

പശ്ചിമേഷ്യന്‍ യുദ്ധം മൂലമുണ്ടായ എണ്ണവില വര്‍ധനയും ലഭ്യതയിലെ പ്രശ്‌നങ്ങളും മൂലം പ്രതിസന്ധിയിലാണ് രാജ്യത്തെ ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് മേഖല. ഹോട്ടലുകള്‍ക്ക് മാത്രമല്ല ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക വില കൂടുകയും ലഭ്യത കുറയുകയും ചെയ്തിട്ടുണ്ട്. എല്‍പിജി അടുപ്പുകള്‍ക്ക് പകരം എഥനോള്‍ അധിഷ്ഠിതമായ കുക്ക് ടോപ്പുകള്‍ ഉടന്‍ വിപണിയിലെത്തിക്കുമെന്നാണ് ഗഡ്കരി കഴിഞ്ഞദിവസം ഒരു ചടങ്ങില്‍ പങ്കെടുക്കവേ പറഞ്ഞത്.
വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറുകളേക്കാള്‍ വളരെ കുറഞ്ഞ ചിലവില്‍ ഇതിലൂടെ പാചകം ചെയ്യാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. വെള്ളവും ഇഥനോളും കൃത്യമായ അനുപാതത്തില്‍ ചേര്‍ത്താണ് ഈ അടുപ്പുകളില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. വെള്ളത്തില്‍ ഏകദേശം 7 ശതമാനം ഇഥനോള്‍ കലര്‍ത്തിയാല്‍ തന്നെ പാചകത്തിന് ആവശ്യമായ ജ്വാല ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് നിതിന്‍ ഗഡ്കരി അവകാശപ്പെടുന്നത്.
പരമ്പരാഗതമായി വീടുകളില്‍ ഉപയോഗിക്കുന്ന എല്‍പിജി, മണ്ണെണ്ണ, വിറക് അടുപ്പുകള്‍ എന്നിവയേക്കാള്‍ കൂടുതല്‍ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമാണ് ഈ സാങ്കേതികവിദ്യ. സാധാരണ എല്‍പിജി സിലിണ്ടറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇഥനോള്‍ അടുപ്പുകള്‍ ഉപയോഗിക്കുന്നതിലൂടെ പ്രതിമാസ പാചകച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയും.
മണ്ണെണ്ണയോ വിറകോ കത്തുമ്പോഴുണ്ടാകുന്ന പുകയോ കാര്‍ബണ്‍ മോണോക്‌സൈഡോ ഇതില്‍ നിന്നും ഉണ്ടാകില്ല. പൂര്‍ണമായും തദ്ദേശീയമായിട്ടാണ് ഈ എഥനോള്‍ അടുപ്പ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. കരിമ്പ്, ചോളം, മറ്റ് കാര്‍ഷിക അവശിഷ്ടങ്ങള്‍ എന്നിവയില്‍ നിന്നാണ് ഇന്ത്യയില്‍ പ്രധാനമായും എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. അതിനാല്‍ എഥനോളിന്റെ ഉപയോഗം കൂടുന്നത് രാജ്യത്തെ കര്‍ഷകര്‍ക്ക് വലിയ വരുമാനമാര്‍ഗമായി മാറും.
ആവശ്യമുള്ളതിന്റെ 90 ശതമാനം എണ്ണയും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ. പാചകവാതകത്തിന്റെ കാര്യത്തിലും ആശ്രയം ഇറക്കുമതിയെയാണ്. 2024-25 സാമ്പത്തികവര്‍ഷം 31.3 ദശലക്ഷം ടണ്‍ എല്‍പിജിയാണ് രാജ്യത്ത് ഉപയോഗിച്ചത്. ഇതില്‍ 20.66 ദശലക്ഷം ടണ്ണും ഇറക്കുമതിയായിരുന്നു. പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നത് ഇന്ത്യ നേരത്തെ തന്നെ തുടങ്ങിയിരുന്നു. 20 ശതമാനം എഥനോള്‍ അടങ്ങിയ ഇന്ധനമാണ് നിലവില്‍ രാജ്യത്തെ പമ്പുകളിലൂടെ വില്ക്കുന്നത്.
2014ല്‍ കേവലം 1.53 ശതമാനമായിരുന്ന ഇഥനോള്‍ മിശ്രിതം 2025 ആയപ്പോഴേക്കും 20 ശതമാനത്തിലേക്ക് എത്തിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. പാചകവാതകത്തിലും എഥനോള്‍ ഉപയോഗം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. എന്നാല്‍ അതത്ര എളുപ്പമാകില്ലെന്നാണ് നിരീക്ഷണം.
നിലവില്‍ ഇന്ത്യയില്‍ ശക്തമായ എല്‍പിജി വിതരണ ശൃംഖലയുണ്ട്. അതിനെ മറികടന്ന് എഥനോള്‍ അടുപ്പുകള്‍ സാധാരണക്കാരിലേക്ക് എത്തിക്കണമെങ്കില്‍ വിപണിയില്‍ എഥനോളിന്റെ ലഭ്യതയും വിതരണ ശൃംഖലയും ഉറപ്പുവരുത്തേണ്ടതുണ്ട്. എഥനോളിന് എല്‍പിജിയേക്കാള്‍ വില കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തല്‍. സ്റ്റൗവിനും കൂടുതല്‍ വില കൊടുക്കേണ്ടി വരും.
വില കുറച്ച് ലഭ്യത കാര്യക്ഷമമാക്കിയാല്‍ മാത്രമേ ആളുകള്‍ എഥനോള്‍ പാചകവാതകത്തിലേക്ക് മാറൂ. ഇതിന് സര്‍ക്കാര്‍ സഹായം അനിവാര്യമാണ്. പാചകത്തിന് കൂടുതല്‍ സമയം വേണമെന്നതും വിതരണ ശൃംഖല ഒന്നില്‍ നിന്ന് തുടങ്ങണമെന്നതും വെല്ലുവിളിയാണ്.
ഐഐടികളുടെ നേതൃത്വത്തിലാണ് എഥനോള്‍ സ്റ്റൗ നിര്‍മാണത്തിന്റെ പരീക്ഷണങ്ങള്‍ നടക്കുന്നത്. വരും ദിവസങ്ങളില്‍ വിവിധ മോഡലുകള്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. എല്‍പിജിയേക്കാള്‍ 20 മുതല്‍ 30 ശതമാനം വരെ ഇന്ധനക്ഷമത കൂടുതലാണ്. ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും ബ്രസീലിലും നിലവില്‍ എഥനോള്‍ പാചകവാതകം ഉപയോഗിക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine