
ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം യുദ്ധത്തിന്റെ തലത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഈ രാജ്യങ്ങളിലുളള ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം. ഇസ്രായേലില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യക്കാര്‍ വർദ്ധിച്ചുവരുന്നതായാണ് കാണുന്നത്. അതേസമയം ഇറാനില്‍ താരതമ്യേന കുറഞ്ഞ എണ്ണത്തിലാണ് ഇന്ത്യക്കാരുളളത്.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ ഇന്ത്യക്കാരും ഇറാനിലേക്കോ ഇസ്രായേലിലേക്കോ യാത്ര ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം.
ഈ രണ്ട് രാജ്യങ്ങളിലുമുളള ഇന്ത്യക്കാർ നിലവില്‍ സുരക്ഷിതരാണ്. എന്നാല്‍ വ്യോമാക്രമണങ്ങള്‍ നടക്കുമ്പോള്‍ സൈനിക ലക്ഷ്യമോ ജനവാസ കേന്ദ്രമോ തമ്മിൽ വേർതിരിച്ചറിയാൻ സാധിക്കില്ലെന്ന് വിദേശകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇസ്രായേലിൽ വിദ്യാർത്ഥികളുൾപ്പെടെ 18,000 മുതൽ 20,000 വരെ ഇന്ത്യൻ പൗരന്മാരുണ്ടെന്നാണ് കണക്കാക്കുന്നത്. ഏകദേശം 85,000 ഇന്ത്യൻ വംശജരായ ജൂതന്മാരും ഇവിടെയുണ്ട്. 2023 ലെ കണക്കനുസരിച്ച് ഏകദേശം 32,000 ആണ് ഇസ്രായേലിലെ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം. 2023 നവംബറിൽ ഇന്ത്യ ഇസ്രായേലുമായി ഏര്‍പ്പെട്ട ഉഭയകക്ഷി കരാർ അനുസരിച്ച് ആയിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികളാണ് ഇസ്രായേലിൽ എത്തിയിട്ടുളളത്. 6,694 ഇന്ത്യൻ തൊഴിലാളികളാണ് 2025 മാർച്ച് വരെ കരാറിന്റെ ഭാഗമായി ഇസ്രായേലിൽ എത്തിയിട്ടുളളത്. ഭൂരിഭാഗം പേരും നിർമ്മാണ മേഖലയിലാണ് ജോലി ചെയ്യുന്നത്. കെട്ടിട നിർമ്മാണം, ഇരുമ്പ് വളയ്ക്കൽ, പ്ലാസ്റ്ററിംഗ് തുടങ്ങിയ ജോലികളിലാണ് ഇവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
നിലവിൽ ഏകദേശം 10,765 ഇന്ത്യക്കാർ ഇറാനിൽ താമസിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. വ്യാപാരികൾ, വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, മറ്റ് പ്രൊഫഷണലുകൾ എന്നിവരാണ് അവരിൽ പലരും. ഇറാനിലെ ഇന്ത്യൻ ജനസംഖ്യ പ്രധാനമായും ടെഹ്‌റാൻ, സാഹിദാൻ എന്നീ നഗരങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ചെറുകിട ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യക്കാരും ഇവരിലുണ്ട്. ഇവർ ഇന്ത്യയുമായി ഇപ്പോഴും ശക്തമായ ബന്ധമാണ് നിലനിർത്തുന്നത്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായത് ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന മറ്റ് ഗള്‍ഫ് രാജ്യങ്ങളെ നിലവില്‍ കാര്യമായി ബാധിച്ചിട്ടില്ല. എന്നിരുന്നാലും മേഖല സംഘര്‍ഷ ഭരിതമാകുന്നതും വിമാനങ്ങള്‍ വഴി തിരിച്ചു വിടുന്നതും മറ്റ് ഗള്‍ഫ് രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കിനിടയുണ്ട്. മിഡില്‍ഈസ്റ്റ് മേഖലയില്‍ യുദ്ധം രൂക്ഷമായാല്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ സാമൂഹിക പരിതഃസ്ഥിതിയില്‍ അത് പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. ഈ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ആയരികണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യക്കാര്‍ക്ക് ഇത് പ്രതിസന്ധി സൃഷ്ടിക്കാനിടയുണ്ട്.
ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇസ്രായേലിന്റെ ആക്രമണം അന്താരാഷ്ട്ര ബന്ധങ്ങളുടെയും ആഗോള വ്യാപാരത്തിന്റെയും ഒട്ടേറെ തലങ്ങളെ ബാധിക്കാനിടയുണ്ട്. ഹ്രസ്വകാലത്തേക്ക് ആണെങ്കിലും പശ്ചിമേഷ്യയിൽ രൂക്ഷമായ സൈനിക സംഘർഷത്തിനുള്ള സാധ്യത ഇത് വർദ്ധിപ്പിക്കുന്നു. ഇറാൻ നേരിട്ടോ ലെബനൻ, സിറിയ, ഇറാഖ്, യെമൻ എന്നിവിടങ്ങളിലെ സഖ്യകക്ഷികൾ വഴിയോ തിരിച്ചടിച്ചാൽ, ഈ മേഖല നീണ്ടുനിൽക്കുന്ന അക്രമത്തിലേക്ക് നീങ്ങാനുളള സാധ്യതകളാണ് ഉളളത്.
India warns citizens against travel to Israel and Iran amid rising tensions.
Read DhanamOnline in English
Subscribe to Dhanam Magazine