

വ്യാപാരലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ ഇന്ന് രാത്രി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. സിഎന്‍ബിസി ആവാസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൂര്‍ണ കരാറാവില്ല ഇന്ന് പ്രഖ്യാപിക്കുന്നതെന്നും തര്‍ക്കവിഷയങ്ങളെ പുറത്തു നിര്‍ത്തിയുള്ള മിനി കരാറാകും വരികയെന്നും വാര്‍ത്തയില്‍ പറയുന്നു. സര്‍ക്കാര്‍ കരാറിനെക്കുറിച്ച് ഔദ്യോഗിക വാര്‍ത്തക്കുറിപ്പുകളൊന്നും ഇതുവരെ പങ്കുവച്ചിട്ടില്ല.
ഇന്ത്യയിലെ കര്‍ഷകരെ ഗുരുതരമായി ബാധിക്കുന്ന കാര്യങ്ങളില്‍ തങ്ങള്‍ക്ക് അനുകൂല വിട്ടുവീഴ്ച്ചയ്ക്കായി അമേരിക്ക സമ്മര്‍ദം തുടരുകയാണ്. എന്നാല്‍ ഡൊണള്‍ഡ് ട്രംപിന്റെ നീക്കങ്ങളോടു വിട്ടുവീഴ്ച്ച ചെയ്യേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്.
കാര്‍ഷിക, ക്ഷീരോത്പന്ന മേഖലയിലെ തീരുവ കുറച്ച് അതുവഴി അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനാണ് ട്രംപിന്റെ സമ്മര്‍ദം. അങ്ങനെ സംഭവിക്കുന്നത് ഇന്ത്യന്‍ കര്‍ഷകര്‍ക്കും ചെറുകിട സംരംഭകര്‍ക്കും വലിയ തിരിച്ചടിയാകും.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് രാജ്യത്ത് കോടിക്കണക്കിന് ആളുകളാണ് പണിയെടുക്കുന്നത്. ഇത്തരം ഉത്പന്നങ്ങളുടെ തീരുവ കുറച്ചാല്‍ യു.എസില്‍ നിന്നുള്ള ഒഴുക്കില്‍ രാജ്യത്തെ കാര്‍ഷികമേഖല താളംതെറ്റും. വലിയ പ്രതിഷേധങ്ങള്‍ക്കും ഇതു കാരണമാകും. ഇരുതല മൂര്‍ച്ചയുള്ള വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ ഏറെ ചിന്തിച്ചു മാത്രമേ ഇന്ത്യന്‍ തീരുമാനം ഉണ്ടാകാന്‍ സാധ്യതയുള്ളൂ.
ജൂലൈ എട്ടിലെ അന്ത്യശാസനം അവസാനിക്കാനിരിക്കേ യു.എസ് 14 രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഈടാക്കുമെന്ന കത്തുനല്‍കി. ജപ്പാന്‍, ദക്ഷിണകൊറിയ, കസാക്കിസ്ഥാന്‍, മലേഷ്യ, ടൂണീഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയിലുണ്ട്. ഓഗസ്റ്റ് ഒന്നുമുതലാകും പുതിയ താരിഫ് നിലവില്‍ വരിക.
Read DhanamOnline in English
Subscribe to Dhanam Magazine