

ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യ-യുഎസ് വാണിജ്യ കരാറിന്റെ ഗതി ഇനിയെന്താണ്? ആറാം വട്ട ചര്‍ച്ചക്കായി അമേരിക്കന്‍ ഉദ്യോഗസ്ഥ സംഘം ഈ മാസം 25 ന് ഡല്‍ഹിയില്‍ എത്താനിരിക്കെയാണ് പ്രസിഡന്റ് ട്രംപിന്റെ പുതിയ ഇരുട്ടടി. റഷ്യയുമായുള്ള എണ്ണ ഇടപാടിന്റെ പേരില്‍ ഇന്ത്യക്ക് കനത്ത പിഴച്ചുങ്കം ഏര്‍പ്പടുത്തിയ ട്രംപിന്റെ തീരുമാനം വ്യാപാര കരാര്‍ ചര്‍ച്ചകളെ പുറകോട്ടടിക്കുമെന്ന സംശയമുയര്‍ന്നിട്ടുണ്ട്. ചര്‍ച്ചകള്‍ താല്‍കാലികമായി സ്തംഭനാവസ്ഥയിലാകുമെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നല്‍കുന്ന സൂചന.
പിഴച്ചുങ്കം ഉള്‍പ്പടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം നികുതി ചുമത്താനുള്ള അമേരിക്കയുടെ തീരുമാനം പിന്‍വലിപ്പിക്കാന്‍ ഇന്ത്യ ചര്‍ച്ചകള്‍ ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക വിഭാഗം സെക്രട്ടറി ദാമു രവി പറഞ്ഞു. ബ്രസീല്‍-ഇന്ത്യ ഫോറം ചര്‍ച്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയുടെ തീരുമാനത്തിന് പിന്നില്‍ യുക്തിയോ വിശ്വാസയോഗ്യമായ കാരണമോ കാണുന്നില്ല. തുടര്‍ച്ചയായ ചര്‍ച്ചകളിലൂടെ നികുതിയില്‍ ഇളവ് വരുത്താന്‍ കഴിയുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ധാരണയിലെത്തി വരികയായിരുന്നു. എന്നാല്‍ ട്രംപിന്റെ പുതിയ പ്രഖ്യാപനത്തോടെ അത് തടസപ്പെട്ടിരിക്കുന്നു. എങ്കിലും ചര്‍ച്ചകള്‍ തുടരും. ദാമു രവി അഭിപ്രായപ്പെട്ടു. അമേരിക്കയുടെ ഉയര്‍ന്ന നികുതി ഇന്ത്യയെ തളര്‍ത്തില്ലെന്നും മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, തെക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ പുതിയ വിപണി ഇന്ത്യ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് അതിജീവിക്കാനുള്ള പ്രധാന പ്രതിസന്ധിയുടെ ഘട്ടം തന്നെയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ എണ്ണയുടെ പേരില്‍ ഇന്ത്യയെ ശിക്ഷിക്കുന്ന ട്രംപ്, ഇന്ത്യ ഡോളര്‍ ഇതര കറന്‍സികളില്‍ ഇടപാടുകള്‍ നടത്തുമോയെന്ന് ഭയപ്പെടുന്നുണ്ടെന്നും നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യയും റഷ്യയും ചൈനയും ബ്രസീലും ഉള്‍പ്പെടുന്ന ബ്രിക്‌സ് രാജ്യങ്ങള്‍ ബ്രിക്‌സ് കറന്‍സിയില്‍ വ്യാപാരം നടത്തിയാല്‍ അത് ഡോളറിനെ ബാധിക്കും. ഇത്തരമൊരു നീക്കത്തിന് ഇന്ത്യ കൂട്ടുനില്‍ക്കുന്നവെന്ന വിമര്‍ശനം ട്രംപ് ഉയര്‍ത്തിയിട്ടുണ്ട്. ബ്രിക്‌സ് കറന്‍സി ഉപയോഗിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ദാമു രവി വ്യക്തമാക്കി. അതേ സമയം, ഡോളറുമായുള്ള ഇടപാടുകളില്‍ നിന്ന് പിന്‍മാറുന്ന കാര്യം ഇന്ത്യ ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine