

ഇലോണ്‍ മസ്‌കിന്റെ എ.ഐ ചാറ്റ്‌ബോട്ടായ ഗ്രോക്കിന്റെ(Grok) ഭാഷാ പ്രയോഗവും കണ്ടന്റുകളും പരിശോധിക്കാന്‍ കേന്ദ്ര ഐ.ടി മന്ത്രാലയം. ഇതിനിടയില്‍ ഇന്ത്യയിലെ ഐ.ടി നിയമങ്ങളിലെ ചില വകുപ്പുകള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരാണെന്ന ആരോപണവുമായി എക്‌സ് കോടതിയെ സമീപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ക്കെതിരെ അടക്കം അപവാദകരമായ കണ്ടന്റുകള്‍ എക്‌സില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഗ്രോക്കിനെ നിരീക്ഷിക്കാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ ഗ്രോക്ക് കണ്ടന്റുകള്‍ സൃഷ്ടിച്ചതായു ആരോപണമുണ്ട്.
ഇത് സംബന്ധിച്ച് എക്‌സിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഉടന്‍ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഐ.ടി മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. അതേസമയം, ഗ്രോക്കിനെതിരെ നടക്കുന്നത് സെന്‍സര്‍ഷിപ്പാണെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.
മസ്‌കിന്റെ എക്‌സ് എ.ഐ പുറത്തിറക്കിയ ജെനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ മോഡലാണ് ഗ്രോക്ക്. ചോദ്യങ്ങള്‍ക്ക് രസകരമായും ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്തുമുള്ള ഗ്രോക്കിന്റെ പെട്ടെന്നുള്ള മറുപടി വളരെ വേഗത്തില്‍ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. 2023ല്‍ മസ്‌ക് പുറത്തിറക്കിയ ട്രൂത്ത്ജി.പി.ടിയാണ് പിന്നീട് ഗ്രോക്ക് എന്ന പേരിലേക്ക് മാറിയത്. മസ്‌കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഉപയോക്താക്കളുടെ പോസ്റ്റുകള്‍ മനസിലാക്കി ഏറ്റവും ലേറ്റസ്റ്റായ വിവരങ്ങള്‍ വെച്ചാണ് ഗ്രോക്കിന്റെ ഉത്തരങ്ങള്‍. ഹാസ്യം ഇഷ്ടപ്പെടാത്തവര്‍ ഗ്രോക്ക് ഉപയോഗിക്കരുതെന്ന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എക്‌സ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സമകാലിക രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് ഗ്രോക്ക് നല്‍കിയ ഉത്തരങ്ങളാണ് വിവാദങ്ങളിലേക്ക് നയിച്ചത്. എക്‌സില്‍ ഏറ്റവും കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ആരെന്ന ചോദ്യത്തിന് ഗ്രോക്ക് നല്‍കിയ ഉത്തരം ഇലോണ്‍ മസ്‌കെന്നാണ്. കൂടാതെ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം, ന്യൂനപക്ഷ അവകാശങ്ങള്‍, ക്രിക്കറ്റ്, സിനിമ തുടങ്ങിയ വിഷയങ്ങളില്‍ ഗ്രോക്കിന്റെ അഭിപ്രായങ്ങളും വിവാദത്തിലായി. ചില ഉപയോക്താക്കളെ ഹിന്ദി പ്രാദേശിക ഭാഷയില്‍ അസഭ്യം പറഞ്ഞതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഗ്രോക്കിനെ പ്രകോപിപ്പിക്കുന്ന രീതിയില്‍ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും നിരവധിയാളുകളാണ് എക്‌സില്‍ പോസ്റ്റ് ചെയ്യുന്നത്.
അതേസമയം, ഇന്ത്യയിലെ ഐ.ടി നിയമങ്ങള്‍ക്കെതിരാണ് ഗ്രോക്കിന്റെ പ്രവര്‍ത്തനമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. ഐ.ടി നിയമം 2021ലെ 73(1) വകുപ്പ് അനുസരിച്ച് എക്‌സ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന കണ്ടന്റുകള്‍ മൂന്നാം കക്ഷി (Third party)യുടേതായി പരിഗണിച്ച് കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാറില്ല. എന്നാല്‍ ഗ്രോക്കിന്റെ കാര്യത്തില്‍ ഇത് പരിഗണിക്കാന്‍ കഴിയില്ലെന്നും ഐ.ടി നിയമത്തിലെ വകുപ്പ് 79 (2), (3) പ്രകാരം കുറ്റകരമാണെന്നുമാണ് നിയമവിദഗ്ധര്‍ പറയുന്നത്. മൂന്നാം കക്ഷിയുടേതാണെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ കണ്ടന്റുകളില്‍ വിദ്വേഷകരമായതും നിയമവിരുദ്ധവുമായ വിവരങ്ങള്‍ ഉള്‍പ്പെടാതിരിക്കാന്‍ കമ്പനികള്‍ ശ്രദ്ധിക്കണമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ അഭിപ്രായ സ്വാതന്ത്ര്യം നടത്താന്‍ അവകാശമുണ്ടെന്ന സുപ്രീം കോടതി ഉത്തരവിനെതിരാണ് കേന്ദ്രസര്‍ക്കാരിന്റെ ഐ.ടി നിയമത്തിലെ 79(3)ബി വകുപ്പെന്ന് ആരോപിച്ചാണ് എക്‌സ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. ഗ്രോക്കിനെതിരെ കേന്ദ്രം നടപടിക്കൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് എക്‌സിന്റെ നീക്കമെന്നതും ശ്രദ്ധേയം. ഐ.ടി നിയമത്തിലെ 69എ വകുപ്പ് മറ്റൊരു രൂപത്തില്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എക്‌സ് ആരോപിക്കുന്നു. സോഷ്യല്‍ മീഡിയയിലെ കണ്ടന്റുകള്‍ വകുപ്പ് 69എ അനുസരിച്ച് നിയമപ്രകാരം മാത്രമേ നീക്കാവൂ എന്നാണ് 2015ല്‍ ശ്രേയാ സിംഗാള്‍ കേസില്‍ സുപ്രീം കോടതി വിധിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലെ കണ്ടന്റുകള്‍ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സഹയോഗ് പോര്‍ട്ടല്‍ സര്‍ക്കാര്‍ സെന്‍സര്‍ഷിപ്പിനുള്ള ഉപകരണമായി ഉപയോഗിക്കുകയാണെന്നും എക്‌സ് ഹര്‍ജിയില്‍ കുറ്റപ്പെടുത്തി.
Read DhanamOnline in English
Subscribe to Dhanam Magazine