

റഷ്യന്‍ എണ്ണ വാങ്ങലുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിന് ഇന്ത്യ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. റഷ്യയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചാല്‍ ഇന്ത്യയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവ കുറയ്ക്കാമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വാഗ്ദാനം. വരും മാസങ്ങളില്‍ ഇന്ത്യയുടെ എണ്ണ വാങ്ങലില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
റഷ്യന്‍ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്ന ഇന്ത്യയിലെ സ്വകാര്യ റിഫൈനറി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റേതാണ്. മോസ്‌കോയില്‍ നിന്നുള്ള എണ്ണ കൊണ്ടുവരവ് പൂര്‍ണമായി കുറയ്ക്കാനോ പകുതിയാക്കാനോ പദ്ധതിയിടുന്നുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് അനുസരിച്ചായിരിക്കും അന്തിമതീരുമാനം എടുക്കുക.
പൊതുമേഖല എണ്ണക്കമ്പനികളും റഷ്യയ്ക്ക് പുറത്ത് മറ്റ് വിപണികളുടെ സാധ്യത തേടി തുടങ്ങിയിട്ടുണ്ട്. മുമ്പ് എണ്ണ വാങ്ങിയിരുന്ന മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കൊപ്പം ആഫ്രിക്കന്‍ രാജ്യങ്ങളും പട്ടികയിലുണ്ട്. കരീബിയന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ദൂരക്കൂടുതലാണ് പ്രശ്‌നം.
റഷ്യയെ ഒഴിവാക്കി മറ്റ് രാജ്യങ്ങളില്‍ നിന്ന് ക്രൂഡ്ഓയില്‍ വാങ്ങാന്‍ ഇന്ത്യ ശ്രമം തുടങ്ങിയെന്ന വാര്‍ത്ത ആഗോള എണ്ണവിലയിലും പ്രതിഫലിച്ചു. ഒറ്റദിവസംകൊണ്ട് എണ്ണവില മൂന്നു ശതമാനത്തോളം ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് മൂന്ന് ഡോളറിന് മുകളില്‍ വര്‍ധിച്ച് 65 ഡോളറായി.
കഴിഞ്ഞ ദിവസങ്ങളില്‍ 60 ഡോളറിന് താഴെയാകുമെന്ന് കരുതിയ മര്‍ബന്‍, ഡബ്ല്യുടിഐ ക്രൂഡ് യഥാക്രമം 68, 61 ഡോളറുകളിലാണ് വ്യാപാരം നടക്കുന്നത്. റഷ്യന്‍ എണ്ണക്കമ്പനികള്‍ക്കുമേല്‍ യുഎസും പാശ്ചാത്യ രാജ്യങ്ങളും പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതും വില കയറുന്നതിലേക്ക് നയിച്ചു.
റഷ്യന്‍ എണ്ണയുടെ വരവാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില 70 ഡോളറിന് മുകളിലേക്ക് പോകാതിരിക്കാന്‍ സഹായിക്കുന്നത്. റഷ്യന്‍ എണ്ണ വാങ്ങാന്‍ ചൈന മാത്രമാകുന്നതോടെ ലഭ്യത കുറയും. സ്വഭാവികമായി വിലയും ഉയരാന്‍ ഇടയുണ്ട്. എണ്ണ ഉത്പാദക രാജ്യങ്ങളെ സംതൃപ്തരാക്കുമെങ്കിലും ഇന്ത്യ പോലെ ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഇത് തിരിച്ചടിയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine