
സംഘര്‍ഷം ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലായിരുന്നെങ്കിലും ഓപ്പറേഷന്‍ സിന്ദൂറിലേക്ക് നയിച്ച പ്രശ്‌നങ്ങള്‍ പ്രതിസന്ധിയിലാക്കിയത് ചൈനീസ് ഓഹരികളെ. പാക്കിസ്ഥാന് വന്‍തോതില്‍ ആയുധങ്ങള്‍ വിറ്റിരുന്ന ചൈനീസ് കമ്പനികളുടെ ഓഹരികള്‍ക്ക് കഴിഞ്ഞ ഒരു മാസത്തിനിടെ വലിയ നഷ്ടമാണ് നേരിടേണ്ടി വന്നത്. പാക്കിസ്ഥാന്‍ പ്രയോഗിച്ച ആയുധങ്ങള്‍ ഇന്ത്യ നിര്‍വീര്യമാക്കിയതാണ് കാരണം.
ചൈനീസ് നിര്‍മിത ജെ-10 ഫൈറ്റര്‍ ജെറ്റുകളുടെ നിര്‍മാതാക്കളായ എവിക് ചെങ്ദു (AVIC Chengdu) ഓഹരികള്‍ ഒരു മാസത്തിനിടെ ഇടിഞ്ഞത് 18 ശതമാനത്തിന് അടുത്താണ്. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ എവിക് ചെങ്ദു ഓഹരികള്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. എന്നാല്‍ സംഘര്‍ഷം അവസാനിച്ച് കണക്കെടുപ്പ് തീര്‍ന്നത് മുതല്‍ ഓഹരിവില ഇടിഞ്ഞു തുടങ്ങി.
ചൈനീസ് നിര്‍മിത യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയുടെ ആദംപൂര്‍ വ്യോമതാവളം ആക്രമിച്ചെന്ന് പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദംപൂര്‍ വ്യോമതാവളത്തിലെത്തി സൈനികരെ അഭിസംബോധന ചെയ്തതോടെ ഈ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞു. ഇതിനു പിന്നാലെയാണ് എവിക് ചെങ്ദു ഓഹരിവില താഴ്ന്നു തുടങ്ങിയത്.
മെയ് 12ന് എവിക് ചെങ്ദു ഓഹരിയുടെ വില 95.86 യുവാന്‍ ആയിരുന്നു. എന്നാല്‍ ജൂണ്‍ 11 ആയപ്പോഴേക്കും 18 ശതമാനത്തോളം ഇടിഞ്ഞ് 78.68 ശതമാനത്തിലേക്ക് ഓഹരിവില ഇടിഞ്ഞു. ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400യും ബ്രഹ്‌മോസ് മിസൈല്‍ സംവിധാനവും തകര്‍ത്തെന്നായിരുന്നു പാക് അവകാശവാദം.
പാക്കിസ്ഥാന്‍ ഉപയോഗിക്കുന്ന ആയുധങ്ങളിലേറെയും ചൈനീസ് നിര്‍മിതമാണ്. ഇന്ത്യന്‍ തിരിച്ചടിയില്‍ പാക് സൈനിക താവളങ്ങള്‍ക്ക് കനത്ത നഷ്ടം നേരിട്ടിരുന്നു. ചൈനീസ് ആയുധങ്ങളുടെയും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെയും ശേഷിക്കുറവ് ലോകത്തിന് ബോധ്യപ്പെടുത്തി കൊടുക്കാനും പാക്കിസ്ഥാനിലെ ആക്രമണത്തിലൂടെ സാധിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine