിസ്ഥാനും ചൈനയും മാത്രം ഭീഷണിയായിരുന്ന കാലഘട്ടം മാറിയിരിക്കുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള ഭീഷണികളും അതിര്‍ത്തിയെ സംഘര്‍ഷഭരിതമാക്കുകയാണ്. ഈയവസ്ഥയില്‍ പ്രതിരോധ ബജറ്റില്‍ ഇത്തവണ വലിയ കുതിപ്പുണ്ടാകുമെന്നാണ് വിപണിയുടെ പ്രതീക്ഷ.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം ഓരോ വര്‍ഷവും ക്രമാനുഗതമായി വര്‍ധിപ്പിക്കുന്നതാണ് രീതി. 2014ല്‍ തൊട്ടുമുന്‍പുള്ള യുപിഎ സര്‍ക്കാരിനേക്കാള്‍ ബജറ്റ് വിഹിതം 12.43 ശതമാനം വര്‍ധിപ്പിച്ചു. 2.29 ലക്ഷം കോടി രൂപയായിരുന്നു ആ വര്‍ഷത്തെ പ്രതിരോധ വിഹിതം. ഇതില്‍ 94,588 കോടി രൂപയും സേനകളെ ആധുനീകവല്‍ക്കരിക്കാനുള്ള മൂലധനമായിരുന്നു.
2015-16 സാമ്പത്തികവര്‍ഷം പ്രതിരോധവിഹിതം 2.46 ലക്ഷം കോടിയായി. വര്‍ധന 7.7 ശതമാനം. തൊട്ടടുത്ത വര്‍ഷം വര്‍ധന വെറും 5 ശതമാനത്തിലൊതുങ്ങി, 2.49 ലക്ഷം കോടി. 2017-18 സാമ്പത്തികവര്‍ഷം 2.74 ലക്ഷം കോടി രൂപയിലേക്കാണ് വിഹിതം ഉയര്‍ന്നത്.
കോവിഡ് കാലത്തും പ്രതിരോധ മേഖലയ്ക്ക് മാറ്റിവച്ച വിഹിതത്തില്‍ വെട്ടിക്കുറയ്ക്കല്‍ വരുത്താന്‍ സര്‍ക്കാര്‍ തയാറായില്ല. 2022-23 വര്‍ഷം വിഹിതം ആദ്യമായി 5 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ന്നു, ആകെ തുക 5.25 ലക്ഷം കോടി രൂപ. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 6.81 ലക്ഷം കോടി രൂപയായിരുന്നു.
സേനകളെ ആധുനീകവല്‍ക്കരിക്കുന്നതിലും ടെക്‌നോളജി കേന്ദ്രീകൃതമായി സൈന്യത്തെ ഒരുക്കുന്നതിലും ഓരോ ബജറ്റിലും കൃത്യമായ വിഹിതമുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്.
ഇത്തവണത്തെ ബജറ്റില്‍ 20 ശതമാനം വര്‍ധനയാണ് പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ധനകാര്യ മന്ത്രാലയം ഇതില്‍ വെട്ടിക്കുറയ്ക്കല്‍ വരുത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഓപ്പറേഷന്‍ സിന്ദൂറും ബംഗ്ലാദേശില്‍ നിന്നുള്ള ഭീഷണിയും ഇത്തവണത്തെ ബജറ്റില്‍ വലിയ വര്‍ധനവിനുള്ള സാധ്യത തുറന്നുവയ്ക്കുന്നു. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് അടുത്തിടെ ഒരു ചടങ്ങിനിടെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
20 ശതമാനം വര്‍ധനയെന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ കുറച്ചു കടന്ന കൈയാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ചെറുകിട, ഇടത്തരം മേഖലയ്ക്കു കൂടുതല്‍ വകയിരുത്തല്‍ നടത്തേണ്ടതുണ്ട്.
ഗ്രാമീണമേഖലയില്‍ ഉപഭോഗം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ വകയിരുത്തലുകള്‍ വേണ്ടതുണ്ട്. ടെക്‌സ്റ്റൈല്‍, ജെം മേഖല യുഎസ് തീരുവയാല്‍ വലയുകയാണ്. ഈ മേഖലകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‌കേണ്ടതുണ്ട്. ഇത്തരമൊരു അവസ്ഥയില്‍ പ്രതിരോധ ബജറ്റില്‍ വലിയ വര്‍ധനയ്ക്ക് സാധ്യതയില്ലെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine