

ഡൈ അമോണിയം ഫോസ്‌ഫേറ്റ് വളം വിതരണം ചെയ്യുന്നതിന് ഇന്ത്യയും സൗദി അറേബ്യയും ദീര്‍ഘകാല കരാറൊപ്പിട്ടു. ഖനന മേഖലയില്‍ സൗദിയിലെ പ്രമുഖ കമ്പനിയായ മാദനും (Maaden) ഇന്ത്യന്‍ കമ്പനികളായ ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ് (ഐ.പി.എല്‍), കൃഷക് ഭാരതി കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (കെ.ആര്‍.ഐ.ബി.എച്ച്.സി.ഒ), കോള്‍ ഇന്ത്യ ലിമിറ്റഡ് (സി.ഐ.എല്‍) എന്നിവര്‍ തമ്മിലാണ് കരാര്‍. പ്രതിവര്‍ഷം 31 ലക്ഷം മെട്രിക്ക് ടണ്‍ ഡൈ അമോണിയം ഫോസ്‌ഫേറ്റ് അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇന്ത്യക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. ഇരുരാജ്യങ്ങളുടെയും അനുമതിയോടെ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടാനും വ്യവസ്ഥയുണ്ട്. കേന്ദ്രരാസവള വകുപ്പ് മന്ത്രി ജെ.പി നദ്ദയുടെ സൗദി സന്ദര്‍ശനത്തിന്റെ ഭാഗമാണ് കരാര്‍.
നിലവില്‍ യൂറിയ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന രാസവളമാണ് ഡൈ അമോണിയം ഫോസ്‌ഫേറ്റ്. പരമ്പരാഗതമായി ചൈനയടക്കമുള്ള രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ഈ വളം വാങ്ങിയിരുന്നത്. ചൈനയിലെ വളത്തിന്റെ ലഭ്യത, കുറഞ്ഞ വില, ഷിപ്പിംഗ് ചാര്‍ജും സമയവും കുറവ് എന്നിവയായിരുന്നു ഇന്ത്യയെ ഇതിന് പ്രേരിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഫെബ്രുവരി വരെ ചൈനയില്‍ നിന്ന് 8.47 ലക്ഷം ടണ്‍ ഡൈ അമോണിയം ഫോസ്‌ഫേറ്റ് വളം ഇന്ത്യ വാങ്ങിയെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യയിലേക്കുള്ള വളം കയറ്റുമതിയില്‍ ചൈന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ കൂടുതല്‍ പണം കൊടുത്തിട്ടെങ്കിലും വളം വാങ്ങിക്കണമെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ കമ്പനികള്‍ യൂറോപ്യന്‍, മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളിലേക്കും റഷ്യയിലേക്കും തിരിഞ്ഞു.
ഇന്ത്യയിലേക്കുള്ള വളം കയറ്റുമതിയില്‍ ചൈന ഔദ്യോഗികമായ നിരോധനമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യയിലേക്കുള്ള കാര്‍ഗോകളുടെ സുരക്ഷാ പരിശോധനയില്‍ നിന്നും ചൈനീസ് ഉദ്യോഗസ്ഥര്‍ പിന്മാറിയതോടെ ഇവ ചൈനയില്‍ തന്നെ കുടുങ്ങി. ഏതാണ്ട് 1.5-1.6 ലക്ഷം ടണ്‍ വളം ചൈനീസ് തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇത് മറികടക്കാന്‍ 80,000 മുതല്‍ ഒരുലക്ഷം ടണ്‍ വളം അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യ മറ്റ് രാജ്യങ്ങളില്‍ നിന്നും കണ്ടെത്തേണ്ടി വരും. ഇതിനിടയിലാണ് ഇന്ത്യ-സൗദി കരാര്‍ നിലവില്‍ വരുന്നത്.
ചൈനക്ക് പുറമെ ഇന്ത്യ വളം വാങ്ങുന്നത് സൗദി അറേബ്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 19 ലക്ഷം ടണ്ണും, മുന്‍വര്‍ഷത്തില്‍ 16 ലക്ഷം ടണ്‍ വളവുമാണ് സൗദി ഇന്ത്യയിലെത്തിച്ചത്. ഒരു കോടി മുതല്‍ 1.1 കോടി ടണ്‍ വരെ വളമാണ് ഒരു വര്‍ഷത്തില്‍ ശരാശരി ഇന്ത്യക്ക് ആവശ്യമായി വരുന്നതെന്നാണ് കണക്ക്. ഇതില്‍ 60 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ന്യൂട്രീഷന്‍ ബേസ്ഡ് സബ്‌സിഡി പദ്ധതി വഴി ഇവക്ക് കേന്ദ്രസര്‍ക്കാരിന്റെ സബ്‌സിഡിയും ലഭിക്കും. സൗദിയില്‍ നിന്ന് കൂടുതല്‍ ഡൈ അമോണിയം ഫോസ്‌ഫേറ്റ് വളമെത്തുന്നതോടെ രാജ്യത്തെ കാര്‍ഷിക മേഖലയില്‍ വലിയ ഉണര്‍വുണ്ടാകുമെന്നാണ് പ്രതീക്ഷ.
Three Indian firms—IPL, KRIBHCO and CIL—will import 3.1 mn t of DAP yearly for five years under a long-term deal with Saudi miner Ma’aden, boosting fertiliser security.
Read DhanamOnline in English
Subscribe to Dhanam Magazine