ചൈനയെ മറികടക്കും, ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് യുഎന്‍

ഒരു വര്‍ഷത്തിനുള്ളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് ഐക്യരാഷ്ട്രസഭ (യുഎന്‍). ലോക ജനസംഖ്യാ ദിനത്തോട് (ജൂലൈ 11) അനുബന്ധിച്ച് യുഎന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. 2023 ഓടെ ജനസംഖ്യയില്‍ ചൈനയെ ഇന്ത്യ മറികടക്കും.

ഇന്ത്യയിലെ ജനസംഖ്യ ഉയരുമ്പോള്‍, 2019-50 കാലയളവില്‍ ചൈനയുടെ ജനസംഖ്യ 31.4 ദശലക്ഷം അല്ലെങ്കില്‍ 2.2 ശതമാനം കുറയുമെന്നാണ് കണക്കുകൂട്ടല്‍. 2019ലെ കണക്ക് അനുസരിച്ച് ചൈനയുടെയും ഇന്ത്യയുടെയും ജനസംഖ്യ യാഥാക്രമം 144 കോടി, 139 കോടി എന്നിങ്ങനെയായിരുന്നു. ലോക ജനസംഖ്യയുടെ ഏകദേശം 37 ശതമാനത്തോളമാണ് ഇരു രാജ്യങ്ങളുടെയും സംഭാവന. കോവിഡിനെ തുടര്‍ന്ന് 2021ല്‍ പ്രസിദ്ധീകരിക്കേണ്ടിയിരുന്ന സെന്‍സസ് റിപ്പോര്‍ട്ട് ഇന്ത്യയ്ക്ക് തയ്യാറാക്കാന്‍ സാധിച്ചിരുന്നില്ല.

വികസ്വര രാജ്യങ്ങളില്‍ ഉള്‍പ്പടെ ജനന നിരക്ക് കുറയുമ്പോള്‍, ലോക ജനസംഖ്യയുടെ പകുതിയില്‍ അധികം വളര്‍ച്ചയും എട്ട് രാജ്യങ്ങളെ ആശ്രയിച്ചാവുമെന്നും യുഎന്‍ പറയുന്നു. ഇന്ത്യ, പാകിസ്ഥാന്‍, ഈജിപ്ത്, എത്യോപ്യ, നൈജീരിയ, ഫിലിപ്പൈന്‍സ്, റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവയാണ് ആ എട്ട് രാജ്യങ്ങള്‍. 2020 നവംബറോ ലോകജനസംഖ്യ 800 കോടിയില്‍ എത്തും.

നിലവില്‍ ലോകത്തെ 61 ശതമാനം ജനങ്ങളും ഏഷ്യന്‍ ഭൂഖണ്ഡത്തിലാണ്. 4.7 ബില്യണ്‍ ആണ് ഏഷ്യയിലെ ജനസംഖ്യ. 17 ശതമാനം പേരുമായി ആഫ്രിക്കയാണ് രണ്ടാമത്. 2030ല്‍ 850 കോടിയായും 2050ല്‍ 970 കോടിയായും ലോക ജനസംഖ്യ ഉയരും. 2080കളില്‍ 1040 കോടിയിലേക്ക് ഉയരുന്ന ജനസംഖ്യ 2100 വരെ വലിയ മാറ്റമില്ലാതെ തുടരുമെന്നും യുഎന്‍ റിപ്പോര്‍ട്ട് പറയും. 1950ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വേഗത്തിലാണ് ലോകജനസംഖ്യ വര്‍ധിക്കുന്നതെന്നും യുഎന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it