

ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണിക്കിടെ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് തുടക്കം. ഇന്ത്യന്‍ വേരുകളുള്ള ഭാര്യ ഉഷ വാന്‍സും നിരവധി യു.എസ് ഉദ്യോഗസ്ഥരും 4 ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന സംഘം താജ്മഹലും വിവിധ ക്ഷേത്രങ്ങളും സന്ദര്‍ശിക്കും. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി വ്യാപാര തര്‍ക്കങ്ങള്‍ മുറുകിയ സാഹചര്യത്തില്‍ വാന്‍സിന്റെ സന്ദര്‍ശനം നിര്‍ണായകമാണ്. ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ മോദിയും വാന്‍സും ധാരണയിലെത്തിയേക്കുമെന്നാണ് സൂചനകള്‍.
യു.എസുമായുള്ള 40 ബില്യന്‍ ഡോളറിന്റെ വ്യാപാര വിടവ് ( Trade Surplus) നികത്താനുള്ള ശ്രമങ്ങളും കേന്ദ്രസര്‍ക്കാര്‍ വേഗത്തിലാക്കിയിട്ടുണ്ട്. യു.എസില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി വര്‍ധിപ്പിക്കുന്ന സാഹചര്യം പരിശോധിക്കാന്‍ ബന്ധപ്പെട്ട കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2024-25) 131.81 ബില്യന്‍ ഡോളറിന്റെ വ്യാപാര ഇടപാടുകളാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടന്നതെന്നാണ് കണക്ക്. യു.എസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.59 ശതമാനം വളര്‍ച്ചയോടെ 86.51 ബില്യന്‍ ഡോളറിലെത്തി.
എന്നാല്‍ ഇന്ത്യയിലേക്കുള്ള യു.എസ് ഇറക്കുമതി തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.44 ശതമാനം കുറഞ്ഞ് 45.33 ബില്യന്‍ ഡോളറായി. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ട്രേഡ് സര്‍പ്ലസ് 41.18 ബില്യന്‍ ഡോളറായി (ഏകദേശം 3.4 ലക്ഷം കോടി രൂപ) വര്‍ധിച്ചു. ഇന്ത്യക്ക് മേല്‍ തത്തുല്യ തീരുവ ചുമത്താനുള്ള കാരണങ്ങളിലൊന്നായി ട്രംപ് ചൂണ്ടിക്കാട്ടിയ കാരണങ്ങളില്‍ പ്രധാനപ്പെട്ടതും ഇതായിരുന്നു. ഇക്കാര്യത്തില്‍ പരിഹാരം കാണാന്‍ ട്രംപ് അനുവദിച്ച 90 ദിവസത്തെ സാവകാശം ജൂലൈ 9ന് അവസാനിക്കും. അതിന് മുമ്പ് ഉഭയകക്ഷി വ്യാപാര കരാറിലെത്താനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതമായി നടത്തുന്നത്. ട്രംപ് ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന നിലപാടിലാണ് നരേന്ദ്ര മോദി സര്‍ക്കാരെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വേള്‍ഡ് ബാങ്ക്-അന്താരാഷ്ട്ര നാണയ നിധി യോഗങ്ങളിലും ജി20 ധനമന്ത്രിമാരുടെ സമ്മേളനത്തിലും പങ്കെടുക്കാന്‍ അടുത്ത ആഴ്ച ധനമന്ത്രി നിര്‍മലാ സീതാരാമനും യു.എസ് സന്ദര്‍ശിക്കുന്നുണ്ട്. യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റുമായി മന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഉഭയകക്ഷി വ്യാപാര കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ തുടരുന്നു. ഇതിന് പുറമെ ഏപ്രില്‍ 23ന് താരിഫ് വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയും നിശ്ചയിച്ചിട്ടുണ്ട്. കൊമേഴ്‌സ് സെക്രട്ടറി രാജേഷ് അഗര്‍വാള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ പങ്കെടുക്കും.
ക്രൂഡ് ഓയില്‍, എല്‍.എന്‍.ജി, പ്ലാസ്റ്റിക്, സ്വര്‍ണം തുടങ്ങിയ ഉത്പന്നങ്ങളുടെ ഇറക്കുമതി വര്‍ധിപ്പിക്കാനുള്ള പദ്ധതികളാണ് ഇന്ത്യ ആലോചിക്കുന്നത്. ഇറക്കുമതിയില്‍ യു.എസിന്റെ പുതിയ നയങ്ങള്‍ പോളിമെര്‍, ജെംസ്, ജുവലറി മേഖലയില്‍ ഇന്ത്യക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. പ്രധാനമായും യു.എസില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍, സ്വര്‍ണം, പ്ലാസ്റ്റിക്, വിമാനങ്ങള്‍, ഇലക്ട്രിക്കല്‍ കംപോണന്റ് എന്നിവ ഇറക്കുമതി ചെയ്യുമ്പോള്‍ മരുന്നുകള്‍, ഇലക്ട്രിക്കല്‍ മെഷീനറികള്‍, വസ്ത്രങ്ങള്‍, ഇരുമ്പിന്റെയും സ്റ്റീലിന്റെയും അനുബന്ധ ഉത്പന്നങ്ങള്‍ എന്നിവയാണ് ഇന്ത്യ കയറ്റുമതി നടത്തുന്നത്. യു.എസ് ഉത്പന്നങ്ങള്‍ കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ക്ക് ഇന്‍സെന്റീവ് നല്‍കാനും കേന്ദ്രത്തിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2030 എത്തുമ്പോള്‍ 500 ബില്യന്‍ ഡോളറിന്റെ വ്യാപാര ബന്ധം സ്ഥാപിക്കാനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നത്.
അതേസമയം, ഓട്ടോ കംപോണന്റ്, വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയ ചില മേഖലകളില്‍ ഇരുരാജ്യങ്ങളും പരസ്പരം തീരുവ ഒഴിവാക്കാനും സാധ്യതയുണ്ടെന്നാണ് വിവരം. എന്നാല്‍ തീരുവ ഒഴിവാക്കണമെന്ന് യു.എസ് ആവശ്യപ്പെടുന്ന ഓട്ടോമൊബൈല്‍, മോട്ടോര്‍ സൈക്കിള്‍, മദ്യം, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവ ഇക്കൂട്ടത്തിലില്ല. ഇവക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും തീരുവ ഒഴിവാക്കരുതെന്നുമാണ് വ്യവസായ ലോകത്തിന്റെ ആവശ്യം. ഇന്ത്യയുടെയും അമേരിക്കയുടെയും സാമ്പത്തിക നിലവാരം തുല്യമല്ലെന്നും തീരുവ പൂര്‍ണമായും ഒഴിവാക്കുന്നത് അപകടമാണെന്നുമാണ് വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine