മൊബൈല്‍, ഇലക്ട്രോണിക്സ് തുടങ്ങിയ ഇ മാലിന്യം ഒഴിവാക്കാന്‍ ഇന്ത്യയുടെ പദ്ധതികള്‍ ഇങ്ങനെ

ഇ-മാലിന്യങ്ങൾ കൈകാര്യം ചെയ്യാൻ റിപ്പയറബിലിറ്റി സൂചിക ആസൂത്രണം ചെയ്യുന്നു
e-waste
Image Courtesy: Canva
Published on

വർധിച്ചുവരുന്ന ഇ-മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനും എളുപ്പത്തിൽ നന്നാക്കാവുന്ന വസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്നതിന് നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി മൊബൈൽ ഫോണുകൾക്കും ഇലക്‌ട്രോണിക് ഉൽപന്നങ്ങൾക്കും റിപ്പയറബിലിറ്റി സൂചിക കൊണ്ടുവരാൻ ഇന്ത്യ ആസൂത്രണം ചെയ്യുന്നു. ഉപഭോക്തൃകാര്യ മന്ത്രാലയമാണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്. ഒരു ഉൽപ്പന്നം നന്നാക്കാൻ കഴിയുന്ന സാധ്യതകളെകുറിച്ചു ഉപഭോക്താക്കളെ അറിയിക്കുകയാണ് റിപ്പയറബിലിറ്റി സൂചികയിലൂടെ ലക്ഷ്യമിടുന്നത്.

എന്താണ് റിപ്പയറബിലിറ്റി സൂചിക

ഒരു ഉൽപ്പന്നം വീണ്ടും ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് ഉപഭോക്താക്കളെ ബോധവാനാക്കുന്നതിനാണ് റിപ്പയർബിലിറ്റി സൂചിക രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫ്രഞ്ച് ഗവേഷകരും പരിശീലകരും വികസിപ്പിച്ചെടുത്ത സൂചിക 2021 ജനുവരി മുതൽ ഫ്രാൻസിൽ ഉപയോഗത്തിലുണ്ട്. സ്പെയർ പാർട്സ് ലഭ്യത, വില തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഉൽപ്പന്നത്തിനെ വീണ്ടും ഉപയോഗിക്കാനുള്ള സാധ്യത എത്രയെന്നു പൂജ്യം മുതൽ 10 വരെയുള്ള സ്‌കോർ ഉപയോഗിച്ചു വിശദീകരിക്കുന്നു. ഒരു ഉപഭോക്താവിന് സ്വയം എത്ര എളുപ്പത്തിൽ ഒരുല്‍പ്പന്നം നന്നാക്കാൻ കഴിയുമെന്ന് സൂചിപ്പിക്കാനും റിപ്പയറബിലിറ്റി സൂചിക സഹായിക്കുന്നു.

മൊബൈൽ, ഇലക്ട്രോണിക്സ് മേഖലയിൽ നിന്നുള്ള 23 കമ്പനികൾ ഉൾപ്പെടെ 63 കമ്പനികൾ അടങ്ങുന്ന റൈറ്റ് ടു റിപ്പയർ പോർട്ടൽ സർക്കാർ ഇതിനോടകം രൂപീകരിച്ചിട്ടുണ്ട്. ചൈനയ്ക്കും യു.എസിനും ശേഷം ആഗോളതലത്തിൽ മൂന്നാമത്തെ വലിയ ഇലക്ട്രോണിക് മാലിന്യം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇ-മാലിന്യം കുറയ്ക്കാൻ സുസ്ഥിരമായ രീതികൾ പ്രോത്സാഹിപ്പിക്കുക, ഇന്ത്യയുടെ വളരുന്ന ഇലക്ട്രോണിക്സ് വിപണിയിൽ കൂടുതൽ ചെറുകിട സേവന അവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com