

റഷ്യന്‍ എണ്ണയെ ലക്ഷ്യമിട്ട് യുഎസ് വീണ്ടും ഉപരോധ നീക്കം ശക്തമാക്കുമ്പോഴും ഇന്ത്യയുടെ ക്രൂഡ് വാങ്ങല്‍ തന്ത്രത്തില്‍ ഉടന്‍ വലിയ മാറ്റമുണ്ടാകില്ലെന്ന് സൂചന. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ക്ക് വഴിയൊരുക്കുന്ന ബില്ലിന് യുഎസ് സെനറ്റ് കഴിഞ്ഞദിവസം അംഗീകാരം നല്കിയിരുന്നു.
എന്നാല്‍ ബില്‍ നിയമമാകാന്‍ ഇനിയും നിര്‍ണായക ഘട്ടങ്ങള്‍ ബാക്കിയുണ്ട്. യുഎസ് ജനപ്രതിനിധി സഭയുടെ അംഗീകാരവും ബില്ലിന് ലഭിക്കേണ്ടതുണ്ട്. ഓഗസ്റ്റ് 31ന് സഭ സമ്മേളിക്കുമ്പോള്‍ ബില്‍ പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷ. അവിടെയും അംഗീകാരം ലഭിച്ച ശേഷമേ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒപ്പിനായി ബില്‍ സമര്‍പ്പിക്കൂ. ഇതിനു സമയമെടുക്കും. എന്നിരുന്നാല്‍ പോലും റഷ്യന്‍ എണ്ണവാങ്ങല്‍ നയത്തില്‍ ഇന്ത്യ വലിയ പിന്മാറ്റത്തിന് തയാറാകില്ലെന്നാണ് സൂചന.
യുഎസിന്റെ ഭാഗത്തുനിന്ന് ഇത്തരം സമ്മര്‍ദങ്ങള്‍ തുടരുമെങ്കിലും ഇന്ത്യയുടെയും ചൈനയുടെയും എണ്ണവാങ്ങല്‍ നിലപാടില്‍ തല്‍ക്കാലം മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്ന് കമ്മോഡിറ്റി മാര്‍ക്കറ്റ് അനലിറ്റിക്സ് സ്ഥാപനമായ കെപ്ലര്‍ വിലയിരുത്തുന്നു.
റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് തുടക്കത്തില്‍ 500 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താനുള്ള വ്യവസ്ഥയായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ നിലവിലെ ബില്ലില്‍ പരമാവധി 100 ശതമാനം വരെയുള്ള സെക്കന്‍ഡറി താരിഫ് സംവിധാനമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. താരിഫ് കൂട്ടിയാല്‍ യുഎസില്‍ പല ഇറക്കുമതി സാധനങ്ങളുടെ വില കുതിച്ചുയകുമെന്ന ആശങ്ക ശക്തമാണ്.
പശ്ചിമേഷ്യന്‍ യുദ്ധസമയത്ത് ഉള്‍പ്പെടെ ഇന്ത്യയെ താങ്ങിനിര്‍ത്തിയത് റഷ്യയില്‍ നിന്നുള്ള ഡിസ്‌കൗണ്ട് എണ്ണയാണ്. ജൂണ്‍-ജൂലൈ മാസങ്ങളില്‍ ഇന്ത്യ പ്രതിദിനം 2.7 മില്യണ്‍ ബാരല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്തു. ഇന്ത്യയുടെ ആകെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ പകുതിയിലധികം വരുമിത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന വിലക്കുറവിലാണ് റഷ്യ ഇന്ത്യയ്ക്ക് എണ്ണ നല്കുന്നത്. ഇറക്കുമതി ചെലവ് പരമാവധി കുറയ്ക്കാന്‍ ഇതുവഴിയൊരുക്കുന്നു.
മിഡില്‍ ഈസ്റ്റ് യുദ്ധംമൂലം ആഗോളതലത്തില്‍ എണ്ണലഭ്യത ഉറപ്പുവരുത്തിയത് റഷ്യയുടെ ഇടപെടലാണ്. റഷ്യന്‍ എണ്ണയ്ക്ക് മേല്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ആഗോള ക്രൂഡ് വിപണിയില്‍ ലഭ്യത കുറയാനും വില ഉയരാനും സാധ്യതയുണ്ട്. റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്ര അളവിലുള്ള ക്രൂഡ് ഓയില്‍ പെട്ടെന്ന് മറ്റ് രാജ്യങ്ങളില്‍ നിന്ന് കണ്ടെത്തുക ബുദ്ധിമുട്ടേറിയ കാര്യമാണ്.
പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ കാര്യമായ പുരേഗതിയില്ലാത്തത് എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 2 ശതമാനത്തോളം ഇന്ന് ഉയര്‍ന്നു. 84 ഡോളറിലാണ് ഇന്നത്തെ വ്യാപാരം. ഹോര്‍മൂസ് കടലിടുക്കിലൂടെ യുദ്ധം അവസാനിപ്പിക്കാതെ കപ്പലുകളുടെ പൂര്‍ണസഞ്ചാരം അനുവദിക്കില്ലെന്ന കടുംപിടുത്തത്തിലാണ് ഇറാന്‍.
Read DhanamOnline in English
Subscribe to Dhanam Magazine