

ആഗോള സമ്പന്നന്‍ ഇലോണ്‍ മസ്‌കിന്റെ വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു ഉപഗ്രഹ അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിനെ (Starlink) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുകയെന്നത്. ഇന്ത്യയിലേക്കുള്ള വരവില്‍ പ്രാരംഭ അനുമതികള്‍ മസ്‌കിന്റെ കമ്പനിക്ക് ലഭിച്ചിരുന്നു. എന്നാല്‍, വാണിജ്യ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള അന്തിമ അനുമതികള്‍ കേന്ദ്രസര്‍ക്കാര്‍ താല്ക്കാലികമായി മരവിപ്പിച്ചുവെന്നാണ് ഇപ്പോള്‍ വരുന്ന വിവരങ്ങള്‍. ബ്ലൂംബെര്‍ഗ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പശ്ചിമേഷ്യന്‍ യുദ്ധത്തിനിടെ ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ യുഎസ് സഖ്യത്തിന് സ്റ്റാര്‍ലിങ്കിന്റെ സഹായം ലഭിച്ചുവെന്ന വിവരങ്ങളാണ് കേന്ദ്രസര്‍ക്കാരിന് പുനരാലോചനയ്ക്ക് പ്രേരിപ്പിച്ചിരിക്കുന്നത്. ഇറാന്റെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യംവയ്ക്കാന്‍ സ്റ്റാര്‍ലിങ്കിന്റെ ടെര്‍മിനലുകള്‍ യുഎസ് പ്രയോജനപ്പെടുത്തിയെന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
ഇന്ത്യ അന്തിമാനുമതി നിരസിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര സര്‍ക്കാരുമായി സജീവവും ഫലപ്രദവുമായ ചര്‍ച്ചകള്‍ തുടരുകയാണെന്നും വ്യക്തമാക്കി സ്റ്റാര്‍ലിങ്ക് വൈസ് പ്രസിഡന്റ് ലോറന്‍ ഡ്രയര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സ്റ്റാര്‍ലിങ്കിന്റെ അവകാശവാദം തെറ്റാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ നല്കുന്നത്.
ഇന്ത്യയില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സര്‍വീസ് ആരംഭിക്കുന്നതിനായി ഒരു വര്‍ഷം മുമ്പ് തന്നെ സ്റ്റാര്‍ലിങ്കിന് പ്രാഥമിക ലൈസന്‍സ് (GMPCS - Global Mobile Personal Communication by Satellite) ലഭിച്ചിരുന്നു. എന്നാല്‍ വാണിജ്യപരമായ സേവനങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സുരക്ഷാ ഏജന്‍സികളുടെ അന്തിമ ക്ലിയറന്‍സ് ആവശ്യമാണ്. ഈ ക്ലിയറന്‍സ് ആണ് ഇപ്പോള്‍ തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുന്നത്.
അടുത്തിടെയുണ്ടായ ഇറാന്‍ സംഘര്‍ഷങ്ങളില്‍, അവിടെ ലൈസന്‍സ് ഇല്ലാതിരുന്നിട്ടും സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകള്‍ ഉപയോഗിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍, അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ആശയവിനിമയ ശൃംഖലയെ നിയന്ത്രിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് എത്രത്തോളം സാധിക്കും എന്ന ആശങ്കയാണ് സുരക്ഷാ ഏജന്‍സികള്‍ പങ്കുവെക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദമുണ്ടായാല്‍ പോലും ഇന്ത്യയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുമെന്ന് ഉറപ്പുനല്‍കാന്‍ സ്റ്റാര്‍ലിങ്കിന് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇന്ത്യയില്‍ ഇതിനോടകം തന്നെ മുംബൈ കേന്ദ്രമാക്കി ഹബ്ബും 10 ഗേറ്റ്വേ സ്റ്റേഷനുകളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സ്റ്റാര്‍ലിങ്ക് ഒരുക്കിയിട്ടുണ്ട്.
ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സ് (SpaceX) തങ്ങളുടെ ഉപഗ്രഹ ഇന്റര്‍നെറ്റ് വിഭാഗമായ സ്റ്റാര്‍ലിങ്കിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് ഈ വാര്‍ത്തകള്‍ പുറത്തുവരുന്നത്. 1.75 ട്രില്യണ്‍ ഡോളര്‍ മൂല്യം പ്രതീക്ഷിക്കുന്ന ഈ ഐപിഒയുടെ വിജയത്തിന് ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയിലെ അനുമതികള്‍ നിര്‍ണായകമാണ്. ഇന്ത്യയില്‍ നിന്നുള്ള നെഗറ്റീവ് വാര്‍ത്തകള്‍ സ്റ്റാര്‍ലിങ്കിന് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine