

എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും ഉപയോക്താവിന്റെ സാറ്റലൈറ്റ് ലൊക്കേഷന്‍ ട്രാക്കിംഗ് എപ്പോഴും ആക്ടീവായിരിക്കുന്ന രീതിയില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. സഞ്ചാര്‍ സാഥി ആപ് വിവാദത്തില്‍ കേന്ദ്രം പിന്നോട്ടു പോയ സമയത്ത് തന്നെയാണ് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഇത്തരമൊരു പരിഷ്‌കാരത്തിന്റെ സാധ്യത സര്‍ക്കാര്‍ തേടുന്നതെന്നത് ശ്രദ്ധേയമാണ്.
ഇത്തരമൊരു നീക്കത്തോട് ആപ്പിള്‍, ഗൂഗിള്‍, സാസംഗ് തുടങ്ങിയ ടെക് കമ്പനികള്‍ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.
വിവിധ കേസുകളുടെ അന്വേഷണത്തിനായി ടെലികോം കമ്പനികളോട് രേഖാമൂലം ആവശ്യപ്പെട്ടാല്‍ ലഭിക്കുന്ന മൊബൈല്‍ ലൊക്കേഷന്‍ പോലും കൃത്യമല്ലെന്ന പരാതി സര്‍ക്കാരിനുണ്ട്. മൊബൈല്‍ സേവനദാതാക്കള്‍ നല്കുന്ന ലൊക്കേഷനുകള്‍ പലപ്പോഴും കൃത്യസ്ഥാനത്ത് നിന്ന് വളരെ അകലെയാണത്രേ. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായിട്ടാണ് സാറ്റലൈറ്റ് ലൊക്കേഷന്‍ ട്രാക്കിംഗ് എപ്പോഴും ആക്ടീവായിരിക്കുന്ന രീതിയിലേക്ക് മാറ്റുന്ന പരിഷ്‌കാരത്തിനായുള്ള ശിപാര്‍ശ.
റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും അംഗങ്ങളായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സി.ഒ.എ.ഐ) ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് അറിയിച്ച് സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളോട് സാറ്റലൈറ്റ് സിഗ്‌നലുകളും സെല്ലുലാര്‍ ഡേറ്റയും ഉപയോഗിക്കുന്ന എ-ജിപിഎസ് സാങ്കേതികവിദ്യ സജീവമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ മാത്രമേ കൃത്യമായ ഉപയോക്തൃ ലൊക്കേഷനുകള്‍ നല്‍കാന്‍ സാധിക്കൂവെന്നാണ് അവരുടെ വാദം.
മൊബൈല്‍ ഫോണുകളില്‍ ലൊക്കേഷന്‍ ട്രാക്കിംഗ് സംവിധാനം ഉപയോക്താക്കള്‍ക്ക് ഓഫാക്കാന്‍ കഴിയാത്ത രീതിയില്‍ ക്രമീകരിച്ചാല്‍ മാത്രമേ പൂര്‍ണതോതിലുള്ള ട്രാക്കിംഗ് സാധ്യമാകൂ. ഇത് നിര്‍ബന്ധമാക്കാരുതെന്ന് ആപ്പിളും ഗൂഗിളും സാംസംഗും സര്‍ക്കാരിനോട് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തൊരിടത്തും ഇത്തരത്തില്‍ മൊബൈല്‍ അധിഷ്ഠിത ട്രാക്കിംഗ് സംവിധാനം പൗരന്മാരെ നിരീക്ഷിക്കാന്‍ സ്ഥാപിച്ചിട്ടില്ലെന്ന് ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷന്‍ കേന്ദ്രത്തിന് ജൂലൈയില്‍ അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
ഈ വിഷയത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്‍ഡസ്ട്രി പ്രതിനിധികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗം റദ്ദാക്കിയിട്ടുണ്ട്. മറ്റൊരു വിവാദത്തിന് വഴിയൊരുക്കേണ്ടെന്ന കാരണത്താലാകും യോഗം മാറ്റിവച്ചതെന്നാണ് സൂചന. അതേസമയം, ഈ വിഷയത്തില്‍ കേന്ദ്ര ഐടി, ആഭ്യന്തര മന്ത്രാലയങ്ങള്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine