

ഇന്ത്യ-യുഎഇ സാമ്പത്തിക ബന്ധത്തില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (CEPA) കൊണ്ടുവന്ന മാറ്റങ്ങളെക്കുറിച്ചുള്ള സുപ്രധാന പഠനം യുഎഇ-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ യുഎഇ ചാപ്റ്റര്‍ (UIBC-UC) പുറത്തിറക്കി. 'Strength in Synergy: Unlocking India-UAE CEPA Global Potential' എന്ന പേരില്‍ പുറത്തിറങ്ങിയ പഠന റിപ്പോര്‍ട്ട് വ്യാപാരം, നിക്ഷേപം, നവീന മേഖലകള്‍ എന്നിവയിലൂടെയുള്ള CEPAയുടെ ദീര്‍ഘകാല സ്വാധീനത്തെക്കുറിച്ചാണ് വിശദീകരിക്കുന്നത്.
സിഇപിഎ വെറുമൊരു വ്യാപാര കരാറല്ല, ഭാവിയിലേക്കുള്ള ഒരു ബ്ലൂപ്രിന്റാണ്. രാഷ്ട്രീയ ഇച്ഛാശക്തി, ഒരേ കാഴ്ചപ്പാട്, യോജിച്ച ശക്തികള്‍ എന്നിവയ്ക്ക് വിവിധ മേഖലാ സഹകരണത്തിനും നവീകരണത്തിനും ആഗോള നേതൃത്വത്തിനും എങ്ങനെ ഒരു മാതൃക സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഈ പങ്കാളിത്തം കാണിച്ചു തരുന്നുവെന്ന് യുഐബിസി-യു.എ.ഇ ചാപ്റ്റര്‍ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു.
പഠനത്തില്‍ വ്യക്തമാക്കുന്നതനുസരിച്ച്, 2025ന്റെ ആദ്യ പകുതിയില്‍ ഇന്ത്യ-യുഎഇ ഓയില്‍ ഉള്‍പ്പെടാത്ത വ്യാപാരം 33.9 ശതമാനം വര്‍ധിച്ച് 37.6 ബില്യണ്‍ ഡോളറിലെത്തി. ആഭരണ-ജ്വല്ലറി, ഫുഡ് പ്രോസസിംഗ്, ടെലികോം, ഹരിത ഊര്‍ജം, ഡിജിറ്റല്‍ സേവനങ്ങള്‍ തുടങ്ങിയ മേഖലകളാണ് വലിയ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്.
നിര്‍മിത ബുദ്ധി (AI), ബഹിരാകാശ സാങ്കേതികവിദ്യ, സുസ്ഥിരത, ധനകാര്യ സംയോജനം തുടങ്ങിയ നവീന മേഖലകളില്‍ സഹകരണത്തിന് പുതുവഴികള്‍ തുറന്നുവെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയില്‍ നിന്നുള്ള ശതകോടീശ്വരന്മാരുടെ ലക്ഷ്യസ്ഥാനമായി യു.എ.ഇ മാറുന്നത് തുടരുകയാണ്. ഇത് ദീര്‍ഘകാല സംയുക്ത സംരംഭങ്ങള്‍ക്ക് വഴിയൊരുക്കുന്നു.
ക്ലീന്‍ എനര്‍ജി, ഡിജിറ്റല്‍ ഇന്റഗ്രേഷന്‍, വിദ്യാഭ്യാസം, ഗവേഷണം മാനവവിഭവ വികസനം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണം. കൂടാതെ, ബ്രിക്‌സ്, ജി20, ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോര്‍ പോലുള്ള ബഹുരാഷ്ട്ര കൂട്ടായ്മകളില്‍ കൂടി പങ്കാളിത്തം ദൃഡപ്പെടുത്തണമെന്നും നിര്‍ദ്ദേശിക്കുന്നു. യോഗത്തില്‍ ഇന്ത്യ, യുഎഇ സര്‍ക്കാരുകളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രമുഖ ബിസിനസ് നേതാക്കളും പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine