

എ.സി, റെഫ്രിജറേറ്റര്‍, ടി.വി, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് പുതിയ ലേബലിംഗ് നടപ്പിലാക്കാന്‍ കേന്ദ്രം. ഉപയോക്താക്കള്‍ക്ക് ശരിയായ ഉപകരണങ്ങള്‍ തിരഞ്ഞെടുക്കാനും ഊര്‍ജ്ജ സംരക്ഷണത്തിനുള്ള സ്റ്റാര്‍ റേറ്റിംഗ് സംബന്ധിച്ച് കമ്പനികളുടെ തെറ്റായ അവകാശവാദങ്ങള്‍ ഇല്ലാതാക്കാനുമാണ് നീക്കം. നിര്‍ദ്ദേശം നടപ്പിലായാല്‍ ഉത്പന്നങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ പുറത്ത് രേഖപ്പെടുത്തേണ്ടി വരുമെന്ന് ദി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇലക്ട്രിക്ക് ഉപകരണങ്ങളിലെ നിലവിലെ ലേബലിംഗില്‍ അധികം വിവരങ്ങള്‍ രേഖപ്പെടുത്താറില്ല. ഉള്ളത് തന്നെ ഉപയോക്തൃ സൗഹൃദമല്ലാത്ത രീതിയിലും ഭാഷയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എനര്‍ജി എഫിഷ്യന്‍സിയില്‍ ചില കമ്പനികള്‍ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നും ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നതിന് വേണ്ടി കൂടിയാണ് നീക്കമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.
ഇനി മുതല്‍ ഇലക്ട്രിക്ക് ഉപകരണങ്ങളില്‍ സീരിയല്‍ നമ്പരിനും ക്യൂ.ആര്‍ കോഡിനും പുറമെ മറ്റ് ചില വിവരങ്ങളും ലളിതമായ ഭാഷയില്‍ രേഖപ്പെടുത്തണം. യൂണീക്ക് നമ്പര്‍, ഉപകരണത്തിന്റെ പേര്, ബ്രാന്‍ഡിന്റെ പേര്, മോഡല്‍ നമ്പര്‍, ഊര്‍ജ പ്രവര്‍ത്തന മാനദണ്ഡം, നിര്‍മിച്ച വര്‍ഷം, അംഗീകൃത ശേഷി, സ്റ്റാര്‍ റേറ്റിംഗ്, കാലാവധി, ഏത് രാജ്യത്ത് നിര്‍മിച്ചു, സീരിയല്‍ നമ്പര്‍ എന്നിവയാണ് ഉള്‍പ്പെടുത്തേണ്ടത്. ഉത്പന്നങ്ങളിലും സ്റ്റോറുകളിലും എല്ലാവര്‍ക്കും പെട്ടെന്ന് കാണാവുന്ന രീതിയില്‍ ഇവ പ്രദര്‍ശിപ്പിക്കുകയും വേണം. ഇവ നിരീക്ഷിക്കാന്‍ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയും (അപ്ലൈയന്‍സ് ആന്‍ഡ് ലേബലിംഗ്) നിലവില്‍ വരും.
എയര്‍ കണ്ടീഷണര്‍, റെഫ്രിജറേറ്റര്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ക്ക് പുറമെ ഡീപ്പ് ഫ്രീസറുകള്‍, ചില്ലറുകള്‍, സീലിംഗ് ഫാന്‍, ഗീസറുകള്‍, സോളാര്‍ ഫോട്ടോവോള്‍ട്ടായിക്ക് മൊഡ്യൂളുകള്‍ എന്നിവയിലും പുതിയ ലേബലിംഗ് ചട്ടങ്ങള്‍ ബാധമാകും.
ഊര്‍ജ്ജ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ ഇലക്ട്രിക്ക് ഉപകരണങ്ങള്‍ക്ക് സ്റ്റാര്‍ റേറ്റിംഗ് നല്‍കുന്നത് ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയാണ് (ബി.ഇ.ഇ). ഒന്ന് മുതല്‍ അഞ്ച് വരെ സ്റ്റാറുകളാണ് ഇതിന് അനുവദിക്കുന്നത്. ഫൈവ് സ്റ്റാര്‍ റേറ്റിംഗുള്ള ഉപകരണങ്ങള്‍ കുറഞ്ഞ ഊര്‍ജ്ജം ഉപയോഗിക്കുന്നവ ആണെന്ന് സാരം. രണ്ട് മുതല്‍ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ സ്റ്റാര്‍ റേറ്റിംഗ് അനുവദിക്കുന്ന മാനദണ്ഡങ്ങളിലും മാറ്റം വരുത്തും.
The Indian government to unveil updated energy labels for appliances, featuring energy consumption, brand details, country of origin, and QR codes for transparency.
Read DhanamOnline in English
Subscribe to Dhanam Magazine