മൂന്ന് അയല്‍രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ സൈന്യത്തിന് വേഗമെത്താന്‍ കൂറ്റന്‍ റെയില്‍ ശൃംഖല; ₹45,000 കോടിയുടെ തന്ത്രപ്രധാന പദ്ധതിയുമായി കേന്ദ്രം

അതിർത്തി സുരക്ഷയ്ക്ക് കരുത്തേകാൻ പുതിയ റെയിൽ ശൃംഖല; ചൈന-പാക്-ബംഗ്ലാദേശ് മേഖലകൾക്ക് മുൻഗണന
Indian Railways
Image : Indian Railways/X
Published on

ചൈന, പാകിസ്ഥാന്‍, ബംഗ്ലാദേശ് അതിര്‍ത്തികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ വന്‍ റെയില്‍വേ വികസന പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. അടുത്ത 18 മുതല്‍ 24 മാസത്തിനുള്ളില്‍ അതിര്‍ത്തി മേഖലകളിലെ റെയില്‍ ശൃംഖല വികസിപ്പിക്കുന്നതിനായി ഏകദേശം 45,000 കോടി ചെലവഴിക്കാനാണ് പദ്ധതി.

അതിര്‍ത്തി മേഖലകളിലെ സൈനിക സജ്ജീകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം. പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, പശ്ചിമ ബംഗാള്‍, അസം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പദ്ധതികള്‍ നടപ്പാക്കുക.

അതിര്‍ത്തി സംസ്ഥാനങ്ങള്‍ക്ക് നേട്ടം

അടുത്ത രണ്ട് വര്‍ഷത്തിനിടെ റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തിനായി മാറ്റിവെക്കുന്ന ആകെ നിക്ഷേപത്തിന്റെ ഏകദേശം 22 ശതമാനം ഈ മേഖലകള്‍ക്കായിരിക്കും വിനിയോഗിക്കുക. യാത്രക്കാര്‍ക്കും ചരക്ക് ഗതാഗതത്തിനും ഉപയോഗിക്കാവുന്ന റെയില്‍പാതകളും സ്റ്റേഷനുകളും ആവശ്യമായ സാഹചര്യങ്ങളില്‍ സൈനിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലായിരിക്കും വികസിപ്പിക്കുക.

ഹിമാലയന്‍ അതിര്‍ത്തി, സിലിഗുരി കോറിഡോര്‍ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലേക്ക് സൈന്യത്തെയും പ്രതിരോധ ഉപകരണങ്ങളെയും ഇതുവഴി വേഗത്തില്‍ എത്തിക്കാന്‍ കഴിയും. അതിര്‍ത്തി പ്രദേശങ്ങളിലേക്കുള്ള വിതരണ ശൃംഖല കൂടുതല്‍ കാര്യക്ഷമമാകുന്നതോടൊപ്പം വികസനം പിന്നാക്കം നില്‍ക്കുന്ന ഗ്രാമങ്ങള്‍ക്ക് മികച്ച ഗതാഗത സൗകര്യവും ഒരുക്കപ്പെടും.

ചൈനയുമായി അതിര്‍ത്തി തര്‍ക്കപരിഹാര ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും, അതിര്‍ത്തി മേഖലകളില്‍ ചൈന ഹെലിപോര്‍ട്ടുകളും വിമാനത്താവളങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കിയിട്ടുണ്ട്.

പാകിസ്ഥാനുമായുള്ള സുരക്ഷാ വെല്ലുവിളികള്‍ തുടരുന്ന സാഹചര്യത്തില്‍ പശ്ചിമ അതിര്‍ത്തിയിലെ സൈനിക സജ്ജീകരണവും ഗതാഗത സംവിധാനവും കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. 2024-ലെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് ശേഷം ബംഗ്ലാദേശ് അതിര്‍ത്തിയിലും സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ റെയില്‍ പദ്ധതികളെ കാണുന്നത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പരിഗണന

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏകദേശം 1,700 കിലോമീറ്റര്‍ പുതിയ റെയില്‍പാതകള്‍ നിര്‍മിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് 1,450 കിലോമീറ്റര്‍ പുതിയ റോഡുകളും വികസിപ്പിച്ചു.

കാശ്മീര്‍ താഴ്‌വരയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം അടുത്തിടെ പ്രവര്‍ത്തനസജ്ജമായതും ഇന്ത്യയുടെ അതിര്‍ത്തി അടിസ്ഥാന സൗകര്യ വികസനത്തിലെ പ്രധാന നേട്ടങ്ങളിലൊന്നാണ്. 1962ന് ശേഷം ഉപയോഗശൂന്യമായിരുന്ന വടക്കുകിഴക്കന്‍ മേഖലയിലെ അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ടുകള്‍ വീണ്ടും സജീവമാക്കിയതും ഈ നയത്തിന്റെ ഭാഗമാണ്.

Indian government plans to invest ₹45,000 crore to strengthen railway infrastructure along the China, Pakistan and Bangladesh borders for strategic and civilian connectivity

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com