ആധാര-പ്രമാണങ്ങളുടെ രജിസ്‌ട്രേഷന്‍ ഇനി ഓണ്‍ലൈനില്‍, 117 വര്‍ഷം പഴകിയ നിയമം മാറ്റിയെഴുതുന്നു, രജിസ്‌ട്രേഷന്‍ രേഖകളും ഓണ്‍ലൈനില്‍

രജിസ്ട്രേഷൻ പ്രക്രിയ കൂടുതൽ സുഗമമാക്കുന്നതിനുളള നടപടികളാണ് ബില്‍ മുന്നോട്ടു വെക്കുന്നത്
Land Registration
Image courtesy: Canva
Published on

117 വർഷം പഴക്കമുള്ള 1908 ലെ രജിസ്ട്രേഷൻ നിയമത്തിന് പകരമായി പുതിയ ബില്‍ അവതരിപ്പിക്കാനുളള തയാറെടുപ്പിലാണ് കേന്ദ്രം. ഗ്രാമവികസന മന്ത്രാലയത്തിന് കീഴിലുള്ള ഭൂവിഭവ വകുപ്പാണ് ബിൽ തയാറാക്കുന്നത്. ജനങ്ങള്‍ക്കും ചെറുകിട ബിസിനസുകൾക്കും രജിസ്ട്രേഷൻ പ്രക്രിയ കൂടുതൽ സുഗമമാക്കുന്നതിനുളള നടപടികളാണ് ബില്‍ മുന്നോട്ടു വെക്കുന്നത്.

പുതിയ ബില്ലിന്റെ കരട് രജിസ്ട്രേഷന്‍ രേഖകൾ നേരിട്ട് ഹാജരാക്കുന്നത് കൂടാതെ ഡിജിറ്റലായും ഹാജരാക്കാൻ അനുവദിക്കുന്നു. ഭൂമി രേഖകളുടെ ഓൺലൈൻ രജിസ്ട്രേഷന് ആധാർ അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണം ഓപ്ഷണലാക്കാനും ഇതര സ്ഥിരീകരണ സംവിധാനങ്ങൾ അനുവദിക്കാനും ബില്ലിന്റെ കരട് നിർദ്ദേശിക്കുന്നു.

രജിസ്ട്രേഷൻ ആക്ട് അനുസരിച്ച് സ്ഥാവര സ്വത്തുക്കളുമായി (immovable property) ബന്ധപ്പെട്ട രേഖകളാണ് രജിസ്റ്റർ ചെയ്യേണ്ടത്. വിൽപ്പന രേഖകൾ, സമ്മാന രേഖകൾ, പണയ രേഖകൾ, പാട്ടക്കരാർ തുടങ്ങിയവയാണ് ഇത്തരത്തില്‍ രജിസ്റ്റർ ചെയ്യുന്നത്. വിൽപത്രങ്ങൾ, പവർ ഓഫ് അറ്റോർണി, സ്വത്തവകാശവുമായി ബന്ധപ്പെട്ട മറ്റ് കോടതി ഉത്തരവുകൾ തുടങ്ങിയവയും രജിസ്ട്രേഷന് വിധേയമാണ്. നിലവിലുള്ള നിയമം അനുസരിച്ച് രേഖകൾ രജിസ്ട്രേഷൻ ഓഫീസിൽ നേരിട്ട് ഹാജരാക്കണമെന്നാണ് നിഷ്കർഷയുളളത്. ഇത് ഡിജിറ്റല്‍ വഴിയും ഹാജരാക്കാന്‍ അനുവദിക്കുന്നതാണ് പുതിയ ബില്‍.

ആളുകൾ രേഖകളിൽ പാസ്‌പോർട്ട് സൈസ് ഫോട്ടോയും വിരലടയാളവും പതിക്കണമെന്നാണ് നിലവിലുള്ള നിയമം വ്യക്തമാക്കുന്നത്. ഒരു വ്യക്തി തന്റെ ഒപ്പ്, പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ അല്ലെങ്കിൽ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് എടുത്ത ഫോട്ടോ, ബയോമെട്രിക് ഉപകരണം ഉപയോഗിച്ചോ നേരിട്ടോ സമര്‍പ്പിക്കുന്ന വിരലടയാളം, പെർമനന്റ് അക്കൗണ്ട് നമ്പർ (PAN) തുടങ്ങിയവയാണ് പുതിയ ബിൽ പ്രകാരം രേഖകളില്‍ ഉണ്ടാകേണ്ടത്. മറ്റ് രേഖകള്‍ ഇലക്ട്രോണിക് ആയി സമര്‍പ്പിക്കാനും അനുവദിക്കുന്നതാണ് പുതിയ ബില്‍.

വഞ്ചനയും കളളത്തരങ്ങളും തടയുന്നതിനായി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനുമുമ്പായി രജിസ്ട്രിംഗ് ഓഫീസറുടെ മുമ്പാകെ ഇലക്ട്രോണിക് മാർഗങ്ങളിലൂടെ സമര്‍പ്പിക്കുന്ന രേഖകള്‍ നേരിട്ട് ഹാജരാക്കണമെന്ന് അധികൃതര്‍ക്ക് ആവശ്യപ്പെടാമെന്നും കരട് ബിൽ പറയുന്നു.

India plans to replace the 117-year-old Registration Act with a new bill enabling digital property registrations and simplified verification processes.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com