
പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയും തന്ത്രപ്രധാന ഹോര്‍മൂസ് കടലിടുക്കില്‍ തടസം നേരിടുകയും ചെയ്താലും പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യത ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്ന് വിലയിരുത്തല്‍. ഒരു രാജ്യത്തില്‍ നിന്ന് മാത്രം വാങ്ങാതെ വിവിധ രാജ്യങ്ങളെ ആശ്രയിക്കുന്ന ഇന്ത്യന്‍ തന്ത്രമാണ് ഇതിന് പിന്നിലെന്നാണ് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറയുന്നത്. നിലവില്‍ ഇന്ത്യയിലേക്കുള്ള പെട്രോളിയം ടാങ്കറുകളുടെ ഭൂരിഭാഗവും ഹോര്‍മൂസ് കടലിടുക്ക് വഴിയല്ല രാജ്യത്തേക്ക് എത്തുന്നത്. ഇതിന് പുറമെ അടിയന്തര ആവശ്യത്തിനായി രാജ്യത്തിന്റെ മൂന്നിടങ്ങളില്‍ ഇന്ത്യ തന്ത്രപരമായ എണ്ണശേഖരവും (strategic crude oil reserve) ഒരുക്കിവെച്ചിട്ടുണ്ട്.
പുറത്തുനിന്നുള്ള എല്ലാ വിതരണവും നിലച്ചാലും 70-74 ദിവസം വരെ രാജ്യത്തിന് ആവശ്യമായ പെട്രോളിയം ഉത്പന്നങ്ങള്‍ എല്ലാസമയത്തും രാജ്യത്തുണ്ടാകും. ഇതിന് പുറമെയാണ് പത്ത് ദിവസത്തോളം ഉപയോഗിക്കാന്‍ പാകത്തില്‍ കരുതല്‍ ശേഖരവും ഒരുക്കിയിരിക്കുന്നത്. പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ ഇന്ത്യന്‍ സ്ട്രാറ്റെജിക് പെട്രോളിയം റിസര്‍വ്സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, കര്‍ണാടകയിലെ മംഗളൂരു, പദൂര്‍ എന്നീ സ്ഥലങ്ങളിലായി ഭൂമിക്കടിയില്‍ 5.33 മില്യന്‍ മെട്രിക് ടണ്‍ ക്രൂഡ് ഓയില്‍ ശേഖരമാണുള്ളത്. അടുത്ത മൂന്ന് സ്ഥലങ്ങളില്‍ കൂടി പെട്രോളിയം കരുതല്‍ ശേഖരം ഒരുക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.
ഭൗമോപരിതലത്തില്‍ നിന്നും 90 മീറ്റര്‍ താഴ്ചയില്‍ കിലോമീറ്ററുകളോളം നീളത്തിലുള്ള കരിങ്കല്‍ അറകളിലാണ് ക്രൂഡോയില്‍ സൂക്ഷിക്കുന്നത്. 30 നില കെട്ടിടത്തിന്റെ ആഴത്തിലാണ് ഈ അറകളുള്ളത്. 2020ല്‍ കോവിഡ് മഹാമാരിയുടെ കാലത്ത് എണ്ണവില കുത്തനെയിടിഞ്ഞതോടെ ഇന്ത്യ കൂടുതലായി ക്രൂഡോയില്‍ വാങ്ങി സൂക്ഷിച്ചിരുന്നു. ഇതിലൂടെ 5,000 കോടി രൂപയുടെ ലാഭമാണ് ഉണ്ടാക്കിയതെന്നാണ് കണക്കുകള്‍.
രാജ്യത്തിന് ആവശ്യമായി വരുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ 80 ശതമാനവും വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയിലൂടെയാണ് ഇന്ത്യ കണ്ടെത്തുന്നത്. പ്രതിദിനം 5 മില്യന്‍ ബാരല്‍ എണ്ണയാണ് ഇന്ത്യക്ക് ആവശ്യമായി വരുന്നത്. മുന്‍കാലങ്ങളില്‍ തിരഞ്ഞെടുത്ത ചില രാജ്യങ്ങളില്‍ നിന്ന് മാത്രമാണ് ഇന്ത്യയുടെ എണ്ണവാങ്ങിയിരുന്നത്. ഇന്ന് നാല്‍പതിലധികം രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പെട്രോളിയം ഉത്പന്നങ്ങള്‍ കണ്ടെത്തുന്നത്. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ റഷ്യ, പടിഞ്ഞാറന്‍ ആഫ്രിക്ക, യു.എസ്, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എണ്ണവാങ്ങാനാണ് ഇന്ത്യയുടെ പദ്ധതി. പേര്‍ഷ്യന്‍ കടലിടുക്ക് ഒഴിവാക്കിയുള്ള വ്യാപാരപാതയാണ് ഇന്ത്യ പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏപ്രില്‍-മെയ് മാസങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ വാങ്ങിയത് റഷ്യയില്‍ നിന്നാണെന്ന് കാണാം. ആകെ ഇറക്കുമതി ചെയ്തതിന്റെ 39 ശതമാനമാണിത്. യുക്രെയിന്‍ യുദ്ധത്തോടെ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത് റഷ്യന്‍ ക്രൂഡ് ഓയിലിന്റെ വിലയിടിച്ചിരുന്നു. ഇത് മുതലാക്കി ഇന്ത്യ പതിയെ റഷ്യന്‍ എണ്ണയിലേക്ക് തിരിഞ്ഞു. ജൂണിലും റഷ്യയില്‍ നിന്നുള്ള എണ്ണവാങ്ങല്‍ തകൃതിയായി നടക്കുമെന്നാണ് വിവരം. ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ, യു.എസ്.എ, നൈജീരിയ, അങ്കോള, കുവൈത്ത്, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്.
India is leveraging underground caverns to strengthen strategic oil reserves while simultaneously diversifying crude imports from Russia, Africa, the US, and Latin America to shield against global energy disruptions.
Read DhanamOnline in English
Subscribe to Dhanam Magazine