എന്താണ്, എന്തിനാണ് മോക്ഡ്രില്‍? പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍ ദേശവ്യാപക സുരക്ഷാ അഭ്യാസം നാളെ, ഇന്ത്യയെ സജ്ജമാക്കുന്നത് യുദ്ധത്തിലേക്കോ? അതോ, മുന്‍കരുതലോ?

അടിയന്തര സാഹചര്യങ്ങളിൽ സാധാരണക്കാര്‍ പ്രതികരിക്കേണ്ടത് എങ്ങനെയെന്ന് പരിശീലിക്കാനുളള വ്യായാമമാണ് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ
India army
Image courtesy: en.wikipedia.org/wiki/Indian_Army
Published on

ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയിൽ തുടർച്ചയായ 12-ാം ദിവസം രാത്രിയും ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക് മേഖലയില്‍ നിന്നുളള വെടിവയ്പ്പ് നടന്നു. കുപ്‌വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ഥാര്‍, നവ്‌ഷേര, സുന്ദര്‍ബനി, അഖ്നൂർ എന്നിവയ്ക്ക് എതിർവശത്തുള്ള പ്രദേശങ്ങളില്‍ നിന്ന് പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു.

സംഘര്‍ഷ സാധ്യതകള്‍ രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി തിരഞ്ഞെടുത്ത 244 ജില്ലകളില്‍ മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. നാളെയാണ് (ബുധനാഴ്ച) മോക് ഡ്രില്ലുകള്‍ നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് മുന്നോടിയായി ഇന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു.

എന്താണ് മോക്ക് ഡ്രിൽ

യുദ്ധം, മിസൈൽ ആക്രമണം, വ്യോമാക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ സാധാരണക്കാരും സർക്കാർ സംവിധാനങ്ങളും പ്രതികരിക്കേണ്ടത് എങ്ങനെയെന്ന് പരിശീലിപ്പിക്കുന്നതാണ് സിവില്‍ ഡിഫൻസ് മോക്ക് ഡ്രിൽ. 1962 ൽ ലഡാക്കിലും അരുണാചൽ പ്രദേശിലും ചൈനീസ് സൈന്യം നിയമവിരുദ്ധമായി വലിയ തോതിൽ ഭൂമി കൈവശപ്പെടുത്തിയപ്പോഴാണ് ഈ ആശയം ആദ്യമായി നടപ്പാക്കിയത്.

മോക്ക് ഡ്രില്ലിന്റെ പ്രധാന വശങ്ങൾ

വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുക.

ഇന്ത്യൻ വ്യോമസേനയുമായുള്ള ഹോട്ട്‌ലൈൻ/റേഡിയോ കമ്മ്യൂണിക്കേഷൻ ലിങ്കുകളുടെ പ്രവർത്തനക്ഷമത വിലയിരുത്തുക.

കൺട്രോൾ റൂമുകളുടെയും ഷാഡോ കൺട്രോൾ റൂമുകളുടെയും പ്രവർത്തനക്ഷമത പരിശോധിക്കുക.

ശത്രുക്കളുടെ ആക്രമണമുണ്ടായാൽ സ്വയം സംരക്ഷിക്കുന്നതിന് ജനങ്ങള്‍ക്കും വിദ്യാർത്ഥികള്‍ക്കും പരിശീലനം നൽകുക.

അഗ്നിശമന സേന, രക്ഷാപ്രവർത്തന ദൗത്യ സംഘം തുടങ്ങിയ സര്‍വീസുകളെ സജീവമാക്കി, അവരുടെ പ്രതികരണങ്ങള്‍ പരിശോധിക്കുക.

ജില്ലാ കൺട്രോളർമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സിവിൽ ഡിഫൻസ് വാർഡന്മാർ, വളണ്ടിയർമാർ, ഹോം ഗാർഡുകൾ, എൻ.സി.സി, നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്), കോളേജ്, സ്കൂൾ വിദ്യാർത്ഥികൾ എന്നിവരുടെ സജീവ പങ്കാളിത്തം സുരക്ഷാ അഭ്യാസത്തിൽ ഉണ്ടായിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.

മോക്ക് ഡ്രില്ലിനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരുന്നുണ്ട്. മിക്ക സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ വീഡിയോ കോൺഫറൻസിംഗിലൂടെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

അതേസമയം, പഹൽഗാം ഭീകരാക്രമണം സംബന്ധിച്ച് ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ രഹസ്യ ചര്‍ച്ചയില്‍ പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ പങ്കാളിത്തത്തെക്കുറിച്ച് അംഗങ്ങൾ പാക്കിസ്ഥാനോട് ചോദിച്ചു. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ചർച്ചകളിൽ യുഎൻ സുരക്ഷാ സമിതി അംഗങ്ങൾ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Amid Pakistan border tensions, India to conduct nationwide mock drills; UN slams Pakistan over terror involvement.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com