അദാനിക്കും ജി.എം.ആറിനും ഇനി സ്വന്തം എയര്‍ലൈന്‍ തുടങ്ങാം? വിമാനക്കമ്പനികളുടെ 'കുത്തക' തകര്‍ക്കാന്‍ കേന്ദ്ര നയം മാറിയേക്കും

അദാനി ഗ്രൂപ്പും ജിഎംആര്‍ എയര്‍പോര്‍ട്ട്‌സും സ്വന്തം എയര്‍ലൈന്‍ കമ്പനികളുമായി രംഗത്തെത്താന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു
Airline offer
Airline offerImage: Canva
Published on

ആഭ്യന്തര വിമാന സര്‍വീസുകളില്‍ കൂടുതല്‍ മത്സരം ഉറപ്പുവരുത്തുന്നതിനായി നിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിലവില്‍ വിമാനത്താവള നടത്തിപ്പ് അവകാശമുള്ള സ്ഥാപനങ്ങള്‍ക്ക് എയര്‍ലൈന്‍ കമ്പനികളില്‍ 10 ശതമാനത്തില്‍ കൂടുതല്‍ ഓഹരിപങ്കാളിത്തം അനുവദിക്കില്ല. ഈ നിയമം മാറ്റാനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഒരുങ്ങുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അദാനി ഗ്രൂപ്പും ജിഎംആര്‍ എയര്‍പോര്‍ട്ട്‌സും സ്വന്തം എയര്‍ലൈന്‍ കമ്പനികളുമായി രംഗത്തെത്താന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വ്യോമയാന നയം പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്. ഡല്‍ഹി വിമാനത്താവളം നിലവില്‍ ജിഎംആര്‍ എയര്‍പോര്‍ട്‌സിനാണ് നടത്തിപ്പ് ചുമതല. മുംബൈ, തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളുടെ പരിപാലന ചുമതല അദാനി ഗ്രൂപ്പിനുമാണ്.

ഇന്ത്യന്‍ ആഭ്യന്തര വ്യോമയാന മേഖലയില്‍ ഇന്‍ഡിഗോയുടെയും എയര്‍ ഇന്ത്യയുടെയും ആധിപത്യമാണ് നിലവില്‍. വിമാന നിരക്കുകള്‍ ഉയര്‍ന്നു നില്‍ക്കാന്‍ മറ്റ് കമ്പനികളില്ലാത്തത് കാരണമാകുന്നു. ജെറ്റ് എയര്‍വേസ്, ഗോ ഫസ്റ്റ് എന്നീ കമ്പനികളുടെ തകര്‍ച്ചയ്ക്കും വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ എന്നിവയുടെ എയര്‍ ഇന്ത്യയുമായുള്ള ലയനത്തിനും ശേഷം രാജ്യത്തെ വിമാന സര്‍വീസുകളുടെ 90 ശതമാനത്തോളം ശേഷിയുംഈ രണ്ട് പ്രമുഖ കമ്പനികളുടെ കൈകളിലാണ്.

മേഖലയില്‍ മത്സരം കുറയുന്നത് യാത്രക്കാരെയും വ്യോമയാന വിപണിയെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. 60 ശതമാനത്തിലേറെ വിപണി വിഹിതമുള്ള ഇന്‍ഡിഗോയില്‍ കഴിഞ്ഞ ഡിസംബറില്‍ പൈലറ്റുമാരുടെ ക്ഷാമം മൂലമുണ്ടായ കൂട്ട റദ്ദാക്കലുകള്‍ വന്‍ യാത്രാ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. അന്ന് ബദല്‍ വിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ യാത്രക്കാരെ എത്തിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ വരെ ഓടിക്കേണ്ടി വന്നിരുന്നു. ഇതാണ് കൂടുതല്‍ കളിക്കാരെ വിപണിയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.

2047ഓടെ 350 വിമാനത്താവളങ്ങള്‍

2047-ഓടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 350 ആയി ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2044 ആകുമ്പോഴേക്കും ഇന്ത്യയിലെ വിമാനയാത്രക്കാരുടെ എണ്ണം 42.5 കോടി കൂടി വര്‍ധിച്ച് 2024-ലെ നിലവാരത്തില്‍ നിന്ന് മടങ്ങിയാകുമെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പ്രവചിക്കുന്നു.

വര്‍ധിച്ചുവരുന്ന ഈ യാത്രാ ആവശ്യകത നിറവേറ്റണമെങ്കില്‍ വ്യോമയാന രംഗത്ത് ശക്തമായ മത്സരവും കൂടുതല്‍ കമ്പനികളും അനിവാര്യമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com