ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ചരിത്ര വിജയം : സ്റ്റാർ സ്പോർട്സിന് ലോട്ടറി

ആസ്ത്രേലിയൻ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം രചിച്ച വിജയചരിതം പരസ്യമേഖലയ്ക്കും സ്റ്റാർ സ്പോർട്സിനും നേട്ടമാകുന്നു
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ചരിത്ര വിജയം : സ്റ്റാർ സ്പോർട്സിന് ലോട്ടറി
Published on

ഓസ്‌ട്രേലിയൻ മണ്ണിൽ ഐതിഹാസികമായ ടെസ്റ്റ് വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം രാജ്യത്തിൻറെ കായിക ചരിത്രത്തിലെ തന്നെ ഒരു നിർണായകമായ നേട്ടമാണ് കൈവരിച്ചത്.

രാജ്യമെമ്പാടുമുള്ള കായിക പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച വിജയം പരസ്യ രംഗത്തും പുത്തനുണർവ് നൽകിയെന്നാണ് റിപോർട്ടുകൾ.

ഇന്ത്യ ബ്രിസ്‌ബൈനിൽ നേടിയ അവിശ്വസനീയ വിജയം കണികളിലും പരസ്യദാതാക്കളിലും ക്രിക്കറ്റിൽ വീണ്ടും വിശ്വാസമർപ്പിക്കാൻ സഹായകരമായി എന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

ഇതിന്റെ പ്രതിഭലനമെന്നോണം ഇന്ത്യയിൽ ഉടനെ നടക്കുന്ന ഇംഗ്ലണ്ട് ടീമിന്റെ പര്യടനത്തിനുള്ള ടി വി പരസ്യ നിരക്കിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 10 മുതൽ 15 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപോർട്ടുകൾ.

കഴിഞ്ഞ വർഷം ന്യൂസിലാൻഡ് ആയിരുന്നു ഇന്ത്യക്ക് എതിരെ രണ്ടു മാസം നീണ്ടു നിന്ന സീരിസിൽ മത്സരിച്ചത്. ന്യൂസീലൻഡ് ടെസ്റ്റും, ഏകദിന പരമ്പരകളും സ്വന്തമാക്കിയിരുന്നു. എന്നാൽ ഓസ്‌ട്രേലിയയ്ക്ക് എതിരെയുള്ള ഗംഭീര പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ഇംഗ്ലണ്ടിന് എതിരെ ഉജ്ജ്വല പ്രകടനം കാഴ്ച വെക്കുമെന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ.

ടെസ്റ്റുകളും ഏക ദിന മത്സരങ്ങളും ട്വന്റി20 സീരിസും അടങ്ങിയതാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം.

കോവിട്-19 കാരണം ഇന്ത്യയിൽ കഴിഞ്ഞ വർഷത്തിൽ പ്രധാനപ്പെട്ട ടൂർണമെന്റുകൾ ഒന്നും നടന്നിരുന്നില്ല. കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗിലെ മത്സരങ്ങൾ യു എ ഇയിൽ ആയിരുന്നു നടന്നിരുന്നത്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന സീരിസിൽ 28 കായിക ദിവസങ്ങളാണ് ഉള്ളത്. ഇത് മുമ്പ് നടന്ന ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള പരമ്പരയിലെ 15 ദിവസത്തെ അപേക്ഷിച്ചു കൂടുതലാണ്. മൂന്ന് വർഷം മുമ്പ് വെസ്റ്റ് ഇൻഡീസിന് എതിരെ ഇന്ത്യയിൽ നടന്ന പരമ്പരയിലെ ദിവസങ്ങൾ 14 മാത്രമായിരുന്നു. കൂടുതൽ മത്സര ദിവസങ്ങൾ ഉണ്ടാകുമ്പോൾ കൂടുതൽ പരസ്യ വരുമാനം നേടാനുള്ള അവസരം സംപ്രേഷണം ചെയ്യുന്ന ചാനലുകൾക്ക് ഉണ്ടാകും.

സ്റ്റാർ സ്പോർട്സാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയുടെ സംപ്രേക്ഷകർ. കൂടാതെ ജനുവരി- മാർച്ച് മാസങ്ങൾ ആണ് മിക്ക കമ്പനികളും തങ്ങളുടെ പരസ്യ കലണ്ടർ ആയി കണക്കാക്കുന്നത്.

ഓട്ടോമോട്ടീവ്, ഗെയിമിംഗ്, എഡ്ടെക്, ഇൻഷുറൻസ്, ടെലികോം എന്നിവയുൾപ്പെടെ (ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ) ഗണ്യമായ എണ്ണം വിഭാഗങ്ങൾ താൽപര്യം പ്രകടിപ്പിക്കുന്നുവെന്ന് സ്റ്റാർ സ്പോർട്സിന്റെ എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് അനിൽ ജയരാജ് ബിസിനെസ്സ് സ്റ്റാൻഡേർഡിനോട് പറഞ്ഞു. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ടീമിന്റെ പ്രകടനം കണികൾക്കിടയിൽ ഉയർന്ന പ്രതീക്ഷ വളർത്തിയിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.

പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ എന്നിവരുൾപ്പെടെയുള്ള എല്ലാത്തരം പ്രേക്ഷകരും രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പരമ്പര കാണാൻ താല്പര്യം പ്രകടിപ്പിക്കുന്നുവെന്നാണ് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ കണക്കുകൾ കാണിക്കുന്നത്.

ഗെയിമിംഗ്, ഫിൻ‌ടെക്, എഡ്‌ടെക് സ്റ്റാർട്ട്-അപ്പുകൾ ആണ് സ്പോൺസർഷിപ്പിനായി പ്രധാനമായും മത്സരിക്കുന്നവർ എന്ന് മീഡിയ പ്ലാനർമാർ പറയുന്നു. കഴിഞ്ഞ വർഷത്തെ ഐ പി എലിലും കണ്ട കാഴ്ച ഇത് തന്നെയായിരുന്നു. ബൈജൂസിനെയും അൺഅക്കാഡമിയെയും പിന്തള്ളി ഡ്രീം 11 ആയിരുന്നു ഐ‌പി‌എല്ലിന്റെ ടൈറ്റിൽ‌ സ്പോൺസർഷിപ്പ് നേടിയത്.

കൂടാതെ ടെലിവിഷനിൽ ഫോൺ‌പൈ, ആമസോൺ, ബൈജൂസ്‌ എന്നിവരോടൊപ്പം , ഐ‌പി‌എൽ 2020-ൻറെ കോ-പ്രസന്റിംഗ് സ്പോൺസറായി ഡ്രീം 11 എത്തി.

ഇന്ത്യ-ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ട് പിന്നാലെ ഐപിഎൽ കൂടി എത്തുന്നതോടെ സ്റ്റാർ സ്പോർട്സിനു പരസ്യ വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് ഉറപ്പാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com