പെട്രോളില്‍ ₹8, ഡീസലില്‍ ₹9! ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്ക് പ്രതിദിനം ₹530 കോടി നഷ്ടം, എന്തുകൊണ്ട്?

ഒരു ലിറ്റര്‍ ഡീസല്‍ വില്‍ക്കുമ്പോള്‍ ലിറ്ററിന് ഏകദേശം ഒന്‍പത് രൂപയും പെട്രോളില്‍ എട്ടു രൂപയും ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് ഏകദേശം 300 രൂപയുമാണ് നഷ്ടം
Petrol Nozzle, Indian Rupees
Image : Canva
Published on

മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണവിതരണത്തില്‍ തടസം നേരിട്ടതോടെ ആഗോള തലത്തില്‍ ക്രൂഡ്ഓയില്‍ വില കുതിച്ചുയരുകയാണ്. ബാരലിന് 100 ഡോളര്‍ പിന്നിട്ടതോടെ 88 ശതമാനം ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയും പ്രതിസന്ധിക്ക് നടുവിലാണ്.

വില കുതിച്ചുയരുന്നത് ഇന്ത്യയിലെ പൊതുമേഖല എണ്ണവിതരണ കമ്പനികള്‍ക്കുമേല്‍ കനത്ത സാമ്പത്തിക സമ്മര്‍ദമാണ് സമ്മാനിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നീ മൂന്ന് പൊതുമേഖല എണ്ണ കമ്പനികളുടെ പ്രതിദിന നഷ്ടം 530 കോടി രൂപയാണെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ (ICRA) കണക്കാക്കുന്നു.

ക്രൂഡ് വില 100 കടന്നതോടെ ഒരു ലിറ്റര്‍ ഡീസല്‍ വില്‍ക്കുമ്പോള്‍ ലിറ്ററിന് ഏകദേശം ഒന്‍പത് രൂപയും പെട്രോളില്‍ എട്ടു രൂപയും ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് ഏകദേശം 300 രൂപയുമാണ് നഷ്ടമെന്നാണ് വിലയിരുത്തല്‍.

ക്രൂഡ് കനിഞ്ഞില്ലേല്‍ നഷ്ടം കുമിയും

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാതിയില്‍ ക്രൂഡ് വില ബാരലിന് 105 ഡോളറിന് മുകളില്‍ തുടരുകയും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാതിരിക്കുകയും ചെയ്താല്‍ എണ്ണക്കമ്പനികള്‍ക്ക് 64,000 കോടി രൂപയുടെ നഷ്ടമുണ്ടാകും. എല്‍പിജിയില്‍ നിന്നുള്ള നഷ്ടം കൂട്ടാതെയുള്ള കണക്കാണിത്.

ഗാര്‍ഹിക എല്‍പിജിയുടെ കാര്യത്തില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാണ്. ഈ സാമ്പത്തികവര്‍ഷം മാത്രം എല്‍പിജി വില്‍പനയിലെ നഷ്ടം ഒരുലക്ഷം കോടി കടന്നേക്കുമെന്നാണ് വിലയിരുത്തല്‍. ഗാര്‍ഹിക എല്‍പിജി നിയന്ത്രിത ഇന്ധനമായതിനാല്‍ മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക സഹായം നല്‍കി എണ്ണക്കമ്പനികളുടെ നഷ്ടം ഭാഗികമായി നികത്തിയിട്ടുണ്ട്.

പെട്രോള്‍, ഡീസല്‍ വിലയില്‍ മൂന്ന് മാസമായി മാറ്റമില്ല

അന്താരാഷ്ട്ര വിപണിയില്‍ വില പലകുറി വര്‍ധിച്ചിട്ടും കഴിഞ്ഞ മൂന്ന് മാസത്തിലധികമായി ആഭ്യന്തര വിപണിയിലെ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചിട്ടില്ല. മേയ് മാസത്തില്‍ നാല് ഘട്ടങ്ങളിലായി പെട്രോളിന് ആകെ 7.35 രൂപയും ഡീസലിന് 7.53 രൂപയും ലിറ്ററിന് വര്‍ധിപ്പിച്ചിരുന്നു. ഇതാണ് അവസാനത്തെ വില പരിഷ്‌കരണം.

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മൂന്ന് പൊതുമേഖല എണ്ണക്കമ്പനികളും ചേര്‍ന്ന് 18,000 കോടിയിലധികം നഷ്ടം രേഖപ്പെടുത്തിയിരുന്നു. രാജ്യത്ത് ഉത്തര്‍പ്രദേശ് അടക്കം നിര്‍ണായക നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുകയാണ്. അതുകൊണ്ട് തന്നെ വില വര്‍ധിപ്പിച്ച് ജനരോഷം വരുത്തിവയ്ക്കാന്‍ മോദി സര്‍ക്കാര്‍ തയാറായേക്കില്ല.

റഷ്യന്‍ വിഹിതം കുറയും

ഡിസ്‌കൗണ്ട് നിരക്കില്‍ കിട്ടിയിരുന്ന റഷ്യന്‍ എണ്ണയിലുള്ള ആശ്രിതത്വം ഇന്ത്യ കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. യുഎസിന്റെ 100 ശതമാനം തീരുവ ഭീഷണിയാണ് കാരണം. എണ്ണ വാങ്ങല്‍ കൂടുതല്‍ ചെലവേറിയതാകാന്‍ ഇതുവഴിയൊരുക്കും. ലാറ്റിനമേരിക്കയില്‍ നിന്ന് ഇപ്പോള്‍ ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങുന്നുണ്ട്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ളതിനേക്കാള്‍ കടത്തുകൂലി ഉള്‍പ്പെടെ കൂടുതലാണ് ഇവിടെ നിന്നുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

Stock Market Morning Analysis
Stock Market Morning Analysis
ioc petrol pump
gold price
```html ```
logo
DhanamOnline
dhanamonline.com