

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനായി വൻ നഗരങ്ങളെ ബന്ധിച്ച് ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ (High Speed Rail Corridors) നിർമിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സുസ്ഥിര വികസനത്തിനും നഗരങ്ങൾക്കിടയിൽ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ വമ്പൻ പദ്ധതി ഇത്തവണത്തെ പൊതുബജറ്റിൽ ഇടംനേടിയിരിക്കുന്നത്.
രാജ്യത്തെ സാമ്പത്തിക ശക്തികേന്ദ്രങ്ങളേയും ടൂറിസ്റ്റ് കേന്ദ്രങ്ങളേും കോർത്തിണക്കിയുള്ള വൻ ശൃംഖലയായാണ് ബജറ്റിൽ നിർദേശിക്കപ്പെട്ട ഈ അതിവേഗ റെയിൽ ഇടനാഴികൾ വിഭാവനം ചെയ്തിരിക്കുന്നത്. അതേസമയം കേന്ദ്ര പദ്ധതിയിൽ കേരളം ഉൾപ്പെടാതിരുന്നത് ശ്രദ്ധേയമായി.
മുംബൈ - പൂനെ
പൂനെ - ഹൈദരാബാദ്
ഹൈദരാബാദ് - ബെംഗളൂരു
ഹൈദരാബാദ് - ചെന്നൈ
ചെന്നൈ - ബെംഗളൂരു
ഡൽഹി - വാരണാസി
വാരണാസി - സിലിഗുരി (പാറ്റ്ന വഴി)
യാത്രാസമയം കുറയും: അതിവേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനുകളാണ് (വന്ദേഭാരത് പോലെ പരിഷ്കരിച്ചവ) ഇത്തരം റൂട്ടുകളിൽ ഓടുന്നതിനാൽ വൻ നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയുമെന്നത് നേട്ടമാണ്. ഇത്തരത്തിൽ രാജ്യത്തെ പ്രധാന കേന്ദ്രങ്ങൾ തമ്മിലുള്ള കണക്ടിവിറ്റി മെച്ച ബിസിനസ്, ടൂറിസം, തീർഥാടനം തുടങ്ങിയ മേഖലകൾക്ക് ഉണർവേകും. ലക്ഷക്കണക്കിന് ആളുകൾക്ക് പുതിയ ഉപജീവന മാർഗങ്ങൾ ഇതിലൂടെ തുറക്കപ്പെടുമെന്നാണ് പ്രതീക്ഷ.
പ്രാദേശിക വളർച്ച ത്വരിതപ്പെടും: മെട്രോനഗരങ്ങൾക്ക് പുറമെയായി ടയർ-2, ടയർ-3 വിഭാഗത്തിലുള്ള നഗരങ്ങൾ കൂടി അതിവേഗ റെയിൽ ശൃംഖലയുടെ ഭാഗമാകുന്നതോടെ പ്രാദേശിക തലത്തിലുള്ള സാമ്പത്തിക വളർച്ചയും മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ.
ഗ്രീൻ മൊബിലിറ്റി: കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി സൗഹൃദ സുസ്ഥിര ഗതാഗത പദ്ധതികൾ വികസിപ്പിക്കണമെന്ന ലക്ഷ്യത്തോട് ചേർന്നു നിൽക്കുന്നതാണ് അതിവേഗ റെയിൽ ഇടനാഴി പദ്ധതികൾ.
Read DhanamOnline in English
Subscribe to Dhanam Magazine