Begin typing your search above and press return to search.
പ്രവാസിയുടെ പണം ഇനി വീട്ടുപടിക്കലേക്ക്
പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള പണമിടപാട് എളുപ്പമാക്കാന്‍ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക്, യൂറോനെറ്റിന്റെ റിയ മണി ട്രാന്‍സ്ഫറുമായി കൈകോര്‍ക്കുന്നു. വിദേശത്തു നിന്നുള്ള പണ വിനിമയത്തില്‍ ആഗോള തലത്തില്‍ തന്നെ പ്രമുഖ കമ്പനിയാണ് യൂറോനെറ്റ് വേള്‍ഡ് വൈഡ്.
തപാല്‍ വകുപ്പിനു കീഴിലെ പേമെന്റ് ബാങ്കുമായി കൈകോര്‍ക്കുക വഴി ധനകാര്യ സേവനങ്ങള്‍ ഉള്‍നാട്ടില്‍ പോലും വീട്ടുപടിക്കല്‍ എത്തിക്കുകയാണ് ലക്ഷ്യം. ഉപയോക്താവിനെ അറിയുക (കെ.വൈ.സി) സമ്പ്രദായത്തിനു കീഴില്‍ ഉപയോക്താക്കളുടെ ബയോമെട്രിക് സാക്ഷ്യപ്പെടുത്തലിനുള്ള സംവിധാനം ഇന്ത്യ പോസ്റ്റും റിയോയും പരസ്പരം പ്രയോജനപ്പെടുത്തും.
പണമിടപാടിനായി തിരിച്ചറിയല്‍ രേഖകള്‍ നേരിട്ട് ഹാജരാക്കേണ്ടി വരില്ല. പണം ഇഷ്ടാനുസരണം പൂര്‍ണമായോ ഭാഗികമായോ പിന്‍വലിക്കാം. പണം ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കിലേക്ക് മാറ്റുകയുമാവാം. പൂര്‍ണമായും കടലാസ് രഹിതമാണ് നടപടികള്‍. പോസ്റ്റ്മാന്‍ വീട്ടുപടിക്കലെത്തി ബയോമെട്രിക് സംവിധാനത്തില്‍ പണം നല്‍കും. കൈപ്പറ്റുന്നയാള്‍ പ്രത്യേക ചാര്‍ജ് നല്‍കേണ്ടതില്ല.
പണം അയക്കുന്നയാള്‍ മാത്രമാണ് റിയ മണിക്ക് പ്രത്യേക ചാര്‍ജ് നല്‍കേണ്ടത്. 25,000 കേന്ദ്രങ്ങളില്‍ ഈ സേവനം ലഭ്യമാക്കാനാണ് പരിപാടി. ഭാവിയില്‍ 1.65 ലക്ഷം കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. റിയ മണി ഇപ്പോള്‍ 200 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ 10 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നു.
Next Story
Videos