യുവാക്കൾ ചോദിക്കുന്നു, എവിടെ തൊഴിൽ?

ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥ ഏഴു ശതമാനം വാർഷിക വളർച്ച നേടിയാൽ പോലും അടുത്ത പതിറ്റാണ്ടിൽ ഇന്ത്യ നേരിടുന്ന വലിയ പ്രശ്നം എന്താണ്? ​പെരുകുന്ന തൊഴിലില്ലാപ്പടക്ക് മതിയായ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ്. മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്ന ധനമന്ത്രി നിർമല സീതാരാമൻ നേരിടുന്ന കടുത്ത വെല്ലുവിളിയും ഇതു തന്നെ. സിറ്റിഗ്രൂപ്പിന്റെ പുതിയ റിപ്പോർട്ടിൽ ഇക്കാര്യം അടിവരയിടുന്നു. ഈ മാസം 23നാണ് കേന്ദ്ര ബജറ്റ്.
പ്രതിവർഷം 1.20 കോടി തൊഴിൽ വീതം അടുത്ത പതിറ്റാണ്ടിൽ സൃഷ്ടിക്കാൻ ഇന്ത്യക്ക് കഴിയണമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. തൊഴിൽ വിപണിയിലേക്ക് പുതുതായി എത്തുന്നവരെ ഉൾക്കൊള്ളിക്കാൻ പ്രതിവർഷം ഇത്രയും തൊഴിലവസരങ്ങൾ സൃഷ്ടിച്ചേ തീരൂ. ഏഴു ശതമാനം വളർച്ച നേടാനും നിലനിർത്താനും കഴിഞ്ഞാൽ ഇന്ത്യയിൽ 90 ലക്ഷം വരെ തൊഴിലുകൾ സൃഷ്ടിക്കാൻ മാത്രമാണ് സാധിക്കുക.
​സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ ഗുണമേന്മയും പ്രധാനമാണ്. 45 ശതമാനം​ തൊഴിൽ ശക്തി ഇപ്പോഴും കാർഷിക മേഖലയിലാണ്. മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജി.ഡി.പി) 20 ശതമാനമാണ് കാർഷിക മേഖലയുടെ സംഭാവന. നിർമാണ മേഖല 11.4 ശതമാനം തൊഴിൽ സംഭാവന ചെയ്യുന്നുണ്ട്. എന്നാൽ കോവിഡ് കാലത്തെ മുരടിപ്പ് ഇനിയും പൂർണമായി ഈ മേഖല മാറ്റിയെടുത്തിട്ടില്ല. ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യങ്ങളുടെ മുൻനിരയിലുള്ള ഇന്ത്യക്ക് തൊഴിലവസരവും ഒപ്പം വൈദഗ്ധ്യവും വളർത്താൻ കഴിയണമെന്ന് സിറ്റി ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.
മാസശമ്പളം വാങ്ങുന്നത് അഞ്ചിൽ ഒരാൾ മാത്രം
കോവിഡിന് മുമ്പത്തെ സ്ഥിതിയിൽ നിന്ന് വ്യത്യസ്തമായി ഔപചാരിക തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ എണ്ണം കുറവാണ്. 25.7 ശതമാനം മാത്രം. 18 വർഷങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് സിറ്റി ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. മാസശമ്പളം പറ്റുന്ന വിഭാഗം ആകെ തൊഴിൽ ശക്തിയുടെ 21 ശതമാനം മാത്രം. കോവിഡിന് മുമ്പ് ഇത് 24 ശതമാനമായിരുന്നു. ഇന്ത്യയിലെ 58.2 കോടി വരുന്ന തൊഴിലാളികളിൽ പകുതിയിലേറെയും സ്വയം തൊഴിൽ ചെയ്യുന്നവരാണ്.
വർധിച്ച തൊഴിലില്ലായ്മ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ടു ചോർത്തിയെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് പുതിയ പഠന റിപ്പോർട്ട്. തൊഴിലില്ലായ്മയുടെ ഔദ്യോഗിക കണക്ക് 3.2 ശതമാനം മാത്രമാണ്. എന്നാൽ സ്വകാര്യ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കോണമിയുടെ കണക്കു പ്രകാരം മെയ് മാസത്തിൽ തൊഴിലില്ലായ്മ നിരക്ക് 9.2 ശതമാനമാണ്. 20-24 പ്രായക്കാരിൽ തൊഴിലില്ലായ്മ നിരക്ക് 40 ശതമാനം.
നിർമാണ മേഖലയി​ൽ കയറ്റുമതി വർധിപ്പിക്കുക, വിദേശ കമ്പനികളെ ആകർഷിക്കാൻ കുടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുക, സർക്കാർ സർവീസിലെ 10 ലക്ഷം വരുന്ന ഒഴിവുകൾ നികത്തുക തുടങ്ങി വിവിധ നിർദേശങ്ങളാണ് തൊഴിലില്ലായ്മ നേരിടാൻ സിറ്റി ഗ്രൂപ് മുന്നോട്ടു വെക്കുന്നത്.
വൻകിട വ്യവസായങ്ങളിൽ ആനുപാതിക തൊഴിലവസരം ഇല്ല​
തൊഴിൽ കേന്ദ്രീകൃത മേഖലകളിലേക്ക് മൂലധനം പുനർവിന്യസിക്കേണ്ടത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം പ്രധാനമാണെന്ന് അടുത്തയിടെ ധനകാര്യ കമ്മീഷൻ ചെയർമാൻ അരവിന്ദ് പനഗരിയ ചൂണ്ടിക്കാട്ടിയിരുന്നു. അധികം തൊഴിലവസരം നൽകാത്ത വ്യവസായങ്ങളിലാണ് അധികപങ്ക് മൂലധനവുമെന്ന് അദ്ദേഹം വിശദീകരിച്ചു. യന്ത്രനിർമാണം, ഔഷധ നിർമാണം, പെട്രോളിയം സംസ്കരണം തുടങ്ങിയ മേഖലകളിൽ വൻ നിക്ഷേപമുണ്ട്. പക്ഷേ അതിനൊത്ത് തൊഴിലാളികളെ ആവശ്യമില്ല. മുടക്കു മുതലി​ന് ആനുപാതികമായി തൊഴിൽ നൽകുന്ന വ്യവസായങ്ങൾ കൂടുതലായി ഉണ്ടാകണമെന്നും അതിന് സർക്കാർ മുൻഗണന നൽകണമെന്നും ​അദ്ദേഹം പറഞ്ഞു. ഒരാൾക്ക് ചെയ്യാവുന്ന പണി പലർ ചേർന്ന് എടുക്കുന്നത് തൊഴിൽ ശക്തിയുടെ ഉൽപാദന ക്ഷമത ചോർത്തും. വ്യക്തമായ സാമ്പത്തിക നയരേഖ മുന്നോട്ടു വെക്കുന്നതിലാണ് ബജറ്റിന്റെ മികവ് പ്രകടമാകേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Related Articles
Next Story
Videos
Share it