പണി പാലുംവെള്ളത്തില്‍ കിട്ടും! ട്രംപിന്റെ പിടിവാശിക്ക് മുന്നില്‍ മുട്ടുമടക്കിയാല്‍ കേരളത്തിലടക്കം തിരിച്ചടി; വഴങ്ങില്ലെന്ന് പീയുഷിന്റെ ഉറപ്പ്

ക്ഷീരമേഖലയുടെ കാര്യത്തില്‍ ഒരിഞ്ചു പോലും പിന്നോട്ടില്ലെന്നാണ് മോദിയുടെ നിലപാട്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ അടിത്തറ തന്നെ തകര്‍ക്കാന്‍ പറ്റിയ ആയുധമാണ് ക്ഷീരമേഖല
പണി പാലുംവെള്ളത്തില്‍ കിട്ടും! ട്രംപിന്റെ പിടിവാശിക്ക് മുന്നില്‍ മുട്ടുമടക്കിയാല്‍ കേരളത്തിലടക്കം തിരിച്ചടി; വഴങ്ങില്ലെന്ന് പീയുഷിന്റെ ഉറപ്പ്
Published on

രാജ്യത്തിന്റെ നട്ടെല്ലാണ് കാര്‍ഷികരംഗം. കോടിക്കണക്കിന് ആളുകളാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നത്. ക്ഷീരമേഖല അടക്കം അനുബന്ധ മേഖലകള്‍ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണ്‍ ആണ്. ഇന്ത്യയുടെ ഗ്രാമീണ മേഖലയെ പിടിച്ചു നിര്‍ത്തുന്ന ഈ സുപ്രധാന രംഗം തങ്ങള്‍ക്ക് തുറന്നു നല്കണമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വാശിപിടിക്കുന്നത്. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അനന്തമായി നീളുന്നതിന് കാരണവും ഇതുതന്നെ.

ഇന്ത്യയുടെ ക്ഷീരമേഖല വിദേശ കമ്പനികള്‍ക്കായി ഒരിക്കലും തുറന്നു കൊടുക്കില്ലെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ കഴിഞ്ഞദിവസം അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.

'കര്‍ഷകരെ സംരംക്ഷിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. പാല്‍, അരി, ഗോതമ്പ്, സോയ തുടങ്ങി കാര്‍ഷിക വിളകള്‍ ഇന്ത്യയിലേക്ക് യഥേഷ്ടം വരാന്‍ അനുവദിച്ചാല്‍ ഞങ്ങളുടെ കര്‍ഷകരുടെ തകര്‍ച്ചയാകും സംഭവിക്കുക. അതുകൊണ്ട് ഒരിക്കലും അത്തരത്തിലൊരു നീക്കം കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടാകില്ല'- ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ പ്രഖ്യാപനത്തിന് പിന്നാലെ പീയുഷ് ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞതാണിത്.

ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ ന്യൂസിലന്‍ഡ് വിദേശകാര്യമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്‌സ് തന്നെ ഇന്നലെ രംഗത്തു വന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ ഫോണില്‍ സംസാരിച്ച ശേഷമാണ് വ്യാപാര കരാറിന്റെ കാര്യത്തില്‍ ധാരണയായതായി ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചത്. ലക്‌സണ്‍ നയിക്കുന്ന കൂട്ടുകക്ഷി സര്‍ക്കാരിന്റെ ഭാഗമാണെങ്കിലും വ്യാപാര കരാറിനെതിരേ വിദേശകാര്യമന്ത്രി രംഗത്തുവന്നത് ശുഭസൂചനയല്ല.

ന്യൂസിലന്‍ഡിന്റെ കയറ്റുമതിയുടെ 26 ശതമാനവും ഡയറി ഉത്പന്നങ്ങളാണ്. പാല്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ യാതൊരു വിധത്തിലുള്ള തീരുവ ഇളവും നല്കാത്തതാണ് വിന്‍സ്റ്റണ്‍ പീറ്റേഴ്‌സിനെ ചൊടിപ്പിച്ചത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ സുനാമി പോലെ തങ്ങളുടെ വിപണിയിലേക്ക് എത്തുകയും തങ്ങള്‍ക്ക് വിദേശനാണ്യം നേടിത്തരുന്ന ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വില്ക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നത് അനീതിയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

എന്തുകൊണ്ട് ക്ഷീരമേഖല?

ന്യൂസിലന്‍ഡ് വിദേശകാര്യമന്ത്രി ഇടഞ്ഞതു പോലെയാണ് യുഎസുമായിട്ടുള്ള വ്യാപാര ചര്‍ച്ചയും. ഇന്ത്യന്‍ ക്ഷീരവിപണി തങ്ങളുടെ കമ്പനികള്‍ക്ക് തുറന്നു കിട്ടണമെന്നാണ് ട്രംപിന്റെ ആവശ്യം. പറ്റില്ലെന്ന് ഇന്ത്യയും പറഞ്ഞു. ക്ഷീരമേഖലയുടെ കാര്യത്തില്‍ ഒരിഞ്ചു പോലും പിന്നോട്ടില്ലെന്നാണ് മോദിയുടെ നിലപാട്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ അടിത്തറ തന്നെ തകര്‍ക്കാന്‍ പറ്റിയ ആയുധമാണ് ക്ഷീരമേഖല.

കോടിക്കണക്കിന് ആളുകള്‍ പണിയെടുക്കുന്ന ക്ഷീരമേഖല തുറന്നു കൊടുത്താല്‍ കേരളത്തിലടക്കം അതിന്റെ പ്രതിഫലനം ഉണ്ടാകും. കുറഞ്ഞ വിലയ്ക്ക് അമേരിക്കയില്‍ നിന്ന് പാലുല്പന്നങ്ങള്‍ എത്തിയാല്‍ രാജ്യത്തെ ക്ഷീരകര്‍ഷകര്‍ തളരും. ഗ്രാമങ്ങളില്‍ തൊഴിലില്ലായ്മ രൂക്ഷമാകും. പശുവളര്‍ത്തല്‍ നടത്തുന്നവര്‍ മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മേഖലകള്‍ കൂടി ഇല്ലാതാകും. രാഷ്ട്രീയമായി കനത്ത തിരിച്ചടിക്കു വഴിയൊരുക്കുമെന്നതിനാല്‍ ഒരു വിട്ടുവീഴ്ച്ചയ്ക്ക് മോദി തയാറാകാത്തതിന് കാരണവും ഇതുതന്നെ.

India resists US and New Zealand pressure to open its dairy sector, affirming strong support for domestic farmers

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com