ഇന്ത്യ-ഖത്തര്‍ വ്യാപാരം ഇരട്ടിയാക്കും; ലക്ഷ്യം 2,800 കോടി ഡോളര്‍; ഇരട്ട നികുതി ഒഴിവാക്കാനും ധാരണ

ഖത്തര്‍ അമീറിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത് സുപ്രധാന കരാറുകളില്‍
India-Qatar relations
India-Qatar relationsimage/PTI
Published on

ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര ബന്ധം ഇരട്ടിയാക്കാന്‍ ഖത്തര്‍ അമീറിന്റെ സന്ദര്‍ശനത്തോടനുന്ധിച്ച ചര്‍ച്ചകളില്‍ ധാരണ. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 2,800 കോടി ഡോളറായി വ്യാപാര ബന്ധം വളര്‍ത്താനാണ് ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍ത്താനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായത്. ഇരുരാജ്യങ്ങളും തമ്മില്‍ തന്ത്രപരമായ സഹകരണം ഉറപ്പാക്കുന്നതിനും ഇരട്ട നികുതി ഒഴിവാക്കുന്നതിനുമുള്ള രണ്ട് കരാറുകളില്‍ ഇന്ത്യയും ഖത്തറും ഒപ്പുവെച്ചു. അഞ്ച് മേഖലകളില്‍ ധാരണാപത്രവും ഒപ്പുവെച്ചു. വരുമാനത്തിലുള്ള നികുതി വെട്ടിപ്പ് തടയുന്നതിനുള്ള നടപടികളെ കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തി.

ബന്ധം ശക്തിപ്പെടുത്തും

ഇന്ത്യയും ഖത്തറും തമ്മില്‍ വിവിധ മേഖലകളിലുള്ള ഉഭയകക്ഷി ബന്ധത്തെ തന്ത്രപരമായ തലത്തിലേക്ക് ഉയര്‍ത്താന്‍ ധാരണയായതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി അരുണ്‍ കുമാര്‍ ചാറ്റര്‍ജി പറഞ്ഞു. വ്യാപാരം, ഊര്‍ജ സുരക്ഷ, പൗരന്‍മാരുടെ ക്ഷേമം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കും. നിക്ഷേപം, ടെക്‌നോളജി തുടങ്ങിയ മേഖലകളിലും അമീറും പ്രധാനമന്ത്രിയും ചര്‍ച്ച നടത്തിയതായും അരുണ്‍ കുമാര്‍ ചാറ്റര്‍ജി പറഞ്ഞു.

ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാരം ശക്തിപ്പെടുത്തുന്നതിന് പുതുക്കിയ ഇരട്ട നികുതി ഒഴിവാക്കല്‍ കരാറാണ് ഒപ്പുവെച്ചത്. സാമ്പത്തിക രംഗത്ത് സഹകരണം ഉറപ്പാക്കല്‍, ചരിത്ര രേഖകളുടെ സംരക്ഷണം, യുവജന ക്ഷേമം, സ്‌പോര്‍ട്‌സ് എന്നീ മേഖലകളുടെ വികസനം തുടങ്ങിയ അഞ്ച് കാര്യങ്ങളില്‍ ധാരണാപത്രവും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്.

തിങ്കളാഴ്ച വൈകീട്ട് ഡല്‍ഹിയിലെത്തിയ ഖത്തര്‍ അമീറിനെ പ്രധാനമന്ത്രി വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഇന്ന് രാവിലെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി അമീര്‍ കൂടിക്കാഴ്ച നടത്തുകയും വിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡല്‍ഹി ഹൈദരാബാദ് ഹൗസില്‍ ഔദ്യോഗിക ചര്‍ച്ച നടത്തി. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും അമീറുമായി സംസാരിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഖത്തര്‍ അമീര്‍ ഇന്ത്യയിലെത്തിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com