
വലിയ യുദ്ധത്തിന് വഴിതുറക്കുമായിരുന്ന ഇന്ത്യ-പാക് സംഘര്‍ഷത്തിന് താല്ക്കാലിക വിരാമമിട്ടെങ്കിലും സമാധാനം ഇനിയുമകലെ. പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ കനത്ത ആക്രമണം നടത്തിയ ഇന്ത്യ കൂടുതല്‍ കടുത്ത നടപടികളിലേക്ക് പോകാന്‍ തയാറെടുത്തിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആക്രമണം നിര്‍ത്തുന്നതിനായി ഇന്ത്യന്‍ സൗഹൃദ രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ പാക്കിസ്ഥാന്‍ അഭ്യര്‍ത്ഥനയുമായെത്തിയതാണ് ഇപ്പോഴത്തെ വെടിനിര്‍ത്തലിന് കാരണം. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന രീതിയില്‍ പുകയുകയാണ് അതിര്‍ത്തി.
രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാനെ തുറന്നുകാട്ടാന്‍ ഇന്ത്യയ്ക്ക് സാധിച്ചുവെന്ന് ഏവരും ഒരേസ്വരത്തില്‍ പറയുന്നു. കൊല്ലപ്പെട്ട തീവ്രവാദികളുടെ ശവസംസ്‌കാര ചടങ്ങില്‍ പാക് സൈനിക നേതൃത്വം എത്തിയതും ഇന്ത്യ കൃത്യമായി ഉപയോഗപ്പെടുത്തി. ചൈനയും തുര്‍ക്കിയും മാത്രമാണ് പാക്കിസ്ഥാന് അനുകൂലമായി സംസാരിച്ചത്.
ചൈന പോലും കാര്യമായി പക്ഷംപിടിച്ച് ഇടപെട്ടില്ലെന്നത് ശ്രദ്ധേയമാണ്. തീരുവ യുദ്ധത്തില്‍ പരിക്കുപറ്റിയതിന്റെ ക്ഷീണത്തേക്കാള്‍ വ്യാപാര, ആയുധ രംഗത്ത് ഇന്ത്യന്‍ ശക്തി വര്‍ധിച്ചതിന്റെ തെളിവായി നയതന്ത്ര വിദഗ്ധര്‍ ഇതിനെ വിലയിരുത്തുന്നു.
ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ ശാന്തി പുലരാന്‍ ധാരണയിലെത്തിയെങ്കിലും ഇത് അധികം നീണ്ടുനില്‍ക്കില്ലെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. പഗല്‍ഗാം തീവ്രവാദിയാക്രമണം തങ്ങളുടെ തന്ത്രപൂര്‍വമായ സമീപനമാണെന്ന് പാക് സൈനിക ഉദ്യോഗസ്ഥന്‍ തന്നെ സമ്മതിച്ചിരുന്നു. വെടിനിര്‍ത്തല്‍ അവസാനിച്ച ശേഷവും തീവ്രവാദത്തെ കൂട്ടുപിടിച്ചുള്ള ഒളിപ്പോര് തുടരുമെന്ന സൂചനയാണ് പാക് സൈന്യം നല്കുന്നത്.
പാക്കിസ്ഥാനിലെ സാമൂഹികാവസ്ഥ പുറംലോകം കരുതുന്നതിലും മോശമാണ്. സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുകയാണ് രാജ്യം. ജനങ്ങളുടെ അസംതൃപ്തിയും പ്രതിഷേധവും ശക്തമാകാതിരിക്കാന്‍ പാക് സര്‍ക്കാരിനും സൈന്യത്തിനും ഇത്തരത്തില്‍ ശ്രദ്ധതിരിക്കല്‍ തന്ത്രങ്ങള്‍ അനിവാര്യമാണ്. ഇനിയൊരു ഭീകരാക്രമണം യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ നിലപാട് ഇതില്‍ നിന്നും വ്യക്തമാണ്.
പാക് സൈന്യം പ്രകോപനം തുടരുമെന്ന് തന്നെയാണ് യുദ്ധ വിദഗ്ധരുടെ കണക്കുകൂട്ടല്‍. പഹല്‍ഗാം പോലെ തീവ്രവാദികളെ കൂട്ടുപിടിച്ചുള്ള ആക്രമണങ്ങള്‍ ഇനിയും ഉണ്ടായേക്കാം. പാക്കിസ്ഥാനുള്ളില്‍ തന്നെ വലിയ പ്രതിസന്ധി രൂപംകൊള്ളുന്നുണ്ട്. അത് ബലൂചിസ്ഥാനിലാണ്. സ്വതന്ത്ര രാജ്യത്തിനായുള്ള പോരാട്ടം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) കടുപ്പിച്ചിട്ടുണ്ട്. രാജ്യത്തിനകത്ത് വലിയൊരു പ്രതിസന്ധി രൂപംകൊള്ളുമ്പോള്‍ പാക് സൈന്യം വീണ്ടും തീവ്രവാദികളെ മറയാക്കി മുന്നോട്ടു പോകുമെന്ന് ഇന്ത്യയും കണക്കുകൂട്ടുന്നത്.
രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിനൊപ്പം സിന്ധു നദീജല കരാറില്‍ നിന്ന് പിന്മാറിയത് ഇന്ത്യ പുനപരിശോധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് പൂര്‍ണമായി തടയാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെങ്കിലും ഇതിനായുള്ള നീക്കങ്ങള്‍ക്ക് ഇന്ത്യ വേഗത കൂട്ടിയിട്ടുണ്ട്.
മുമ്പ് പാക്കിസ്ഥാനിലെ ജനങ്ങളോട് മാനുഷിക പരിഗണന നല്കിയായിരുന്നു ഇന്ത്യ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇനി അത്തരമൊരു മാനുഷിക സമീപനം വേണ്ടെന്ന അഭിപ്രായക്കാരാണ് കേന്ദ്രസര്‍ക്കാരും പ്രതിപക്ഷവും. മാറുന്ന കാലത്ത് തിരിച്ചടിയുടെ രീതികളും മാറ്റുമെന്ന സൂചന തന്നെയാണ് ഇന്ത്യ നല്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine