

ജീവനക്കാരുടെ വിശ്രമ നിയമത്തില്‍ 'പ്രതിസന്ധിയിലായ' ഇന്‍ഡിഗോ സര്‍വീസുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ചെക്ക്. ഇന്‍ഡിഗോയുടെ നിലവിലുള്ള സര്‍വീസുകളില്‍ അഞ്ച് ശതമാനം വെട്ടിക്കുറക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ (ഡി.ജി.സി.എ) ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. പ്രതിദിനം 2,200 അന്താരാഷ്ട്ര-ആഭ്യന്തര സര്‍വീസുകളാണ് ഇന്‍ഡിഗോ നടത്തുന്നത്. ഉത്തരവ് നടപ്പിലായാല്‍ ഇന്‍ഡിഗോയുടെ ശൈത്യകാല സര്‍വീസുകളില്‍ 115 എണ്ണത്തിന്റെ കുറവുണ്ടാകും. ഈ സര്‍വീസുകള്‍ മറ്റ് എയര്‍ലൈന്‍ കമ്പനികള്‍ക്ക് അനുവദിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ഇന്‍ഡിഗോയുടെ ആധിപത്യമാണെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് സര്‍ക്കാര്‍ നടപടിയെന്നതും ശ്രദ്ധേയം.
കഴിഞ്ഞ ആഴ്ചയിലെ പ്രതിസന്ധിയുടെ സാഹചര്യത്തിലാണ് ഇന്‍ഡിഗോയുടെ ശൈത്യകാല സര്‍വീസുകള്‍ പുനപരിശോധിച്ചതെന്ന് ഡി.ജി.സി.എ പറയുന്നു. ശൈത്യകാല ഷെഡ്യൂള്‍ പ്രകാരം ആഴ്ചയില്‍ 15,014 സര്‍വീസുകളാണ് ഇന്‍ഡിഗോക്ക് അനുവദിച്ചിരിക്കുന്നത്. അതായത് നവംബറില്‍ മാത്രം 64,646 സര്‍വീസുകള്‍. എന്നാല്‍ കണക്കുകള്‍ പരിശോധിച്ചതില്‍ നിന്ന് 59,438 സര്‍വീസുകള്‍ മാത്രമാണ് നവംബറില്‍ ഇന്‍ഡിഗോ നടത്തിയത്. 951 സര്‍വീസുകളാണ് നവംബറില്‍ റദ്ദാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അനുമതി ലഭിച്ചതിലും കുറവ് വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്‍ഡിഗോ സര്‍വീസ് നടത്തിയതെന്നും പരിശോധനയില്‍ കണ്ടെത്തി. മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്താന്‍ ഇക്കുറി ഡി.ജി.സി.എ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ സര്‍വീസുകള്‍ കാര്യക്ഷമമായി നടത്താന്‍ വേണ്ട പരിശ്രമങ്ങളൊന്നും കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഇക്കാര്യങ്ങള്‍ പരിഗണിച്ച് തിരക്കേറിയ സെക്ടറുകളില്‍ ഇന്‍ഡിഗോയുടെ അഞ്ച് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറക്കുകയാണ്. ഇതിലൂടെ ഏതെങ്കിലും സെക്ടറുകളില്‍ ഏകപക്ഷീയമായി സര്‍വീസ് നടത്തുന്നത് ഒഴിവാക്കാമെന്നും ഡി.ജി.സി.എ ഉത്തരവില്‍ പറയുന്നു.
ആയിരക്കണക്കിന് സര്‍വീസുകള്‍ റദ്ദാകുകയും വൈകുകയും ചെയ്തതോടെ കുറച്ച് ദിവസങ്ങളായി ഇന്ത്യന്‍ വ്യോമയാന മേഖല പതിവില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. വ്യോമയാന മേഖലയിലെ 65 ശതമാനം സര്‍വീസുകളും ഇന്‍ഡിഗോയാണ് കൈകാര്യം ചെയ്യുന്നത്. പുതിയ സാഹചര്യത്തില്‍ ഇതിന് മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതുവരെ ഉണ്ടായത് ഇൻഡിഗോയുടെ ആഭ്യന്തര വിഷയമാണെന്നും സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും കഴിഞ്ഞ ദിവസം കേന്ദ്രവ്യോമയാന മന്ത്രി കെ. റാം മോഹന്‍ നായിഡു രാജ്യസഭയില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വെറുതെയിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റുള്ള എയര്‍ലൈന്‍ കമ്പനികള്‍ക്കും മാതൃകയാകുന്ന രീതിയിലുള്ള അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
വ്യോമയാന മേഖലയില്‍ ഏകാധിപത്യം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി കൂടുതല്‍ കമ്പനികള്‍ക്ക് അവസരം നല്‍കുമെന്നും അറിയിച്ചു. ഇന്ത്യയില്‍ അഞ്ച് വലിയ വിമാനക്കമ്പനികള്‍ക്ക് കൂടി അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ വ്യോമയാന രംഗത്തിന്റെ 90 ശതമാനവും ഇന്‍ഡിഗോയുടെയും എയര്‍ഇന്ത്യയുടെയും കൈവശമാണ്. ആകാശ എയര്‍ലെന്‍സ്, സ്‌പൈസ് ജെറ്റ് തുടങ്ങിയ ചില കമ്പനികളുടെ വിമാനങ്ങളാണ് ബാക്കി കൈവശം വെച്ചിരിക്കുന്നത്. അടുത്തിടെ കേരളത്തിലേത് അടക്കം ചില വിമാനക്കമ്പനികള്‍ക്ക് കേന്ദ്രം അനുമതി നല്‍കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പിന്നീട് കാര്യങ്ങള്‍ മന്ദഗതിയിലായി. പുതിയ സാഹചര്യത്തില്‍ ഈ കമ്പനികള്‍ക്ക് ഇന്ത്യയുടെ ആകാശം കീഴടക്കാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine