ക്രിപ്‌റ്റോ ആരാധകര്‍ ആഹ്ലാദിപ്പിന്‍, രാജ്യത്തെ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളില്‍ നിര്‍ണായക മാറ്റം വന്നേക്കും

ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് നിലവില്‍ കടുത്ത നിയന്ത്രണം! ബജറ്റില്‍ കൂടുതല്‍ കടുപ്പിച്ചു, വരുമാനത്തിന് ഉയര്‍ന്ന നികുതി നല്‍കണം
crypto currency background, indian girl with a mobile phone in her hand
canva
Published on

ക്രിപ്‌റ്റോകറന്‍സികളുമായി ബന്ധപ്പെട്ട കടുത്ത നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്രിപ്‌റ്റോ അനുകൂല നിലപാടുകളാണ് കേന്ദ്രത്തിന്റെ നയം മാറ്റത്തിന് പിന്നിലെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ക്രിപ്‌റ്റോ നയത്തില്‍ വിദേശരാജ്യങ്ങള്‍ മാറ്റം വരുത്തുമ്പോള്‍ ഇന്ത്യയും മാറി നില്‍ക്കേണ്ട കാര്യമില്ലെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത് പറഞ്ഞു. എന്നാല്‍ ഏത് രീതിയുള്ള മാറ്റമാണ് ഇക്കാര്യത്തില്‍ ഉണ്ടാവുകയെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.

ഇപ്പോഴത്തെ നിയമം ഇങ്ങനെ

നിലവിലെ നിയമം അനുസരിച്ച് ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിയമസാധുതയില്ല. പക്ഷേ പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തിയിട്ടുമില്ല. ക്രിപ്‌റ്റോ ഇടപാടില്‍ നിന്നും വരുമാനം ലഭിക്കുന്നുണ്ടെങ്കില്‍ നികുതി അടക്കണം. 30 ശതമാനം ആദായ നികുതിക്ക് പുറമെ ഒരു ശതമാനം ഉറവിട നികുതിയുമാണ് അടക്കേണ്ടത്. നിലവില്‍ ഇവയെ വിര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളാക്കി കണക്കാക്കിയാണ് നികുതി ഈടാക്കിയിരുന്നതെങ്കില്‍ പുതിയ ബജറ്റില്‍ നിയമങ്ങള്‍ കടുപ്പിച്ചു. ക്രിപ്‌റ്റോകറന്‍സി, എന്‍.എഫ്.റ്റി( നോണ്‍ ഫഞ്ചിബിള്‍ ടോക്കണ്‍) എന്നിവയെ വെളിപ്പെടുത്താത്ത ആസ്തികളായി (Undisclosed Income) കണക്കാക്കി ഉയര്‍ന്ന നികുതി ചുമത്തുമെന്നാണ് പ്രഖ്യാപനം. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ക്രിപ്‌റ്റോ വരുമാനത്തിന് അധിക നികുതി കൊടുക്കേണ്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

നയം മാറ്റത്തിന് പിന്നില്‍

ഇന്ത്യയില്‍ ക്രിപ്‌റ്റോകറന്‍സികള്‍ നിയമവിധേയമാക്കരുതെന്ന നിലപാടാണ് റിസര്‍വ് ബാങ്കിനുള്ളത്. ധനവിനിമയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാല്‍ സമ്പദ് രംഗത്തെ എങ്ങനെ നിയന്ത്രിക്കുമെന്നാണ് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ ചോദ്യം. എന്നാല്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് ക്രിപ്‌റ്റോകറന്‍സികളോട് അനുകൂലമായ നിലപാടാണുള്ളത്. അടുത്തിടെ ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ തീരുമാനിക്കുന്നതിന് ക്രിപ്‌റ്റോകറന്‍സി വര്‍ക്കിംഗ് ഗ്രൂപ്പിനും ട്രംപ് ഭരണകൂടം തുടക്കമിട്ടിരുന്നു. അടുത്തിടെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിലും ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു. ആഗോള സാമ്പത്തിക ഇടപാടുകളില്‍ നിര്‍ണായക മാറ്റം വരുത്താന്‍ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ശേഷിയുണ്ടെന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com