
ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ചൈന പാക്കിസ്ഥാന് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ ചൈനീസ് കമ്പനികളുമായി സഹകരിക്കുന്നതിന് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന വിലയിരുത്തലില്‍ ഇന്ത്യന്‍ കമ്പനികള്‍. പാക്കിസ്ഥാന്റെ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിൽ ചൈന ഉറച്ചുനിൽക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞതായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
എല്ലാ കാലാവസ്ഥയിലും ചൈന പാകിസ്ഥാന്റെ സുഹൃത്തായിരിക്കുമെന്ന് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറുമായി വാങ് യി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞതായും പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. മെയ് 10 ന് വെടിവയ്പ്പും സൈനിക നടപടിയും നിർത്താൻ ഇന്ത്യയും പാക്കിസ്ഥാനും ധാരണയിലെത്തിയതിന് ശേഷമാണ് ഈ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
ഈ അവസരത്തില്‍ ചൈനീസ് കമ്പനികളുമായി സഹകരണത്തില്‍ ഏര്‍പ്പെടുന്നതിന് കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ പ്രതീക്ഷിക്കുന്നതായി ഇക്കമോണിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗൃഹോപകരണ നിർമ്മാതാക്കളായ ഹെയറിന്റെ ഇന്ത്യൻ പ്രവർത്തനത്തിലെ ഓഹരികൾ വിൽക്കാനുള്ള പദ്ധതിക്കും രണ്ട് സംയുക്ത സംരംഭങ്ങള്‍ക്കും ഈ നീക്കം മങ്ങലേല്‍പ്പിക്കുമെന്നാണ് കരുതുന്നത്.
റിലയൻസ് ഇൻഡസ്ട്രീസും ഭാരതി ഗ്രൂപ്പിലെ സുനിൽ മിത്തലിന്റെയും വാർബർഗ് പിൻകസിന്റെയും കൺസോർഷ്യവുമാണ് ചൈനീസ് കമ്പനിയുടെ 25-51 ശതമാനം ഓഹരികൾ 2-2.3 ബില്യൺ ഡോളറിന് വാങ്ങാനായി മുന്‍നിരയിലുളളത്. കംപ്രസർ നിർമ്മാണത്തിനുളള സംയുക്ത സംരംഭത്തിനായി ടാറ്റയുടെ ഉടമസ്ഥതയിലുള്ള വോൾട്ടാസും ഷാങ്ഹായ് ഹൈലി ഗ്രൂപ്പും തമ്മില്‍ നീക്കങ്ങള്‍ സജീവമായിരുന്നു. സ്മാർട്ട്‌ഫോൺ കരാര്‍ നിർമ്മാതാക്കളായ ലോങ്‌ചീറുമായി സംയുക്ത സംരംഭത്തിനും എച്ച്‌കെസി കോർപ്പറേഷനുമായി ഡിസ്‌പ്ലേ മൊഡ്യൂളുകൾ നിർമ്മിക്കുന്നതിനും ഡിക്സൺ ടെക്നോളജീസ് ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
മൈക്രോമാക്‌സിന്റെ ഉടമസ്ഥരായ ഭഗവതി പ്രോഡക്‌ട്‌സ്, പിജി ഇലക്‌ട്രോപ്ലാസ്റ്റ്, ഇപാക്ക് ഡ്യൂറബിൾ തുടങ്ങിയ കമ്പനികളും ഇലക്ട്രോണിക്സ് ഘടകങ്ങൾക്കായുള്ള പി.എല്‍.ഐ സ്കീമിന് കീഴില്‍ ചൈനീസ് കമ്പനികളുമായി സംയുക്ത സംരംഭത്തിനായി നീക്കങ്ങള്‍ നടത്തിയിരുന്നു. ഈ പദ്ധതികള്‍ക്കെല്ലാം പുതിയ സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്.
India may tighten controls on Chinese business collaborations amid growing China-Pakistan ties and regional tensions.
Read DhanamOnline in English
Subscribe to Dhanam Magazine