
രാജ്യത്തെ അതിവേഗം വളരുന്ന ബ്രാന്‍ഡായി ( Fastest growing Indian brand) അദാനി ഗ്രൂപ്പ്. അതിവേഗത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ അധിഷ്ഠിതമായ വളര്‍ച്ചയാണ് അദാനി ഗ്രൂപ്പിനെ ഈ നേട്ടത്തിന് ഉടമയാക്കിയതെന്ന് ബ്രാന്‍ഡ് ഫിനാന്‍സിന്റെ മോസ്റ്റ് വാല്യൂബിള്‍ ഇന്ത്യന്‍ ബ്രാന്‍ഡ്‌സ് 2025 റിപ്പോര്‍ട്ടില്‍ പറയുന്നു.
2024ല്‍ 3.55 ബില്യന്‍ ഡോളറിന്റെ (ഏകദേശം 30,000 കോടി രൂപ) മൂല്യമുണ്ടായിരുന്ന അദാനി ഗ്രൂപ്പ് നിലവില്‍ 6.46 ബില്യന്‍ ഡോളര്‍ (ഏകദേശം 55,000 കോടി രൂപ) കമ്പനിയാണ്. ഒരു കൊല്ലത്തില്‍ കമ്പനിയുടെ മൂല്യത്തിലുണ്ടായ മാറ്റം 2.91 ബില്യന്‍ ഡോളര്‍ അതായത് ഏകദേശം 24,800 കോടി രൂപയാണ്. 2023ല്‍ റിപ്പോര്‍ട്ട് ചെയ്ത കമ്പനിയുടെ ആകെ മൂല്യത്തിനേക്കാള്‍ കൂടുതലാണിത്. ഇന്ത്യയിലെ ടോപ് ബ്രാന്‍ഡുകളുടെ പട്ടികയില്‍ 16ാം സ്ഥാനത്ത് നിന്നും 13ലെത്താനും ഇത് അദാനി ഗ്രൂപ്പിനെ സഹായിച്ചു. കമ്പനിയുടെ ബ്രാന്‍ഡ് വാല്യൂ ഇക്കാലയളവില്‍ 82 ശതമാനം വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് തുടരുന്നു.
ലണ്ടന്‍ ആസ്ഥാനമായ ബ്രാന്‍ഡ് ഫിനാന്‍സ് ലോകത്തിലെ ഏറ്റവും പ്രമുഖമായ ബ്രാന്‍ഡ് വാല്യൂവേഷന്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയാണ്. ഒരു ബ്രാന്‍ഡിനോട് ഉപയോക്താക്കള്‍ക്കുള്ള കാഴ്ചപ്പാട്, ബ്രാന്‍ഡ് ഇംപാക്ട്, ബ്രാന്‍ഡിന്റെ ഭാവി സാമ്പത്തിക വളര്‍ച്ച തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്താണ് ഇവര്‍ ബ്രാന്‍ഡുകളുടെ റേറ്റിംഗ് നിശ്ചയിക്കുന്നത്.
ഇന്ത്യയിലെ ടോപ് 100 കമ്പനികളുടെ ആകെ മൂല്യം 236.5 ബില്യന്‍ ഡോളര്‍ (ഏകദേശം 20.22 ലക്ഷം കോടി രൂപ) ആണെന്നും ഇവരുടെ ഇന്ത്യ 100 2025 റിപ്പോര്‍ട്ടില്‍ പറയുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ (2025-26) ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച 6-7 ശതമാനമായിരിക്കും. ആഗോള വിപണിയില്‍ പ്രതിസന്ധികളുണ്ടെങ്കിലും പ്രാദേശിക വിപണിയിലെ ഡിമാന്‍ഡ് ശക്തമായത്, പൊതു-സ്വകാര്യ പങ്കാളിത്തം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാല്‍ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് മികച്ച അവസരമാണുള്ളത്.
അതേസമയം, ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡായി ഇക്കുറിയും ടാറ്റ ഗ്രൂപ്പിനെ തന്നെ തിരഞ്ഞെടുത്തു. 10 ശതമാനം വര്‍ധിച്ച് 31.6 ബില്യന്‍ ഡോളറാണ് (ഏകദേശം 2.7 ലക്ഷം കോടി രൂപ) ടാറ്റ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് മൂല്യം. 30 ബില്യന്‍ ഡോളറിന് മുകളില്‍ ബ്രാന്‍ഡ് മൂല്യം സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ ഗ്രൂപ്പും ടാറ്റ തന്നെ. ഇലക്ട്രോണിക്‌സ്, ഇ.വി, സെമിക്കണ്ടക്ടര്‍, എ.ഐ, പുനരുപയോഗ ഊര്‍ജ്ജം തുടങ്ങി നിരവധി മേഖലകളിലെ നിക്ഷേപമാണ് ഗ്രൂപ്പിനെ ഈ നേട്ടത്തിന് ഉടമയാക്കിയത്.
രണ്ടാം സ്ഥാനത്ത് ഐ.ടി കമ്പനിയായ ഇന്‍ഫോസിസാണ്. 16.31 ബില്യന്‍ ഡോളറിന്റെ മൂല്യവുമായി ഐ.ടി കമ്പനികളില്‍ ഒന്നാമതെത്തിയതും ഇന്‍ഫോസിസ് തന്നെ. 14.2 ബില്യന്‍ ഡോളറിന്റെ മൂല്യവുമായി എച്ച്.ഡി.എഫ്.സി ഗ്രൂപ്പാണ് മൂന്നാം സ്ഥാനത്തുള്ളത്. നാലാം സ്ഥാനത്ത് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും (LIC - 13.6 ബില്യന്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യം) അഞ്ചാം സ്ഥാനത്ത് റിലയന്‍സ് ഗ്രൂപ്പുമാണുള്ളത്. എസ്.ബി.ഐ, എച്ച്.സി.എല്‍ ടെക്, എയര്‍ടെല്‍, ലാര്‍സന്‍ ആന്‍ഡ് ടുര്‍ബോ, മഹീന്ദ്ര എന്നീ കമ്പനികളാണ് പട്ടികയില്‍ തൊട്ടുപിന്നിലുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine