റഷ്യൻ എണ്ണയ്ക്ക് ചൈനയുടെ മത്സരം; ഇന്ത്യയ്ക്ക് ചെലവേറിയ ക്രൂഡ് വാങ്ങേണ്ടിവരും, ഇന്ധനവിലയിലും സമ്മർദ്ദം

സെപ്റ്റംബറില്‍ ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ വരവ് പ്രതിദിനം ഏകദേശം 17.5 ലക്ഷം ബാരലായി കുറയും. ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായിരിക്കും ഇത്
റഷ്യൻ എണ്ണയ്ക്ക് ചൈനയുടെ മത്സരം; ഇന്ത്യയ്ക്ക് ചെലവേറിയ ക്രൂഡ് വാങ്ങേണ്ടിവരും, ഇന്ധനവിലയിലും സമ്മർദ്ദം
Published on: 

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. കയറ്റുമതിയിലെ കുറവും ചൈന വാങ്ങല്‍ വര്‍ധിപ്പിച്ചതും കാരണം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഇന്ത്യയിലേക്കുള്ള റഷ്യന്‍ ക്രൂഡ് ഓയില്‍ വരവ് കുറയാന്‍ സാധ്യതയുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഇന്ത്യയുടെ ഊര്‍ജ വിപണിക്ക് മേല്‍ വലിയ സാമ്പത്തിക ഭാരമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ വര്‍ഷം ശേഷിക്കുന്ന മാസങ്ങളില്‍ ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ വില നല്‍കി ക്രൂഡ് വാങ്ങേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 മുതല്‍ റഷ്യയുടെ യുറല്‍സ് ക്രൂഡിന്റെ ഏറ്റവും വലിയ വാങ്ങല്‍ക്കാരാണ് ഇന്ത്യ. യുക്രെയ്‌നെതിരായ യുദ്ധംമൂലം യൂറോപ്പിലേക്കുള്ള വില്‍പന കുറഞ്ഞപ്പോള്‍ റഷ്യ നല്‍കിയ വലിയ വിലക്കിഴിവ് ഇന്ത്യന്‍ റിഫൈനറികള്‍ക്ക് നേട്ടമായിരുന്നു.

ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് പശ്ചിമേഷ്യന്‍ എണ്ണയുടെ ലഭ്യത കുറഞ്ഞതോടെ ചൈന റഷ്യയില്‍ നിന്നുള്ള വാങ്ങല്‍ കൂട്ടി. നേരത്തേ ചരക്കുകള്‍ ബുക്ക് ചെയ്യാനും കൂടുതല്‍ വില നല്‍കാനും ചൈനീസ് കമ്പനികള്‍ തയാറാകുന്നതായി റഷ്യന്‍ കമ്പനികള്‍ വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബറിലും ഇറക്കുമതി കുറയുന്നു

ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ കെപ്ലറിന്റെ കണക്കനുസരിച്ച്, സെപ്റ്റംബറില്‍ ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ വരവ് പ്രതിദിനം ഏകദേശം 17.5 ലക്ഷം ബാരലായി കുറയും. ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായിരിക്കും ഇത്. ജൂലൈയെ അപേക്ഷിച്ച് ഓഗസ്റ്റില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 16.5% കുറഞ്ഞ് പ്രതിദിനം ഏകദേശം 21 ലക്ഷം ബാരലായിരുന്നു. വരവ് കുറഞ്ഞെങ്കിലും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാര്‍ റഷ്യ തന്നെയാണ്.

യുക്രെയ്‌നിന്റെ നിരന്തര ഡ്രോണ്‍ ആക്രമണം മൂലം റഷ്യയുടെ കരിങ്കടല്‍ തുറമുഖമായ നൊവൊറോസിസ്‌കില്‍ നിന്നുള്ള കയറ്റുമതി പകുതിയായി കുറഞ്ഞിരുന്നു. ഇതും ലഭ്യത ഇടിയാന്‍ കാരണമായി.

ബദല്‍ മാര്‍ഗങ്ങള്‍ തേടി എണ്ണക്കമ്പനികള്‍

റഷ്യന്‍ എണ്ണയുടെ കുറവ് നികത്താന്‍ ഇന്ത്യന്‍ റിഫൈനറികള്‍ യുഎഇയുടെ മര്‍ബാന്‍ ക്രൂഡും ഇറാഖിന്റെ ബസ്ര ക്രൂഡും അംഗോളയില്‍ നിന്നുള്ള എണ്ണയും ലക്ഷ്യം വയ്ക്കുന്നുണ്ട്. ഇതിന് റഷ്യന്‍ എണ്ണയേക്കാള്‍ വില കൂടുതല്‍ നല്‍കേണ്ടി വരും. എന്നാല്‍ യാത്രാച്ചെലവും സമയവും കുറവാണ്.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണവാങ്ങലും ഇന്ത്യ അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. വെനസ്വേലയില്‍ ഭരണമാറ്റം വന്നതോടെ അവിടെ നിന്നുള്ള എണ്ണലഭ്യതയും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, റഷ്യന്‍ എണ്ണയ്ക്ക് ലഭിച്ചിരുന്ന ഡിസ്‌കൗ്ണ്ട് കിട്ടില്ലെന്നതാണ് ന്യൂനത.

ഇന്ധനവില കൂടിയേക്കും?

ക്രൂഡ് വില ബാരലിന് 100 ഡോളര്‍ കടന്നതോടെ ഇന്ത്യന്‍ പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ക്ക് പ്രതിദിനം ഏകദേശം 530 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇന്ത്യന്‍ ഓയില്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍ തുടങ്ങിയ കമ്പനികളുടെയെല്ലാം ചേര്‍ത്തുള്ള കണക്കാണിത്. എണ്ണവില 110 ഡോളറിലേക്ക് എത്തിയതോടെ ഈ നഷ്ടം വീണ്ടും കൂടും.

പെട്രോളില്‍ ലിറ്ററിന് എട്ടു രൂപയും ഡീസലിന് ഒന്‍പത് രൂപയും ലിറ്ററിന് നഷ്ടമാകുന്നുണ്ട്. ഗാര്‍ഹിക എല്‍പിജിയില്‍ സിലിണ്ടറിന് ഏകദേശം 300 രൂപയാണ് നഷ്ടം. പ്രതിദിന നഷ്ടം കുറയ്ക്കാന്‍ ഇന്ധന വില വര്‍ധിപ്പിക്കണമെന്നാണ് എണ്ണക്കമ്പനികളുടെ ആവശ്യം. അതേസമയം, ഇക്കാര്യത്തില്‍ വളരെ തിടുക്കപ്പെട്ടൊരു തീരുമാനം എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുതിര്‍ന്നേക്കില്ല.

ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പെട്രോള്‍, ഡീസല്‍ വില കൂട്ടിയാല്‍ തിരിച്ചടിയായേക്കുമെന്ന ഭയം കേന്ദ്രത്തിനുണ്ട്. ക്രൂഡ് വില പിടിവിട്ട് ഉയര്‍ന്നാല്‍ മാത്രമേ വിലവര്‍ധനയ്ക്ക് കേന്ദ്രം തയാറായേക്കുകയുള്ളൂ.

India may need to increase purchases of costlier alternative crude as Russian oil supplies tighten amid lower exports and stronger Chinese demand

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

ioc petrol pump
മിസൈലുകള്‍ വീഴുന്നത് മിഡില്‍ഈസ്റ്റില്‍, കത്തുന്നത് ഇന്ത്യയുടെ പോക്കറ്റ്! ക്രൂഡ് ഓയില്‍ 100 ഡോളര്‍ കടക്കുമ്പോള്‍ കാത്തിരിക്കുന്നത് വിലക്കയറ്റം?
ബംഗാളില്‍ എണ്ണയുഗത്തിന് തുടക്കം: അശോക്‌നഗര്‍ എണ്ണപ്പാടത്തുനിന്ന് ആദ്യ ക്രൂഡ് ഓയില്‍ ഹാല്‍ദിയയിലേക്ക്; മമത തടഞ്ഞ ഖനനം ഇന്ത്യയ്ക്ക് വഴിത്തിരിവാകുമോ?
Donald Trump looking serious in the foreground; behind him, Vladimir Putin and Narendra Modi are walking and talking in front of a background filled with oil barrels
```html ```
logo
DhanamOnline
dhanamonline.com