റെയില്‍വെ വികസനത്തില്‍ ഇന്ത്യയും സ്‌പെയിനും ധാരണ; ബംഗളുരുവില്‍ സ്പാനിഷ് കോണ്‍സുലേറ്റ്
റെയില്‍വെ വികസന രംഗത്ത് ഇന്ത്യയും സ്‌പെയിനും തമ്മില്‍ ധാരണാ പത്രം. ഈ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, റെയില്‍വെ സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളുടെ നവീകരണം, ദീര്‍ഘദൂര റെയില്‍പാതകളുടെ നിര്‍മാണം, ചരക്ക് ഗതാഗത ശൃംഖലകളുടെ വികസനം തുടങ്ങിയ മേഖലകളിലാണ് ഇരുരാജ്യങ്ങളും സഹകരിക്കുക. ഇന്ത്യ സന്ദര്‍ശിക്കുന്ന സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഗുജറാത്തിലെ വഡോദരയില്‍ ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു. വിവിധ റെയില്‍ പദ്ധതികളുടെ വിശദരൂപം വൈകാതെ തയാറാക്കും. ഇരു രാജ്യങ്ങളിലെയും സ്വകാര്യ കമ്പനികളെ കൂടി ഉള്‍പ്പെടുത്തിയാകും വികസനം നടപ്പാക്കുക.
ടൂറിസം മേഖലയിലും സഹകരണം
അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, ടൂറിസം, സാംസ്‌കാരിക വിനിമയം എന്നീ മേഖലകളിലാണ് ഇരു നേതാക്കളും പ്രധാന ധാരണാപത്രങ്ങള്‍ ഒപ്പു വെച്ചത്. 2026 ല്‍ ഇന്ത്യയും സ്‌പെയിനും തമ്മില്‍ മൂന്നു മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള പദ്ധതികള്‍ നടപ്പിലാക്കും. ടൂറിസം, നിര്‍മിത ബുദ്ധി, സാംസ്‌കാരിക വിനിമയം എന്നിവയാണ് പ്രധാന്യം നല്‍കുന്ന മേഖലകള്‍.
ബംഗളുരുവില്‍ സ്പാനിഷ് കോണ്‍സുലേറ്റ്
ബംഗളുരുവില്‍ സ്‌പെയിനിന്റെ കോണ്‍സുലേറ്റ് ആരംഭിക്കുന്നതിനും ധാരണയായി. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ബാഴ്‌സലോണയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഗസ്റ്റില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. സ്പാനിഷ് പ്രസിഡന്റിനൊപ്പം രണ്ട് മന്ത്രിമാരും 15 സ്പാനിഷ് കമ്പനികളുടെ സി.ഇ.ഒമാരും ഇന്ത്യാ സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.