ചിപ്പ് ക്ഷാമം പരിഹരിക്കാൻ തായ്‌വാനുമായി കൈകോർക്കാൻ ഇന്ത്യ

കോവിഡിനെ തുടർന്ന് രാജ്യത്തെ വാഹന- മൊബൈൽ വ്യവസായങ്ങൾ ഉൾപ്പടെയുള്ളവ നേരിട്ട ഏറ്റവും പ്രതിസന്ധി സെമി-കൺറ്റക്റ്റർ ചിപ്പുകളുടെ ക്ഷാമം ആയിരുന്നു . ഇതിനെ തുടർന്ന് മാരുതി സുസുക്കി ഉൾപ്പടെ ഭൂരിഭാഗം വാഹന നിർമാതാക്കളും വില വർധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ ചിപ്പ് നിർമാണം ഇന്ത്യയിലേക്ക് കൊണ്ടുവരാനായി തായ്‌വാനുമായി കരാറുണ്ടാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

ആഗോളതലത്തിൽ ചിപ്പുകളുടെ 18 ശതമാനവും തായ്‌വാനിലാണ് നിർമിക്കപ്പെടുന്നത്. കൊറിയയിലെ അഞ്ച് ശതമാനം ചൈനയിലും ആണ് നിർമ്മിക്കപ്പെടുന്നത്. ചൈനീസ് സമ്മർദത്തെ അതിജീവിച്ചു കൂടുതൽ രാജ്യങ്ങളുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുകയാണ് തായ്‌വാൻ്റെ ലക്ഷ്യം. അതെ സമയം ആഗോള തലത്തിൽ ചൈനയ്ക്ക് എതിരെ രൂപപ്പെട്ട് വരുന്ന കൂട്ടായ്‌മ ഇന്ത്യക്കും ഗുണം ചെയ്യും.
5 ജി ഉപകരണങ്ങൾ മുതൽ ഇലക്ട്രിക് കാറുകൾ വരെ ലക്ഷ്യമിട്ടുള്ള 7.5 ബില്യൺ ഡോളറിൻ്റെ പദ്ധതിയാണ് ഇരുരാജ്യങ്ങളും വിഭാവനം ചെയ്യുന്നത്. ഇത് സംബന്ധിച്ചു തായ്‌വാനുമായി ഇന്ത്യ ചർച്ച നടത്തിയിരുന്നു. പദ്ധതിയുടെ മൂലധന ചെലവിൻ്റെ 50 ശതമാനവും ഇന്ത്യ ആകും വഹിക്കുക. സാമ്പത്തിക പിന്തുണയ്ക്ക് പുറമെ നികുതി ഇളവുകളും മറ്റും നൽകുന്ന ഉപയകക്ഷി കരാറിലും ഇരു രാജ്യങ്ങളും ഏർപ്പെടും.
നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ഇന്ത്യയിലേക്കുള്ള ചിപ്പുകളുടെ ഇറക്കുമതി 24 ബില്യൺ ഡോളറിൽ നിന്ന് ഏകദേശം 100 ബില്യൺ ഡോളർ എത്തുമെന്നാണ് കണക്കുകൾ പറയുന്നത്. ഇതുകൂടി മുന്നിൽ കണ്ടാണ് ഇന്ത്യയുടെ നീക്കം.
കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ടെലികോം, ഇലക്ട്രോണിക്സ് മേഖലകളിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് പ്രമുഖ ചിപ്പ് നിർമാതാക്കളായ ക്വാൽകോമിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ക്രിസ്റ്റ്യാനോ അമോനെയുമായി ചർച്ച നടത്തിയിരുന്നു. നേരത്തെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ ചിപ്പ് നിർമാനത്തിലേക്ക് കമ്പനി പ്രവേശിക്കുന്ന കാര്യം സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിലേക്ക് എത്തുന്ന ചിപ്പ് നിർമാണ കമ്പനിയാളുമായി സഹകരിക്കുമെന്ന് വേദാന്ത ഗ്രൂപ്പും അറിയിച്ചിരുന്നു .


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it