തൊഴിലില്ലായ്മ കൂടുതല്‍ പുരുഷന്‍മാര്‍ക്കിടയില്‍; തൊഴിലെടുക്കുന്നവര്‍ കൂടുതല്‍ ഗ്രാമങ്ങളില്‍; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കണക്കുകള്‍ പറയുന്നത്..

തൊഴിലില്ലായ്മ നിരക്ക് മാസം തോറും പ്രസിദ്ധീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തൊഴില്‍ മേഖലയില്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍
unemployment rate
unemployment ratePhoto : Canva
Published on

ഇന്ത്യയില്‍ തൊഴിലില്ലാത്തവരുടെ എണ്ണം സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്‍മാര്‍ക്കിടയില്‍. കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ട ഏപ്രില്‍ മാസത്തിലെ ദേശീയ തൊഴിലില്ലായ്മ കണക്കില്‍ തൊഴില്‍ രഹിതരുടെ നിരക്കില്‍ സ്ത്രീകളും പുരുഷന്‍മാരും തമ്മിലുള്ള വ്യത്യാസം നേര്‍ത്തതാണ്. അഥവാ, ഇന്ത്യയില്‍ പുരുഷന്‍മാര്‍ക്കൊപ്പം തന്നെ തൊഴില്‍ രംഗത്ത് സജീവമാണ് സ്ത്രീകളും. ഇതുവരെ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സര്‍ക്കാര്‍ പുറത്തു വിട്ടിരുന്ന ദേശീയ തൊഴിലില്ലായ്മ കണക്കുകള്‍ മാസം തോറും പരസ്യപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമാണ് ഏപ്രില്‍ മാസത്തെ കണക്കുകള്‍. ദേശീയ തൊഴില്‍ ശക്തി കണക്കുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് ഇത്.

തൊഴിലില്ലായ്മ 5.1 ശതമാനം

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പരസ്യപ്പെടുത്തിയ കണക്ക് പ്രകാരം രാജ്യത്ത് ഏപ്രില്‍ മാസത്തെ തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനമാണ്. 15 വയസില്‍ മുകളിലുള്ളവരുടെ മൊത്ത കണക്കാണിത്. പുരുഷന്‍മാര്‍ക്കിടയിലെ തൊഴില്‍ രഹിതരുടെ നിരക്ക് 5.2 ശതമാനവും സ്ത്രീകള്‍ക്കിടയില്‍ 5 ശതമാനവുമാണ്.

തൊഴിലാളികള്‍ കൂടുതല്‍ ഗ്രാമങ്ങളില്‍

ഇന്ത്യയില്‍ തൊഴിലുള്ളവര്‍ മൊത്തം ജനസംഖ്യയുടെ 55.6 ശതമാനം. ഗ്രാമീണ മേഖലയില്‍ 58 ശതമാനം പേര്‍ തൊഴിലെടുക്കുമ്പോള്‍ നഗരങ്ങളില്‍ ഇത് 50.7 ശതമാനമാണ്. പുരുഷന്‍മാര്‍ക്കിടയില്‍ ഗ്രാമീണ മേഖലയിലെ തൊഴില്‍ ലഭ്യത 79 ശതമാനവും നഗരങ്ങളില്‍ 75.3 ശതമാനവുമാണ്. ഗ്രാമീണരായ സ്ത്രീകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ 38.2 ശതമാനം മാത്രമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, 15 വയസിന് മുകളിലുള്ളവര്‍ക്കിടയിലെ തൊഴില്‍-ജനസംഖ്യാ അനുപാതം (Worker Population Ratio) 52.8 ശതമാനമാണ്. ഗ്രാമീണ മേഖലയില്‍ ഇത് 55.4 ശതമാനവും നഗരങ്ങളില്‍ 47.4 ശതമാനവും. ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്കിടയിലെ തൊഴില്‍-ജനസംഖ്യാ അനുപാതം 36.8 ശതമാനവും നഗരങ്ങളില്‍ 23.5 ശതമാനവുമാണ്.

ദേശീയ തലത്തിലെ തൊഴിലില്ലായ്മ നിരക്ക് നേരത്തെ പ്രതീക്ഷിച്ചിരുന്ന 7.73 ശതമാനമാനത്തേക്കാള്‍ കുറവാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നഗരങ്ങളില്‍ 6.5 ശതമാനവും ഗ്രാമങ്ങളില്‍ 4.5 ശതമാനവുമാണ് പ്രതീക്ഷിച്ചിരുന്ന നിരക്ക്. തൊഴിലില്ലായ്മ നിരക്കുകള്‍ മാസം തോറും പ്രസിദ്ധീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തൊഴില്‍ മേഖലയില്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com