
ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. രാജ്യത്തെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് നടന്ന പാക് ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് തിരിച്ചടി. സാധാരണക്കാര്‍ക്ക് ആളപായമുണ്ടാകാത്ത രീതിയിലുള്ള അളന്നുമുറിച്ചുള്ള ആക്രമണമാണ് നടന്നതെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസത്തെ ഓപ്പറേഷന്‍ സിന്ദൂരിന്റെ ബാക്കിയാണ് ഇന്ന് രാവിലെ നടന്ന പ്രത്യാക്രമണമെന്നും സൈന്യം വ്യക്തമാക്കി. അതിനിടെ ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളായ കുപ്‌വാര, ബാരാമുള്ള, ഉറി, പൂഞ്ച്, മെന്‍ദര്‍, രജൗരി എന്നിവിടങ്ങളില്‍ കനത്ത ആക്രമണം നടക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യയിലെ 15 നഗരങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ വിക്ഷേപിച്ച നിരവധി മിസൈലുകള്‍ ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജമ്മു കാശ്മീര്‍, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. റഷ്യന്‍ നിര്‍മിത എസ് 400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനമാണ് പാക് മിസൈലുകളെ തകര്‍ക്കാന്‍ ഉപയോഗിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പാക് ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ച് വരികയാണ്. അതിര്‍ത്തി കടന്ന് പാകിസ്ഥാന്‍ നടത്തുന്ന തീവ്രവാദത്തിന്റെ തെളിവായി അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഇവ കാണിക്കാനാണ് ഇന്ത്യയുടെ ശ്രമം.
തുടക്കത്തില്‍ 1.75 ശതമാനം നേട്ടത്തിലായി തിരിച്ചുവരവിന്റെ സൂചനകള്‍ കാട്ടിയ പാക് ഓഹരി വിപണി കടുത്ത നഷ്ടത്തിലായി. ഒരുവേള 6 ശതമാനം വരെ (6,900 പോയിന്റുകള്‍) ഇടിഞ്ഞതോടെ ഒരു മണിക്കൂറോളം വ്യാപാരം നിറുത്തേണ്ടിയും വന്നു. ഒമ്പത് ശതമാനം വരെ വിപണി ഇടിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2008ന് ശേഷം ഒരു ദിവസം നേരിടുന്ന ഏറ്റവും വലിയ നഷ്ടമാണിത്. കഴിഞ്ഞ ദിവസവും പാക് ഓഹരി വിപണി വലിയ നഷ്ടം നേരിട്ടിരുന്നു. ഇന്ത്യയുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കാരണം നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിവാക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വലിയ ചാഞ്ചാട്ടമുണ്ടായെങ്കിലും നേര്‍ത്ത നഷ്ടത്തിലാണ് ഇന്ത്യന്‍ ഓഹരി വിപണി വ്യാഴാഴ്ച വ്യാപാരം നിറുത്തിയത്.
റഷ്യന്‍ നിര്‍മിത അത്യാധുനിക വ്യോമപ്രതിരോധ സംവിധാനമാണ് എസ് 400 എന്ന പേരില്‍ അറിയപ്പെടുന്നത്. റഷ്യയിലെ അല്‍മാസ് സെന്‍ട്രല്‍ ഡിസൈന്‍ ബ്യൂറോയാണ് മിസൈല്‍ രൂപകല്‍പ്പന ചെയ്തത്. അത്യാധുനിക റഡാര്‍ സംവിധാനവും ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെയും വിമാനങ്ങളെയും തകര്‍ക്കാനും കഴിയുന്ന ഉപകരണങ്ങളുമാണ് ഇതിലുള്ളത്. 250 മുതല്‍ 600 കിലോമീറ്റര്‍ പരിധിയിലുള്ള ശത്രുമിസൈലുകളെ തകര്‍ക്കാന്‍ കഴിയും. ശത്രുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ 35 സെക്കന്റിനുള്ളില്‍ മിസൈലുകള്‍ വിക്ഷേപിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. വിവിധ തലങ്ങളില്‍ പ്രതിരോധം ഒരുക്കാനുള്ള കഴിവുള്ളതിനാല്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വ്യോമപ്രതിരോധ സംവിധാനമായി എസ് 400നെ പരിഗണിക്കാറുണ്ട്. ഇതിന്റെ പരിഷ്‌ക്കരിച്ച പതിപ്പായ എസ് 500 റഷ്യയില്‍ നിന്ന് വാങ്ങാനുള്ള ചര്‍ച്ചകളും ഇന്ത്യ നടത്തുന്നുണ്ട്.
India intercepts Pakistani missiles targeting 15 cities and strikes back by disabling Lahore’s air defence system in a sharp military escalation.
Read DhanamOnline in English
Subscribe to Dhanam Magazine