രാജ്യം വികസിക്കണമെങ്കില്‍ ചുങ്കം കുറക്കണം; നിര്‍ദേശവുമായി നീതി ആയോഗ് മേധാവി

വികസിത രാജ്യമാകണം എന്നാണ് ആഗ്രഹമെങ്കില്‍ അന്താരാഷ്ട്ര സമൂഹത്തോട് തുറന്ന സമീപനം പുലര്‍ത്തണം
Niti Aayog CEO B.V.R. Subrahmanyam
Niti Aayog CEO B.V.R. Subrahmanyamimage credit/ PTI
Published on

ആഗോള തലത്തിലുള്ള വ്യാപാരം ശക്തിപ്പെടുന്നതിനും രാജ്യം വികസിക്കുന്നതിനും ഇന്ത്യ ചുങ്കം കുറക്കേണ്ടതുണ്ടെന്ന് നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്‌മണ്യം. സ്വന്തം വളര്‍ച്ച മുന്നില്‍ കണ്ട് ചുങ്കം കുറക്കാന്‍ ഇന്ത്യ തയ്യാറാകണം. വികസിത രാജ്യമാകണം എന്നാണ് ആഗ്രഹമെങ്കില്‍ അന്താരാഷ്ട്ര സമൂഹത്തോട് തുറന്ന സമീപനം പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓള്‍ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്‍ സ്ഥാപക ദിന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുബ്രഹ്‌മണ്യം.

ചുങ്കം കുറക്കുന്നതിന് ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍, യുകെ തുടങ്ങിയ പ്രധാന രാജ്യങ്ങളുമായുള്ള വാണിജ്യ കരാറുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ആഗോള വിതരണ ശൃംഖലയില്‍ ഭാഗമാകണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തേണ്ടി വരും. രാജ്യത്തിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ട്. അതേസമയം, ഇന്ത്യക്കാര്‍ മറ്റ് രാജ്യങ്ങളിലേക്കും പോകുന്നുണ്ടെന്ന് നാം ഓര്‍ക്കണം. അദ്ദേഹം ചൂണ്ടിക്കാട്ടി.

പിഎല്‍ഐ കൊണ്ട് മാത്രം നേട്ടമുണ്ടാകില്ല

ആഗോള കമ്പനികള്‍ക്ക് വേണ്ടി ചൈന നടപ്പാക്കിയ ചൈന പ്ലസ് വണ്‍ തന്ത്രം ഇന്തോനേഷ്യ, വിയറ്റ്‌നാം, തുര്‍ക്കി തുടങ്ങിയ ഒട്ടേറെ രാജ്യങ്ങള്‍ക്ക് പ്രയോജനമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പിഎല്‍ഐ (production linked incentive) കൊണ്ട് മാത്രം ആഗോള നേട്ടം ലഭിക്കില്ല. അതിന് നിയന്ത്രണങ്ങള്‍ കുറക്കുകയും നൈപുണ്യം വികസിപ്പിക്കുകയും വേണം. ഇന്ത്യയില്‍ വ്യവസായം തുടങ്ങാനുള്ള കടലാസു പണികള്‍ എംഎസ്എംഇകളെ കൊല്ലുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓട്ടോ, കെമിക്കല്‍, ഫുട്‌വെയര്‍, ടെക്‌സ്റ്റൈല്‍ മേഖലകളുടെ ആഗോള വിപണന ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള ചില നിര്‍ദേശങ്ങള്‍ നീതി ആയോഗ് കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കക്ക് സീറോ-ടു-സീറോ നികുതി

അമേരിക്ക ഇപ്പോള്‍ ചുമത്തുന്ന നികുതിയെ മറികടക്കാന്‍ ഇന്ത്യ സീറോ-ടു-സീറോ ചുങ്കമാണ് മുന്നോട്ടു വെക്കേണ്ടതെന്നും സുബ്രഹ്‌മണ്യം പറഞ്ഞു. വാണിജ്യ കരാറുകളില്‍ വിലപേശുന്നതിനേക്കാള്‍ നല്ലത് അതായിരിക്കും. രണ്ട് രാജ്യങ്ങളിലെയും ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കാത്ത തരത്തില്‍ ഉല്‍പ്പന്നങ്ങളെ തെരഞ്ഞെടുത്ത് നികുതി ഒഴിവാക്കാവുന്നതാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങളെ ഇന്ത്യക്ക് ഇതില്‍ നിന്ന് മാറ്റി നിര്‍ത്താം. സമാനമായ സീറോ-ടു-സീറോ തന്ത്രം ജപ്പാന്‍, കൊറിയ, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവരുമായും ബാധകമാക്കണം. സ്റ്റീല്‍ വ്യവസായത്തിലെ നികുതി സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com